X

ലക്ഷ്യം മതിലുകളില്ലാത്ത മനസുകള്‍

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ / കെ.പി ജലീല്‍

മനുഷ്യശരീരത്തില്‍ ഒരവയവമുണ്ട്. അതു നന്നായാല്‍ മനുഷ്യന്‍ മൊത്തം നന്നായി. അത് കേടായാല്‍ മൊത്തം കേടുമായി. ഹൃദയമാണത് (മുഹമ്മദ്‌നബി സ.) മനുഷ്യര്‍ തമ്മില്‍ പരസ്പര സഹകരണത്തോടെയും സ്‌നേഹസഹവാസത്തോടെയും കഴിയുന്നതിനാണ് ദൈവം നിശ്ചയിച്ചതും കല്‍പിച്ചതും. അതിന് ഇന്ന് കുറച്ചൊക്കെ കോട്ടം തട്ടിയിരിക്കുന്നു. അതിനെ കൂട്ടിയോജിപ്പിക്കുന്ന മഹത്ദൗത്യമാണ് കേരളത്തിന്റെ മതേതര തേരാളി ഏറ്റെടുത്തിരിക്കുന്നത്. കേരളവും രാജ്യവും അതിലെ സമാധാനകാംക്ഷികളെല്ലാവരും അത്യാദരങ്ങളോടെ കാണുന്ന പാണക്കാട് തറവാട്ടിലെ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ജൂണ്‍ രണ്ടിനാരംഭിച്ച സര്‍വ സമുദായ മൈത്രീസംഗമങ്ങള്‍ ഒരു ഡസന്‍ ജില്ലകള്‍ പിന്നിട്ടിരിക്കുകയാണ്. ഈഅവസരത്തില്‍ മതസൗഹാര്‍ദ സംഗമനായകന്‍ ‘ചന്ദ്രിക’യുമായി സംസാരിച്ചപ്പോള്‍.

?എന്താണ് ഇത്തരമൊരു ഉന്നമനത്തിനുണ്ടായ സാഹചര്യം. വിശദീകരിക്കാമോ

= കഴിഞ്ഞ കുറച്ചുകാലമായി നമ്മുടെനാട്ടിലും വിവിധ സമുദായങ്ങള്‍ക്കിടയിലും പൊതുസമൂഹത്തിലും വലിയതോതിലുള്ള സംശയങ്ങളും അകല്‍ച്ചയും രൂപപ്പെട്ടിരിക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങളെന്ന്കരുതി തള്ളിക്കളയാനാകാത്തവിധം രാക്ഷസ രൂപം പൂണ്ടു വരികയാണ് വര്‍ഗീയ ചിന്തകളും തദനുസൃതമായ ചിലരുടെ പ്രവൃത്തികളും. ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസം അതിനില്ല. എല്ലാം തിരിച്ചറിഞ്ഞ് മനസ്സിലാക്കുമെന്ന് കരുതിയവരുടെ ഭാഗത്തുനിന്നുതന്നെ വലിയ സംശയങ്ങളും ആരോപണങ്ങളും ആക്ഷേപങ്ങളും കേള്‍ക്കേണ്ടിവന്നു. അപ്പോള്‍ ഇതിന് എത്രയും വേഗം തടയിടേണ്ടത് അനിവാര്യമാണെന്ന് കരുതി. അതിന്റെ ഭാഗമാണ് അതിനനുസൃതമായ ചിന്തയും ജില്ലാതല പര്യടനങ്ങളും സംഗമങ്ങളും. മുസ്്‌ലിംലീഗിന്റെ പാരമ്പര്യംതന്നെ കൂട്ടിയോജിപ്പിക്കലിന്റേതാണ്. മനുഷ്യര്‍ക്കെല്ലാമായി ഇസ്്‌ലാം പഠിപ്പിച്ചുതന്നതാണത്. ഭിന്നിപ്പിക്കുന്നവര്‍ക്ക് നരകവും കൂട്ടിയോജിപ്പിക്കുന്നവര്‍ക്ക് സ്വര്‍ഗവും അല്ലാഹു വാഗ്ദാനംചെയ്തിട്ടുണ്ടല്ലോ.

