X

ഇന്ത്യന്‍ സാമ്പത്തികാവസ്ഥക്ക് അനിവാര്യമായ മൃതസഞ്ജീവനി പ്രദാനം ചെയ്യാന്‍ ബജറ്റിന് സാധിച്ചില്ല: എം.പി അബ്ദുസ്സമദ് സമദാനി

കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്ന ‘അമൃതകാല’ത്ത്, മഹാമാരിയുടെ ആഘാതത്തിലും മറ്റും തകര്‍ന്ന ഇന്ത്യന്‍ സാമ്പത്തികാവസ്ഥക്ക് അനിവാര്യമായ മൃതസഞ്ജീവനി പ്രദാനം ചെയ്യാന്‍ ബജറ്റിന് സാധിക്കാതെ പോയെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോകസഭയില്‍ ബജറ്റ് ചര്‍ച്ചാവേളയില്‍ പറഞ്ഞു. തകര്‍ന്നടിഞ്ഞ സമ്പദ്ഘടനയെ രക്ഷപെടുത്താനുതകുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നില്ലെന്നു മാത്രമല്ല, രാജ്യത്തിന്റെ ചുട്ടുപൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ അത് കണ്ണടക്കുകയാണ് ചെയ്യുന്നത്. ‘കാണാന്‍ ഏറെ സുന്ദരം എന്നാല്‍ അതുപോലെ തന്നെ കൂറില്ലാത്തതും’ എന്ന് ഹിന്ദികവി പറഞ്ഞത് പോലെയാണ് ബജറ്റിന്റെ അവസ്ഥയെന്നു സമദാനി പറഞ്ഞു .

‘ആത്മനിര്‍ഭര്‍’ എന്ന സര്‍ക്കാര്‍ മുദ്രാവാക്യം ബജറ്റിലും ആവര്‍ത്തിച്ചു പരാമര്‍ശിക്കുന്നുണ്ട് സ്വാശ്രയത്വവും സ്വയംപര്യാപ്തതയുമാണ് ഇതിലൂടെ ഉദ്ദേശിക്കപ്പെടുന്നതെങ്കില്‍, ഇന്ത്യന്‍ ജനതയെ ഒന്നിച്ചു കണ്ടും അവരിലെ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെ പരിഗണിച്ചുമാണ് സര്‍ക്കാര്‍ മുന്നോട്ടു പോകേണ്ടത്. എന്നാല്‍ ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളെയും ദരിദ്രരെയും കര്‍ഷകരെയും തൊഴിലാളികളെയും ഗ്രാമീണ ജനങ്ങളെയും സര്‍ക്കാര്‍ അവഗണിക്കുകയാണ്. ‘ആത്മനിര്‍ഭരത’ യെ പറ്റി പറയുമ്പോള്‍ ‘ഓം സഹനാ വവതു’ എന്ന മന്ത്രവും ഓര്‍ക്കണം. നാം ഒന്നിച്ചു രക്ഷിക്കപ്പെടട്ടെ, സംരക്ഷിക്കപ്പെടട്ടെ, സഹായിക്കപ്പെടട്ടെ എന്ന ആശയത്തെയാണ് ഈ പ്രമാണം ഓര്‍മിപ്പിക്കുന്നത്. ആരെയും പുറത്ത് നിര്‍ത്തിയല്ല, എല്ലാവരെയും ഉള്‍കൊണ്ടു കൊണ്ടേ അത് സാധ്യമാകുകയുള്ളൂ. സ്വാതന്ത്യസമരകാലം മുതല്‍ ഇന്ത്യ സീകരിച്ചു പോന്ന സ്വരാജ്, സ്വദേശി ആശയങ്ങള്‍ സ്വയംപര്യാപ്തതയെയും സ്വാശ്രയത്വത്തെയുമാണ് അര്‍ത്ഥമാക്കിയത് എന്ന് ഓര്‍ക്കണം. ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളെ തീര്‍ത്തും അവഗണിച്ച ബജറ്റ് സാമൂഹിക നീതി പുലര്‍ത്തുന്നതല്ല. അത് തിരുത്തി അവരുടെ സുരക്ഷക്കും ഉന്നമനത്തിനും അനിവാര്യമായ നടപടി സ്വീകരിക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.

അടുത്ത കാലത്തായി പല സന്ദര്‍ഭങ്ങളിലും സര്‍ക്കാര്‍ നേതാജി സുഭാഷ് ചന്ദ്രബോസിനെ പറ്റി പറയുന്നുണ്ട് . ബജറ്റ് പ്രസംഗത്തിലും നേതാജി പരാമര്‍ശിക്കപെടുകയുണ്ടായി. എന്നാല്‍ നേതാജി അടക്കമുള്ളവരുടെ ദേശസ്‌നേഹം മതേതരത്വത്തിലും സാര്‍വ്വലൗകികതയിലും ഭരണഘടനാ പരതയിലും അധിഷ്ഠിതമായിരുന്നു വെന്ന് ഓര്‍ക്കണം. തൊഴിലിനെ സമ്പത്ത് ഘടനയുമായി ബന്ധിപ്പിക്കാനാണ് താന്‍ ആവശ്യപെടുന്നതെന്നാണ് നേതാജി പറയുകയുണ്ടായത്. നേതാജിയുടെ പ്രസ്താവന ഉദ്ധരിച്ചു കൊണ്ട് സമദാനി പറഞ്ഞു.

ഇന്ന് രാജ്യത്ത് നാലിലൊന്നു യുവാക്കള്‍ തൊഴില്‍ രഹിതരാണ്. ദേശീയ വരുമാനത്തിന്റെ 57 ശതമാനം ജനസംഖ്യയുടെ പത്തു ശതമാനം വരുന്ന ഏതാനും പേരുടെ കൈകളിലാണെത്തിച്ചേരുന്നത്. ഏറ്റവും ദരിദ്രരായവരുടെ വാര്‍ഷിക വരുമാനത്തില്‍ 52 ശതമാനവും താഴെ തട്ടിലുള്ള ഇടത്തരക്കാരുടെ വരുമാനത്തില്‍ 32 ശതമാനവും ഇടിവാണ് വന്നിരിക്കുന്നത്. ആകെ നൂറ്റിപതിനാറ് രാജ്യങ്ങളുള്ള ലോകത്തെ ദരിദ്ര രാജ്യങ്ങളുടെ പട്ടികയില്‍ നൂറ്റിനാലാം സ്ഥാനത്തു ഇന്ത്യ സ്ഥാനം പിടിക്കുകയും ചെയ്തു. ഈ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ ബജറ്റ് കണ്ണടക്കുകയാണ്. ‘കണ്ണുകള്‍ അടച്ചു പിടിച്ചാല്‍ പകലും രാത്രിയായിരിക്കും, അതില്‍ സൂര്യനെന്തു പിഴച്ചു?’ ഹിന്ദി കവിത ഉദ്ധരിച്ചു കൊണ്ട് സമദാനി ചോദിച്ചു. രാജ്യത്തെ 800 മില്യണ്‍ ജനങ്ങള്‍ക്ക് ആഹാരം നല്കുന്നുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇത്രയേറെ വരുന്ന പൗര സമൂഹത്തിനു സര്‍ക്കാര്‍ അന്നം നല്‍കേണ്ടി വരുന്നതെന്തുകൊണ്ടാണന്ന് സമദാനി ചോദിച്ചു. പോഷകാഹാരത്തിന്റെ ആവശ്യം നിറവേറ്റാന്‍ അവര്‍ക്ക് കഴിയാതെ പോകുന്നത് കൊണ്ടാണത്. ഗ്രാമീണ ദരിദ്രരെയും കര്‍ഷകരെയും സര്‍ക്കാര്‍ പരിഗണിക്കുന്നേയില്ല.സൗജന്യ റേഷന്‍ കൊണ്ട് ഗ്രാമീണ ജനതക്ക് വിശപ്പടക്കാന്‍ സാധിച്ചാലും അത് അവരുടെ പോഷകാഹാര ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായകമാവുകയില്ല.

ഡിജിറ്റല്‍ കണക്ഷന്‍ വര്‍ദ്ധിപ്പിക്കുന്നതും ഡിജിറ്റല്‍ സര്‍വ്വകലാശാല തുടങ്ങുന്നതുമൊക്കെ നല്ലത് തന്നെ, എന്നാല്‍ അതിന് മുമ്പേ പരിഗണിക്കപ്പെടേണ്ട സാമ്പത്തിക മുന്‍ഗണനാക്രമത്തിലെ ഇനങ്ങളുണ്ട്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് നികത്തിയിട്ടാണ് ‘ഡിജിറ്റല്‍ വിടവ്’ നികത്തേണ്ടത്. ‘എല്ലാം എല്ലാവര്‍ക്കും’ എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹികനീതിയും സാമ്പത്തിക നീതിയുമാണ് രാജ്യത്തിന് അനിവാര്യമായിട്ടുള്ളത്. സാധാരണക്കാരന്റെ ആളോഹരി വരുമാനവും വീട്ടുകാരുടെ വരുമാനവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന നടപടികളാണ് അതിനു വേണ്ടത്. രാജ്യത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ നേര്‍ക്കുനേരെ കാണിക്കുകയാണ് പ്രതിപക്ഷ ദൗത്യം. ‘നാം കറുപ്പിന്റെ ശത്രുക്കളല്ല, വെളുപ്പിന്റെ ശത്രുക്കളുമല്ല; കണ്ണാടി കാണിക്കുകയാണ് നമ്മുടെ ജോലി, നാം അതു ചെയ്തു കൊണ്ടിരിക്കുന്നു” കവിത ഉദ്ധരിച്ചു കൊണ്ടു സമദാനി പറഞ്ഞു.

web desk 3: