ലക്‌നോ: ബുലന്ദ്ശഹറില്‍ ഗോവധം നടന്നുവെന്ന് ആരോപിച്ച് ബജ്‌റംഗ്ദള്‍ നല്‍കിയ പരാതിയില്‍ യു.പി പൊലീസ് കുട്ടികള്‍ക്കെതിരെ കേസെടുത്തത് വിവാദത്തില്‍. പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള രണ്ട് മുസ്‌ലിം കുട്ടികളെ നാല് മണിക്കൂറോളമാണ് പ്രതികളെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവെച്ചത്. ബുലന്ദ്ശഹറിലെ സംഭവങ്ങളില്‍ രണ്ട് വ്യത്യസ്ത കേസുകളാണ് പൊലീസ് എടുത്തത്. ഒന്ന് ബജ്‌റംഗ്ദളിന്റെ ഗോവധ ആരോപണത്തിലും മറ്റൊന്ന് തുടര്‍ന്നുണ്ടായ അക്രമങ്ങളിലുമാണ്. എന്നാല്‍ ഗോവധം നടന്നുവെന്ന പരാതിയില്‍ പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള കുട്ടികളെയാണ് യു.പി പൊലീസ് പ്രതി ചേര്‍ത്തത്. ഇവരെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തുകയും നാല് മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയക്കുകയുമായിരുന്നു. അക്രമങ്ങളിലും പൊലീസുകാരന്റെ കൊലപാതകത്തിലും ഒന്നാം പ്രതിയായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ യോഗേഷ് രാജാണ് ഗോവധം നടന്നുവെന്ന പരാതി നല്‍കിയത്. മുസ്‌ലിം കുട്ടികള്‍ക്ക് പുറമെ പ്രതിചേര്‍ത്ത ഏഴ് പേരില്‍ പലരും സംഭവവുമായി ബന്ധമില്ലാത്തവരാണെന്ന് വ്യക്തമായിട്ടുണ്ട്.
സംഭവദിവസം ഗ്രാമത്തില്‍പോലും ഇല്ലാത്ത കുട്ടികളെയാണ് പൊലീസ് പ്രതികളാക്കിയിരിക്കുന്നത്. കലാപ സമയത്ത് നാട്ടിലുണ്ടായിരുന്നില്ലെന്ന് കുട്ടികളില്‍ ഒരാളുടെ പിതാവ് അറിയിച്ചു. പൊലീസ് വീട്ടിലെത്തി സ്‌റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. നാലു മണിക്കൂര്‍ സ്‌റ്റേഷനില്‍ പിടിച്ചു നിര്‍ത്തി.
കുട്ടികളുടെ പേരുകളും തന്റെ ഫോണ്‍ നമ്പറും എഴുതിവാങ്ങിയെന്നും പിതാവ് പറഞ്ഞു. ഇവരില്‍ ഒരാള്‍ ഹരിയാനയിലെ ഫരീദാബാദിലാണ് താമസം. 10 വര്‍ഷമായി ഇവര്‍ നാട്ടിലേക്ക് വന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം കുട്ടികളെ എങ്ങനെയാണ് പ്രതിചേര്‍ത്തതെന്ന ചോദ്യങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് പൊലീസ് കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല. കൊലപാതകത്തിനും കലാപമുണ്ടാക്കിയതിനും അടക്കം ബജ്‌റംഗ്ദള്‍ ജില്ലാ കണ്‍വീനര്‍ യോഗേഷ് രാജ് അടക്കം 27 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.
തിരിച്ചറിഞ്ഞിട്ടില്ലാത്ത അറുപതോളം പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. നാലുപേര്‍ ഇതിനകം അറസ്റ്റിലായി. യോഗേഷ് രാജിനെ ഇതുവരെ പിടികൂടാനായിട്ടില്ല.