? പാരമ്പര്യം എന്നു പറഞ്ഞുവല്ലോ.

= ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗിന്റെ രൂപീകരണംതന്നെ വലിയൊരു അരക്ഷിതകാലത്തിലായിരുന്നു. സ്വാതന്ത്ര്യകാലത്തും അനന്തരവും ഇന്ത്യയില്‍ പലയിടത്തും വലിയതോതിലുള്ള വര്‍ഗീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും അരങ്ങേറി. അന്ന് പത്തു ലക്ഷത്തോളം പേര്‍ കൊലചെയ്യപ്പെട്ടുവെന്നാണ് കണക്ക്. അതിന് തടയിടുകയും സ്വതന്ത്ര ഇന്ത്യയില്‍ ജനവിഭാഗങ്ങള്‍ തമ്മില്‍ കാലുഷ്യം ഇല്ലാതാക്കുകയും പരസ്പര ഐക്യം തിരിച്ചുകൊണ്ടുവരികയും ചെയ്യുകയെന്നതായിരുന്നു മുസ്്‌ലിംലീഗ് പാര്‍ട്ടിയുടെ മുന്നിലെ ആദ്യകാലവെല്ലുവിളി. അത് പാര്‍ട്ടിയുടെ നയമായിരുന്നു. അത്തരത്തില്‍തന്നെയാണ് ഇക്കാലമത്രയും പ്രവര്‍ത്തിച്ചതും. പൂര്‍വസൂരികള്‍ പകര്‍ന്നുതന്നതാണ് ആ പാരമ്പര്യം എന്നു പറയുന്നത്. പിന്നീട് ബാബരി മസ്ജിദ് ധ്വംസനാനന്തരവും വലിയതോതിലുള്ള വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് രാജ്യം സാക്ഷ്യംവഹിച്ചു. എല്ലാവര്‍ക്കുമറിയുന്നതുപോലെ മുസ്‌ലിംലീഗ് സാമുദായിക ഐക്യത്തിനും രാജ്യസുരക്ഷക്കും വേണ്ടിയാണ് നിലയുറപ്പിച്ചത്. ഹൃദയങ്ങള്‍ തമ്മില്‍ അകറ്റുന്നതിനുപകരം അവതമ്മില്‍ അടുപ്പിക്കുക. അതാണ് പാര്‍ട്ടിയുടെയും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഇന്നത്തെയും ദൗത്യം.

? ബാബരി കാലത്തുനിന്ന് രാജ്യം വ്യത്യാസപ്പെട്ടതായി തോന്നുന്നുണ്ടോ.

= അങ്ങനെ പൂര്‍ണമായി പറയാനാകില്ല. അന്ന് വടക്കേഇന്ത്യയില്‍ പലയിടത്തും അതിന്റെ പേരില്‍ കൂട്ടക്കൊലകളും അക്രമങ്ങളും സ്വത്തുനാശവും ഉണ്ടായപ്പോള്‍ മുസ്്‌ലിംലീഗ് നേതൃത്വം സംയമനത്തിനാണ് ആഹ്വാനം ചെയ്തത്. അതുകൊണ്ടുതന്നെ പാര്‍ട്ടിക്ക് സ്വാധീനമുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഒരു പൗരന്റെയും സ്ഥാപനങ്ങളുടെയും നേര്‍ക്ക് അനിഷ്ടകരമായി ഒന്നുമുണ്ടായില്ല. ഇന്ന് വീണ്ടും അക്കാല ഘട്ടത്തിലേക്ക് തിരിച്ചുകൊണ്ടുപോകലാണ് ചില ക്ഷുദ്രശക്തികളുടെ കുബുദ്ധിയിലൂടെ നടന്നുവരുന്നത്. രാജ്യവും ജനതയും എങ്ങനെയായാലും വേണ്ടില്ല, സമ്പത്തും അധികാരവും നേടുക എന്ന ചിന്ത മാത്രമാണ് ചിലര്‍ക്ക്. അത് സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നു. അവരോടൊപ്പം മനസ്സ് പങ്കുവെക്കുകയാണ് മുസ്‌ലിംലീഗ് ചെയ്യുന്നത്.

? എവിടെനിന്നാണ് സൗഹാര്‍ദസംഗമങ്ങള്‍ എന്ന ഇത്തരമൊരു ആശയം ലഭിക്കുന്നത്. ഒരു രാഷ്ട്രീയപാര്‍ട്ടിയും നാളിതുവരെ മുതിരാത്ത ദൗത്യമാണ് വിവിധ സമുദായ പ്രതിനിധികളെയും സാംസ്‌കാരികപ്രവര്‍ത്തകരെയും വിളിച്ചുചേര്‍ക്കുക എന്നത്. എന്തെങ്കിലും സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നതാണിത്.

= സമൂഹത്തെ പ്രതിനിധീകരിക്കുന്ന പ്രഗത്ഭ വ്യക്തിത്വങ്ങളോട് സംവദിക്കുക എന്നത് പാര്‍ട്ടിക്ക് പുതിയ ആശയമൊന്നുമല്ല. മലപ്പുറത്ത് 2018ല്‍ മുസ്്‌ലിംലീഗ് പാര്‍ട്ടി ജില്ലാതലത്തില്‍ ഇത് ചെയ്തിട്ടുണ്ട്. എന്തെങ്കിലും പ്രത്യേക സംഭവമായി ഉണ്ടായതുകൊണ്ടായിരുന്നില്ല അത്. മലപ്പുറത്തെച്ചൊല്ലി പല കോണുകളില്‍നിന്നും ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചത് ശ്രദ്ധയില്‍പെട്ടപ്പോഴായിരുന്നു അത്. പാരമ്പര്യമായുള്ള മതസൗഹാര്‍ദം കൂടുതല്‍ ഉറപ്പിക്കുക എന്നതാണ് ലക്ഷ്യം. സംസ്ഥാന തലത്തിലേക്ക് ഇപ്പോളത് വ്യാപിപ്പിച്ചുവെന്ന് മാത്രമേയുള്ളൂ. മതിലുകളില്ലാത്ത മനസ്സുകള്‍ സൃഷ്ടിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഹൃദയങ്ങള്‍ തമ്മിലെ ജാലകങ്ങള്‍ തുറന്നിടണമെന്നാണ് പറയാറ്. മതിലുകളില്ലാതായാല്‍ പിന്നെ ജാലകങ്ങളുടെ ആവശ്യമില്ലല്ലോ. മനുഷ്യനന്മയും അവരുടെ ക്ഷേമവുമാണ് ആത്യന്തികലക്ഷ്യം.

? പ്രതികരണങ്ങള്‍ എങ്ങനെയുണ്ടായിരുന്നു.

= നോക്കൂ. കാസര്‍കോട് മുതല്‍ 12 ജില്ലകള്‍ ഇതിനോടകം പിന്നിട്ടു. ഇതില്‍നിന്ന് പങ്കെടുത്തവരേക്കാള്‍ ഊര്‍ജവും വെളിച്ചവും ലഭിച്ചത് ഞങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമാണ്. ഒരേദിനം രാവിലെ സൗഹാര്‍ദ സദസ്, വൈകീട്ട് പ്രവര്‍ത്തകകണ്‍വെന്‍ഷന്‍ എന്ന രീതികൊണ്ട് പലതും പഠിക്കാനും പകര്‍ത്താനുമായി. ഒരിടത്തുനിന്നും അനിഷ്ടകരമായി യാതൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, വലിയ ആവേശമാണ് ലഭിച്ചത്. സാംസ്‌കാരിക നായകരും എഴുത്തുകാരും മതസാമുദായിക പ്രതിനിധികളും നേതാക്കളും ചലച്ചിത്രപ്രതിഭകളും മാധ്യമപ്രവര്‍ത്തകരും കായിക താരങ്ങളുമെല്ലാം പങ്കുവെച്ചത് ഏതാണ്ടൊരേ വികാരവും ആശയവുമായിരുന്നു. മുസ്‌ലിംലീഗ് എന്നെന്നും നിലനില്‍ക്കേണ്ട ആവശ്യകത അവരെല്ലാം ഒറ്റക്കെട്ടായി ഉന്നയിച്ചു. അതെല്ലാം കേട്ടു. തിരുത്തേണ്ടതും നവീകരിക്കേണ്ടതുമുണ്ടെങ്കില്‍ അതിന് തയ്യാറാണെന്ന് അവര്‍ക്ക് വാക്കുനല്‍കി. ഇക്കാര്യത്തില്‍ പാര്‍ട്ടിനേതൃത്വം കലവറയില്ലാതെ വലിയ സേവനമാണ ്കാഴ്ചവെച്ചത്. പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ്ബഷീര്‍, ഇതരഎം.പിമാര്‍, എം.എല്‍.എമാര്‍, ഭാരവാഹികള്‍ മുതലായനേതാക്കള്‍ പിന്നാലെ ഊര്‍ജമായി നിലകൊണ്ടു.

? എന്താണ് ഭാവി പരിപാടി. ഈ യജ്ഞത്തിന് തുടര്‍ച്ചയുണ്ടാകുമോ

= പലരും ഇത് ദേശീയ തലത്തിലേക്കുകൂടി വ്യാപിപ്പിക്കണമെന്നാണ് നിര്‍ദേശിച്ചത്. അത് ഞങ്ങള്‍ക്ക് തരുന്ന വലിയപ്രോല്‍സാഹനമാണ്. ചിലര്‍ വികാരവായ്‌പോടെ ചിലത് പറഞ്ഞപ്പോള്‍ കണ്ണുനനഞ്ഞു. എല്ലാരാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഇതേക്കുറിച്ച് ആലോചിക്കണമെന്നാണ് പറയാനുള്ളത്. അപ്പോള്‍ മാത്രമേ രാജ്യത്തെ നിക്ഷിപ്ത ശക്തികളെയും വര്‍ഗീയ ശക്തികളെയും പരാജയപ്പെടുത്തി നാടിന് മുന്നോട്ടുപോകാനാകൂ. മുസ്്‌ലിംലീഗ് ഉദ്ദേശിക്കുന്നത് ഇത് മണ്ഡലം, പഞ്ചായത്ത് തലങ്ങളിലേക്ക് വ്യാപിക്കാനാണ്. അതേക്കുറിച്ച് ഈ ഘട്ടം അവസാനിച്ചശേഷം തീരുമാനിക്കും. ഇതോടൊപ്പം ഓര്‍ക്കാനുള്ളത് അപ്രതീക്ഷിത കോണുകളില്‍നിന്ന് ലഭിച്ച പിന്തുണയാണ്. മുസ്‌ലിം സമുദായത്തിനകത്തുനിന്ന് എന്നതിലുപരിയായി ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍, പുരോഹിതന്മാര്‍, സന്യാസിശ്രേഷ്ഠന്മാര്‍, മഠാധിപകള്‍, നായര്‍ സര്‍വീസ് സൊസൈറ്റി, എസ്.എന്‍.ഡി.പി, ദലിത്, ആദിവാസി സംഘടനകള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, സംഗീതജ്ഞര്‍, ആക്ടിവിസ്റ്റുകള്‍, വ്യാപാരികള്‍, വ്യവസായികള്‍, കായിക-കലാകാരന്മാര്‍ തുടങ്ങിയവരുടെ ഭാഗത്തുനിന്നെല്ലാം ലഭിച്ച പിന്തുണയും പ്രോല്‍സാഹനവും ഇന്ത്യയുടെയും വിശേഷിച്ച് കേരളത്തിന്റെയും ശോഭനമായ ഭാവിയെയാണ് പ്രകാശിപ്പിച്ചത്. നിര്‍ദേശങ്ങളെല്ലാം ക്രോഢീകരിക്കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മാറ്റംവരുത്തേണ്ടതോ നവീകരിക്കേണ്ടതോ ഉണ്ടെങ്കില്‍ അവ പരിഗണിക്കും.’കൂടിയല്ലാ പിറക്കുന്ന നേരത്തും, കൂടിയല്ലാ മരിക്കുന്ന നേരത്തും, മധ്യേയിങ്ങനെ കാണുന്ന നേരത്തു, മത്സരിക്കുന്നതെന്തിനു നാം വൃഥാ.’ പൂന്താനത്തിന്റെ ഈ വരികളാണ് സുഹൃദ്‌സംഗമത്തിന്റെ സന്ദേശം.

Chandrika Web: