X

കത്തുന്ന തെരുവുകള്‍-അസ്‌ലം കണ്ണത്ത്

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതി പല സംസ്ഥാനങ്ങളിലും ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടങ്ങിയ യുവജന പ്രതിഷേധം അക്രമാസക്തമാകുകയും ട്രെയിനുകള്‍ കത്തിക്കുന്നത് ഉള്‍പ്പെടെയുള്ള ഗുരുതര പ്രശ്‌നങ്ങളിലേക്ക് എത്തുകയും ചെയ്തിരിക്കുന്നു. ഓഫറുകള്‍ പ്രഖ്യാപിച്ച് അഗ്‌നിപഥ് പദ്ധതിക്കെതിരായ ജനരോഷം തണുപ്പിക്കാനുള്ള കേന്ദ്രത്തിന്റെ അടവുനയം ഫലം കണ്ടില്ല. പദ്ധതി പൂര്‍ണമായി പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ പ്രതിഷേധക്കാര്‍ ഉറച്ചുനില്‍ക്കുന്നതാണ് കേന്ദ്രത്തിന് തിരിച്ചടിയായത്. പ്രതിഷേധം എല്ലാ നിയന്ത്രണങ്ങളും വിട്ട് രാജ്യമാകെ പടരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ചില ഇളവുകള്‍ മുന്നോട്ടു വച്ചത്. നിയമനത്തിനുള്ള ഉയര്‍ന്ന പ്രായ പരിധിയില്‍ മൂന്നു വര്‍ഷംകൂടി പ്രത്യേക ഇളവ്, അഗ്‌നീവറായി സേവനം ചെയ്ത് നാലു വര്‍ഷത്തിനുശേഷം പുറത്തുപോകേണ്ടി വരുന്നവരില്‍ 10 ശതമാനത്തിന് ആഭ്യന്തര വകുപ്പിലും 10 ശതമാനത്തിന് പ്രതിരോധ വകുപ്പിലും നിയമന സംവരണം തുടങ്ങിയ ഇളവുകളാണ് കേന്ദ്രം മുന്നോട്ടുവച്ചത്.

എന്നാല്‍ ഇത് സമരക്കാര്‍ തള്ളി. രാജ്യമെങ്ങും കലാപക്കൊടി വിതച്ചാണ് അഗ്‌നിപഥിനെതിരായ പ്രതിഷേധം തുടരുന്നത്. ബിഹാറും യു.പിയും അടക്കം എട്ട് സംസ്ഥാനങ്ങളിലെല്ലാം അക്ര മാസക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറി. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രതിഷേധങ്ങളാണ് ബിഹാറില്‍ അരങ്ങേറുന്നത്. സംസ്ഥാനം മുഴുവന്‍ കലാപ ഭൂമിയായി മാറിയിരിക്കുകയാണ്. പ്രതിഷേധക്കാരുടെ കല്ലേറില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ട്രെയിനുകള്‍ക്കും റെയില്‍വേ സ്റ്റേഷനുകള്‍ക്കും പൊലീസ് സ്റ്റേഷനുകള്‍ക്കു നേരെയും ആക്രമണമുണ്ടായി. നിരവധി പൊലീസ് വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

വടക്കു കിഴക്കന്‍, ദക്ഷി ണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം പടരുന്നുണ്ട്. കേരളത്തിലും അഗ്‌നിപഥ്പ്രതിഷേധം അലയടിച്ചു. തിരുവനന്തപുരത്ത് രാജ്ഭവനിലേക്കും കോഴിക്കോട്ട് റെയില്‍വേസ്റ്റേഷനിലേക്കും ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
കര, നാവിക, വ്യോമ സേനകളില്‍ ഓഫിസര്‍ റാങ്കിനു താഴെയുള്ള തസ്തികകളിലേക്കു നാലു വര്‍ഷത്തേക്കു നിയമനം നല്‍കുന്നതിനുള്ള പദ്ധതിയാണ് അഗ്‌നിപഥ്. എന്നാല്‍, ചെലവുചുരുക്കലിന്റെ പേരില്‍ കടുത്ത നടപടിക്കാണു സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നതെന്നാണ് ആരോപണം. പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന ചെറുപ്പക്കാര്‍ ഉന്നയിക്കുന്ന ആശങ്ക സൈന്യത്തില്‍ ഓഫിസര്‍ റാങ്കിനു താഴെ 15 വര്‍ഷത്തേക്കു സ്ഥിര നിയമനം ലഭിക്കുന്നവരുടെ എണ്ണം നാലിലൊന്നായി ചുരുങ്ങും. സര്‍ക്കാര്‍ ജോലിയില്‍നിന്നു ലഭിക്കുന്ന ജീവിതഭദ്രതയാണ് ഇതിലൂടെ വലിയൊരു വിഭാഗത്തിനു കിട്ടാതെ വരുന്നത്. റെയില്‍വേയില്‍ സാങ്കേതികമല്ലാത്ത ജോലികളിലേക്കുള്ള റിക്രൂട്‌മെന്റില്‍ ക്രമക്കേട് ആരോപിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചെറുപ്പക്കാര്‍ പ്രക്ഷോഭം നടത്തിയത് ഏതാനും മാസം മുന്‍പാണ്. റെയില്‍വേയില്‍ 35,281 ഒഴിവുകളിലേക്കു ലഭിച്ചത് 1.25 കോടി അപേക്ഷകള്‍. പഠന സൗകര്യങ്ങള്‍ മെച്ചപ്പെട്ടതോടെ രാജ്യത്ത് അഭ്യസ്തവിദ്യരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, അതിന് ആനുപാതികമായി തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നില്ല. കോവിഡ് പ്രതിസന്ധിയില്‍ കൂടുതല്‍ തൊഴില്‍ നഷ്ടം സംഭവിച്ചിട്ടുമുണ്ട്. കഴിഞ്ഞ നാലു ദശകത്തിലെ ഏറ്റവും കടുത്ത തൊഴിലില്ലായ്മയാണു രാജ്യം ഇപ്പോള്‍ നേരിടുന്നത്. തൊഴില്‍ ചെയ്യാന്‍ തക്ക ആരോഗ്യവും വിദ്യാഭ്യാസവുമുണ്ടായിട്ടും തൊഴിലില്ലാത്ത 53 കോടി പേരാണു രാജ്യത്തുള്ളത്. ഇതില്‍ത്തന്നെ 80 ലക്ഷം പേരെങ്കിലും സ്ത്രീകളാണ്. അഗ്‌നിപഥ് പദ്ധതിക്കെതിരെ ഉദ്യോഗാര്‍ഥികള്‍ ഉയര്‍ത്തുന്ന പ്രതിഷേധത്തെ ഈ പശ്ചാത്തലത്തില്‍കൂടി പരിശോധിക്കാവുന്നതാണ്.

ആയുധ പരിശീലനം നേടിയ തൊഴില്‍രഹിതരെ സൃഷ്ടിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആശങ്ക പോലും ഉന്നയിക്കപ്പെടുന്നുണ്ട്. രാജ്യത്തെ ഒന്നാം സ്ഥാനത്തുനിര്‍ത്തി മുന്നോട്ടുപോകുന്ന യുവജനങ്ങളുള്ളപ്പോള്‍ ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യയെ തടയാനാവില്ലെന്നാണു കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. പക്ഷേ, അതിനുള്ള മനോഭാവം യുവജന ങ്ങള്‍ക്കുണ്ടാകണമെങ്കില്‍ സുസ്ഥിര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ക്രിയാത്മകമായ പദ്ധതികളുണ്ടാവണം.

റാലികള്‍ക്കെത്തുന്ന ചെറുപ്പക്കാരുടെ എണ്ണം എത്ര വലുതാണെന്നു നമുക്കറിയാം. കഠിനമായ ശാരീരികക്ഷമതാ പരിശോധനയും എഴുത്തുപരീക്ഷയും കടന്നെത്തുന്ന ചെറുപ്പക്കാര്‍ക്ക് 15 വര്‍ഷത്തെ സ്ഥിരനിയമനമാണു ലഭിച്ചുപോന്നത്. പിരിയുമ്പോള്‍ പെന്‍ഷന്‍ ഉള്‍പ്പെടെ വിമുക്ത ഭടന്മാര്‍ക്കുള്ള മറ്റ് ആനുകൂല്യങ്ങളും കിട്ടുമായിരുന്നു. കഠിനമായ ആ റിക്രൂട്‌മെന്റ് മാനദണ്ഡങ്ങള്‍ അഗ്‌നിപഥിലും അതേപടി ബാധകമാണ്. പക്ഷേ, നിയമനം നേടുന്നവരില്‍ 75 ശതമാനവും നാലു വര്‍ഷം കഴിയുമ്പോള്‍ സൈന്യത്തിനു പുറത്താകും. അവിശ്വസനീയവും നീതീകരിക്കാനാകാത്തതുമാണിത്. പുറന്തള്ളപ്പെടുന്ന, 25 വയസ്സുമാത്രമുള്ള ചെറുപ്പക്കാരുടെ പരാജയബോധം എത്ര വലുതായിരിക്കും? ‘വലിയ സ്വപ്‌നങ്ങള്‍ കാണുക എന്നായിരുന്നു ഡോ. എ.പി.ജെ അബ്ദുല്‍ കലാം ചെറുപ്പക്കാരോട് എപ്പോഴും പറഞ്ഞിരുന്നത്. എന്നാല്‍, ഇവിടെ ചെറുപ്പക്കാരുടെ സ്വപ്‌നങ്ങളെ ചെറുതാക്കുന്ന, മുളയിലേ നുള്ളുന്ന, അവരുടെ ആത്മവിശ്വാസത്തെ താറുമാറാക്കുന്ന പദ്ധതി സര്‍ക്കാര്‍ തന്നെ കൊണ്ടുവന്നിരിക്കുന്നു. സാമ്പത്തികമായ നഷ്ടപരിഹാരങ്ങള്‍ ആത്മാഭിമാനത്തിന് പകരമാകില്ലല്ലോ.

Chandrika Web: