X

പോസ്‌കോ കേസുകളില്‍ തുടര്‍ നടപടികള്‍ നിരീക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: വാളയാറിലും കുണ്ടറയിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ലൈംഗിക കുറ്റങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന 2012 ലെ പോസ്‌കോ നിയമ പ്രകാരം റജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ തുടര്‍നടപടികള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്കും ജില്ലാ സാമൂഹിക നീതി ഓഫീസര്‍മാര്‍ക്കുമാണ് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ നിര്‍ദ്ദേശം നല്‍കിയത്.

പോസ്‌കോ നിയമപ്രകാരം തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ കുണ്ടറയിലെ പത്തു വയസുകാരി മരിക്കില്ലായിരുന്നെന്നും ഉത്തരവില്‍ പറയുന്നു. ഇത്തരം മരണങ്ങള്‍ സംഭവിക്കുമ്പോള്‍ ഫോറന്‍സിക് രേഖകള്‍ വിലയിരുത്താന്‍ പരിശീലനം ലഭിച്ച ഉദേ്യാഗസ്ഥരെ അതിവേഗം ഇടപെടുത്താന്‍ സംവിധാനമുണ്ടാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
കുണ്ടറ, വാളയാര്‍ കേസുകളില്‍ അനേ്വഷണത്തിന്റെ ആദ്യഘട്ടത്തിലുണ്ടായ പാളിച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനും പരിഹരിക്കാനും ഡി.ജി.പിയും ആഭ്യന്തര, സാമൂഹിക നീതി സെക്രട്ടറിമാരും നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. അരക്ഷിതാവസ്ഥയിലുള്ള കുട്ടികളെ ജാഗ്രതയോടെ സംരക്ഷിക്കാന്‍ അയല്‍ക്കൂട്ടങ്ങളും കുടുംബശ്രീ യൂണിറ്റുകളും ബഹുജനസംഘടനകളും തയാറാകണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. വാളയാര്‍, കുണ്ടറ സംഭവങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത് അരക്ഷിതാവസ്ഥയിലുള്ള പിഞ്ചുപെണ്‍കുട്ടികള്‍ നേരിടുന്ന അസ്വാഭാവിക ലൈംഗിക ചൂഷണങ്ങളാണെന്ന് ഉത്തരവില്‍ പറയുന്നു. നിരന്തരമായി തുടര്‍ന്ന ലൈംഗികാതിക്രമം തടയാന്‍ മാതാപിതാക്കളോ സ്‌കൂള്‍ അധികൃതരോ ശ്രദ്ധിച്ചിട്ടില്ല. കുട്ടികള്‍ മരിച്ചശേഷവും പ്രകൃതി വിരുദ്ധ ലൈംഗികചൂഷണ സാധ്യത, പ്രാഥമികാനേ്വഷണം നടത്തിയവര്‍ കാര്യമായെടുത്തിട്ടില്ല. ഇത് ക്രൈം റജിസ്റ്റര്‍ ചെയ്ത ഉദേ്യാഗസ്ഥര്‍ ശ്രദ്ധിക്കാത്തതാണോ അതോ മനഃപൂര്‍വം അവഗണിച്ചതാണോ എന്ന കാര്യം ഉന്നതതല അനേ്വഷണത്തിലൂടെയേ വ്യക്തമാവുകയുള്ളൂവെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. മാതാപിതാക്കള്‍ തമ്മിലുള്ള കടുത്ത അകല്‍ച്ചയും കുട്ടികളുടെ കാര്യത്തിലുള്ള അശ്രദ്ധയുമാണ് ക്രിമിനല്‍ ചിന്താഗതിയുള്ള നികൃഷ്ട വ്യക്തികള്‍ ചൂഷണം ചെയ്തത്. കുണ്ടറയിലെ അമ്മയും അമ്മാമ്മയും ക്രൂരതക്ക് ഒത്താശ ചെയ്തുകൊടുത്തതായി പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. വാളയാര്‍ കേസ് അനേ്വഷണത്തില്‍ ജാഗ്രത കുറവുണ്ടായിരുന്നതായി കമ്മീഷന്‍ പറഞ്ഞു. കമ്മീഷന്‍ സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്. പൊതുപ്രവര്‍ത്തകരായ പി.കെ രാജുവും മനോജ് ഭാസ്‌കറും ഇതു സംബന്ധിച്ച് നല്‍കിയ പരാതികളും പരിഗണിച്ചു.

chandrika: