X

ബുള്‍ഡോ-സര്‍ദാര്‍ജി (പ്രതിഛായ)

ഇന്ത്യാരാജ്യത്ത് മത ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ നടക്കുന്ന അതിക്രമങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. നിത്യം പോയിട്ട് ഓരോ നിമിഷവും കൊലയായും അവരുടെ വാസസ്ഥലങ്ങളുടെയും തൊഴിലിന്റെയും നേര്‍ക്കുള്ള കയ്യേറ്റമായുമൊക്കെ അത് അനസ്യൂതം തുടരുന്നു. ഡല്‍ഹിയില്‍ അധികാരികളുടെ മൂക്കിന്‍ തുമ്പത്താണ് കഴിഞ്ഞയാഴ്ച ബി.ജെ.പി ഭരിക്കുന്ന വടക്കന്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ മുസ്്‌ലിംകളുടെ വീടുകള്‍ക്കും പള്ളിക്കും കടകള്‍ക്കുമൊക്കെ നേരെ ബുള്‍ഡോസറുകളുമായി എത്തിയത്. പത്തോളം സംസ്ഥാനങ്ങളിലും രാമനവമിയാഘോഷത്തിന്റെ ഭാഗമായി മുസ്്‌ലിംകള്‍ക്കുനേരെ സര്‍ക്കാരുകളുടെ സഹായത്തോടെ അതിക്രമമുണ്ടായി. മുസ്്‌ലിംകളെ ഉന്മൂലനം ചെയ്യണമെന്ന് ഹിന്ദുമത സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടി ബി.ജെ.പി സന്യാസിമാര്‍ കാഹളം മുഴക്കുന്നു. സുപ്രീംകോടതി പോലും താക്കീതുകളുമായി മുസ്്‌ലിംകളുടെ രക്ഷക്കെത്തുമ്പോള്‍ ലക്ഷക്കണക്കിന് രൂപ പൊതുജനങ്ങളുടെ നികുതിപ്പണം പറ്റി ശീതളക്കസേരകളില്‍ വാഴുന്നവരുണ്ട്. അവരിലൊരാളാണ് ഇഖ്ബാല്‍സിംഗ് ലാല്‍പുര എന്ന 76കാരന്‍. പേരുകേട്ട് സിഖുകാരനാണെങ്കിലും ബി.ജെ.പിയുടെ അരികുപറ്റി കാര്യം നേടലാണ് പ്രധാന ജോലി. പഞ്ചാബിലെ മറ്റൊരു അബ്ദുല്ലക്കുട്ടിയാണ് കക്ഷി. ടിയാന്റെ സ്ഥാനപ്പദവികേട്ടാല്‍ അത്ഭുതപ്പെടും. ഭരണഘടനയും പാര്‍ലമെന്റ് പാസാക്കിയ നിയമവും പ്രകാരം കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ചെയര്‍മാന്‍. മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് യാതൊന്നും പറഞ്ഞില്ലെങ്കിലും കുഴപ്പമില്ലായിരുന്നു. പക്ഷേ കഴിഞ്ഞദിവസം വാ തുറന്നതാകട്ടെ, ബുള്‍ഡോസര്‍രാജ് തെറ്റല്ലെന്ന് പറയാനായിരുന്നു! ‘നവീകരണത്തിനുവേണ്ടി ഇടിച്ചുനിരത്തുന്നത് തെറ്റല്ല. അതില്‍ കമ്മീഷന്‍ ഇടപെടില്ല.’ കാവി സര്‍ദാര്‍ജി പറഞ്ഞതിങ്ങനെ. അതല്ലാതെ മറ്റെന്തെങ്കിലും ബി.ജെ.പിയിലെ ഏമാന്മാര്‍ പറഞ്ഞതിനപ്പുറം പറഞ്ഞാലത്തെ സ്ഥിതിയോര്‍ത്തുകാണും. ഏതായാലും കേന്ദ്ര സര്‍ക്കാരിന്റെ ചുവടുപിടിച്ച് പക്ഷേ ലൗ ജിഹാദ് ഇല്ലെന്നങ്ങ് പറയാനും ഇഖ്ബാല്‍സിംഗ് തയ്യാറായി.

1980കളിലെ സിഖ് കലാപകാലത്ത് പഞ്ചാബിലെ ഐ. പി.എസ് ഓഫീസറായിരുന്നു. ഖലിസ്ഥാന്‍ ഭീകര നേതാവ് ബിന്ദ്രന്‍വാലയെ അറസ്റ്റുചെയ്തവരിലൊരാളാണ് ഇഖ്ബാല്‍സിംഗ്. എസ്.പിയായി, ഡി.ഐ.ജിയായാണ് വിരമിച്ചത്. വിരമിച്ചയുടന്‍ 2012ലാണ് ബി.ജെ.പിയില്‍ചേര്‍ന്നത്. പെന്‍ഷന്‍ വാങ്ങി വീട്ടില്‍ ചടഞ്ഞുകൂടുന്നതിലും ഭേദമല്ലേ ഇതെന്ന് കരുതിക്കാണും. വൈകാതെ പൊലീസ് കേസുകളിലും മറ്റും ബി.ജെ.പിയുടെ ചാനല്‍ മുഖമായി, ദേശീയവക്താവും. ഇതോടെ വൈകിയാണെങ്കിലും കഴിഞ്ഞ സെപ്തംബറില്‍ ബി.ജെ.പിക്ക് സിംഗിനൊരു ലാവണം കൊടുക്കാനായി. അതാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പദവി. രാജ്യത്തെ പ്രധാന ന്യൂനപക്ഷങ്ങള്‍ക്കൊന്നും കിട്ടാത്ത പദവി. അപ്പോള്‍ പിന്നെ കാവിപ്പാര്‍ട്ടിയെ താങ്ങുകയും മുസ്‌ലിംകളായ ഇരകളെ തള്ളിപ്പറയുകയും പ്രതീക്ഷിതം. പഞ്ചാബിലെ റോപാര്‍ സ്വദേശിയായ ഇഖ്ബാല്‍സിംഗ് പ്രമാദമായ കര്‍ഷക പ്രക്ഷോഭ കാലത്ത് സ്വന്തം നാടിനെയും കര്‍ഷകരെയും സമുദായത്തെയും വഞ്ചിച്ചാണ് ബി.ജെ.പിയുടെ വക്താവായത്. ഇതിന് ടിയാന് പല സ്ഥലങ്ങളിലും വലിയ പ്രതിഷേധം നേരിടേണ്ടിയുംവന്നു. പ്രധാനമന്ത്രിയെവരെ പഞ്ചാബില്‍ തടഞ്ഞവര്‍ക്ക് ഇഖ്ബാല്‍ സിംഗൊക്കെ എന്ത്! രൂപ്‌നഗര്‍ നിയമസഭാസീറ്റില്‍ മല്‍സരിക്കാനായി രണ്ടു മാസത്തിനുശേഷം ഡിസംബറില്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചെങ്കിലും നാലാം സ്ഥാനത്തോടെ തോറ്റ് തുന്നം പാടി. ഇതോടെയാണ് ഏപ്രില്‍ 13ന് ലാവണത്തില്‍ തിരികെയെത്തിയത്. സിഖ് തത്വശാസ്ത്രത്തിലുള്‍പ്പെടെ ഡസനോളം പുസ്തകങ്ങളെഴുതിയിട്ടുണ്ട് കക്ഷി. ഏതായാലും കേരളത്തിലെ ക്രൈസ്തവര്‍ക്ക് പരാതികളുണ്ടെങ്കില്‍ കമ്മീഷന്‍ ഇടപെടുമെന്നും ഇതിനായി കേരളത്തിലെത്തുമെന്നുമൊക്കെ തട്ടിവിട്ടിരിക്കുകയാണ് ഇഖ്ബാല്‍സിംഗ് ലാല്‍പുര. ഏക സിവില്‍ കോഡിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും സിംഗ് അറിയിച്ചിട്ടുണ്ട്!

web desk 3: