X

വാരണാസിയില്‍ അടവ്മാറ്റി മഹാസഖ്യം; മോദിക്കെതിരേ പൊതുസ്ഥാനാര്‍ഥിയായി തേജ് ബഹ്ദൂര്‍

ലക്‌നൗ: വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അടവ്മാറ്റി മഹാസഖ്യം പൊതുസ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. സൈനിക വിഷയത്തില്‍ വൈറല്‍ വീഡിയോയിലൂടെ രാജ്യശ്രദ്ധേ നേടിയ മുന്‍ ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വാരാണസിയില്‍ മത്സരിക്കും. മോദിക്കെതിരെ വാരണാസിയില്‍നിന്നു മല്‍സരിക്കുന്ന ശാലിനി യാദവിനെ മാറ്റിയാണ് എസ്പിയുടെ പുതിയ പ്രഖ്യാപനം.

സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന തേജ് ബഹ്ദൂര്‍ പ്രതിപക്ഷ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായാണ് വാരണാസിയില്‍ ജനവിധി തേടുന്നത്.

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്കു സമീപം തണുത്തുറഞ്ഞ പര്‍വതപ്രദേശങ്ങളില്‍ സേവനം ചെയ്യുന്ന ബി.എസ്.എഫ്. ജവാന്മാര്‍ക്ക് നല്‍കുന്ന ഭക്ഷണം മോശമാണെന്ന് ഫെയ്സ്ബുക്ക് ലൈവിലൂടെ പരാതി ഉന്നയിച്ചതോടെയാണ് തേജ് ബഹാദൂര്‍ യാദവ് ശ്രദ്ധേയനായത്. എന്നാല്‍ യാദവിന്റെ പരാതി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി അദ്ദേഹത്തെ സേനയില്‍നിന്ന് പുറത്താക്കുകയായിരുന്നു.
‘അഴിമതി ഉന്നയിച്ചതിനാണ് എന്നെ പുറത്താക്കിയത്. സേനകളിലെ അഴിമതിയെ ഇല്ലായ്മ ചെയ്യുകയാണു തന്റെ കര്‍ത്തവ്യം’ – എസ്പിയുടെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

ബി.എസ്.എഫില്‍നിന്ന് പുറത്താക്കപ്പെട്ട തേജ് ബഹദൂര്‍ യാദവ് ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിക്കെതിരേ മത്സരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അദ്ദേഹം സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. മുന്‍ ജവാന്‍ മത്സരിക്കാന്‍ തയ്യാറായതോടെ വാരണാസി വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ഫേക് ചൗക്കിദാറിനെ നേരിടാന്‍ യഥാര്‍ത്ഥ ചൗക്കിദാര്‍ രംഗത്തെത്തിയെന്നാണ് സോഷ്യല്‍ മീഡിയ പ്രചാരണം. എസ്പി-ബിഎസ്പി സഖ്യത്തിന് പുറമെ ആര്‍എല്‍ഡിയും തേജ് ബഹദൂറിന് പിന്തുണ പ്രഖ്യാപിച്ചു്.

അതേസമയം കഴിഞ്ഞ തവണ മോദിയോടു പരാജയപ്പെട്ട അജയ് റായിയെ ആണ് ഇത്തവണയും വാരാണസിയില്‍ കോണ്‍ഗ്രസിന്റെ ഇവിടെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. എസപിയുടെ ശാലിനി സിംഗ് പിന്മാറിയതോടെ അജയ് റായിയെ പിന്‍ലിക്കാന്‍ കോണ്‍ഗ്രസ് തയാറാകുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്. അവസാന ഘട്ട പോളിങ് നടക്കുന്ന മേയ് 19നാണ് വാരാണസിയിലും തെരഞ്ഞെടുപ്പ് നടക്കുക. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ചയാണ്.

chandrika: