X

ബൈ ബൈ ബോസ്;ക്രിസ് ഗെയില്‍ രാജ്യാന്തര ക്രിക്കറ്റ് വിടുന്നു

യുനിവേഴ്‌സല്‍ ബോസ് ഒന്നും പറഞ്ഞില്ല. പക്ഷേ പറയാതെ പറഞ്ഞ ചിലതുണ്ട്. ഇനി വിന്‍ഡീസ് ജഴ്‌സിയില്‍ താന്‍ കളിക്കളത്തിലേക്ക് ഇല്ലെന്ന് തന്നെയായിരുന്നു ആ പറച്ചില്‍. ഇന്നലെ ടി-20 ലോകകപ്പില്‍ അവസാന മല്‍സരമായിരുന്നു വിന്‍ഡീസിന്. കാര്യം നിലവിലെ ചാമ്പ്യന്മാരാണ്. പക്ഷേ തോറ്റ് തൊപ്പിയിട്ടതിനാല്‍ നേരത്തെ തന്നെ പുറത്തായി. ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ ജയിച്ചിട്ടും കാര്യമുണ്ടായിരുന്നില്ല. അബുദാബി ഷെയിക് സായിദ് സ്‌റ്റേഡിയത്തിലേക്ക് ഗെയില്‍ വരുമ്പോള്‍ തന്നെ നല്ല കൈയ്യടി. ബാറ്റിംഗിന് അദ്ദേഹം വന്നപ്പോള്‍ തുടക്കത്തില്‍ തന്നെ രണ്ട് സിക്‌സറുകള്‍. പിറകെ പാറ്റ് കമിന്‍സിന്റെ പന്തില്‍ പുറത്താവുമ്പോള്‍ നിരാശയില്ല. ഓസീസ് താരങ്ങളോട് തമാശ പങ്കിട്ട് മടക്കം. മടങ്ങി വരുമ്പോള്‍ വിന്‍ഡീസ് താരങ്ങളുടെ വരവേല്‍പ്പ്. ഓസ്‌ട്രേലിയക്കാര്‍ ബാറ്റ് ചെയ്യുമ്പോള്‍ ഡേവിഡ് വാര്‍ണറുമായി നല്ല നിമിഷങ്ങള്‍. ഇടക്ക് പന്തെടുത്ത് തന്റെ സ്പിന്‍ പരീക്ഷിച്ചു. ഒരു വിക്കറ്റും കിട്ടി. കളി ഓസ്‌ട്രേലിയക്കാര്‍ അനായാസം ജയിച്ചപ്പോള്‍ മൈതാനത്ത് ഗെയില്‍ വക ചില നമ്പരുകള്‍. 42 കാരനായ ചാമ്പ്യന്‍ താരം ഇനി മൈതാനത്തേക്കില്ല എന്നതിന്റെ വളരെ വ്യക്തമായ സൂചനകള്‍ ധാരാളമായിരുന്നു.

കൃസ്റ്റഫര്‍ ഹെന്‍ട്രി ഗെയില്‍ ലോക ക്രിക്കറ്റിന് സുപരിചിതനാവുന്നത് അദ്ദേഹത്തിന്റെ സിക്‌സര്‍ വേട്ടയിലാണ്. ഇതിനകം 1045 സിക്‌സറുകളാണ് അദ്ദേഹം വിവിധ ഫോര്‍മാറ്റുകളില്‍ നേടിയത്. ഇത്രയും തവണ പന്ത് ഗ്യാലറിയിലെത്തിച്ച മറ്റൊരു താരമില്ല. ഇന്നലെ കളി പറയവെ വിന്‍ഡീസുകാരന്‍ തന്നെയായ ഇയാന്‍ ബിഷപ്പ് വളരെ വ്യക്തമായി പറഞ്ഞു-വിന്‍ഡീസ് ജഴ്‌സിയില്‍ ഇനി ഗെയിലിനെ കാണാന്‍ സാധ്യതയില്ല. ഇന്ത്യന്‍ താരമായിരുന്ന വി.വി.എസ് ലക്ഷ്മണ്‍ ഗെയിലിനെ വിശേഷിപ്പിച്ചത് ടി-20 യിലെ ഏറ്റവും മികച്ച താരമെന്നാണ്. 1999 ലാണ് ക്രിസ് ഗെയില്‍ എന്ന ജമൈക്കക്കാരന്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. രണ്ട് തവണ വിന്‍ഡീസ് ടി-20 ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ അതില്‍ വ്യക്തമായ പങ്ക് വഹിച്ച താരവും അദ്ദേഹമായിരുന്നു. 79 ടി-20 മല്‍സരങ്ങളിലാണ് അദ്ദേഹം കരിബീയന്‍ ജഴ്‌സി അണിഞ്ഞത്. 1899 റണ്‍സാണ് വിന്‍ഡീസിനായുള്ള സമ്പാദ്യം. ഇതില്‍ രണ്ട് സെഞ്ച്വറികളുണ്ട്, 14 അര്‍ധ ശതകങ്ങളും. 19 വിക്കറ്റും അദ്ദേഹത്തിന്റെ നാമധേയത്തിലുണ്ട്. സ്ഥിരമായി അദ്ദേഹം ഓപ്പണറായിരുന്നു. സമീപകാലത്ത് മൂന്നാം നമ്പറിലേക്ക് വന്നു. ഐ.പി.എല്‍, ബിഗ് ബാഷ്, പാക്കിസ്താന്‍ സൂപ്പര്‍ ലീഗ്, ജമൈക്കന്‍ സൂപ്പര്‍ ലീഗ്, ബംഗ്ലാ സൂപ്പര്‍ ലീഗ് ഉള്‍പ്പെടെയുളള ടി-20 കരിയറില്‍ 14,321 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 445 ഇന്നിംഗ്‌സില്‍ നിന്നായിരുന്നു ഇത്. 22 സെഞ്ച്വറികളുണ്ട്. 2013 ഐ.പി.എല്‍ സീസണില്‍ 66 പന്തില്‍ നിന്നും നേടിയ 175 റണ്‍സ് ഇന്നും വലിയ റെക്കോര്‍ഡാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിച്ച ഇന്നിംഗിസിലായിരുന്നു ഗംഭീര ബാറ്റിംഗ്. 2014 ന് ശേഷം അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. 2019 ന് ശേഷം ഏകദിനങ്ങളും ഒഴിവാക്കി. 103 ടെസ്റ്റുകളാണ് അദ്ദേഹം കളിച്ചത്. 7214 റണ്‍സാണ് സമ്പാദ്യം. ഏകദിനങ്ങളില്‍ 301 മല്‍സരങ്ങള്‍ കളിച്ചു-10480 റണ്‍സും.

ക്രിസ് ഗെയിലിനൊപ്പം തന്നെ ഡ്വിന്‍ ബ്രാവോയും രാജ്യാന്തര ക്രിക്കറ്റ് വിടുകയാണ്. സീനിയേഴ്‌സായ കിരണ്‍ പൊലാര്‍ഡ്, ആന്ദ്രെ റസല്‍ തുടങ്ങിയവരെല്ലാം റിട്ടയര്‍മെന്റ് വഴിയിലാണ്.

ഡ്വിന്‍ ബ്രാവോ ഇനിയും രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരികെ വരില്ലെന്ന് കരുതാം. ലോകകപ്പില്‍ നിന്നും വിന്‍ഡീസ് പുറത്തായതോടെ ഓള്‍റൗണ്ടര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. നേരത്തെ രണ്ട് വട്ടം അദ്ദേഹം രാജ്യാന്തര ക്രിക്കറ്റ് വിട്ടിരുന്നു. പിന്നീട് തിരികെ വന്നു. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് പ്രായം തന്നെ തടസമാണ്. കൂടാതെ പ്രതീക്ഷ നല്‍കുന്ന പ്രകടനം നടത്താനും അദ്ദേഹത്തിനായില്ല. 18 വര്‍ഷമായി രാജ്യത്തിനായി കളിക്കുന്നു. തല ഉയര്‍ത്തിതന്നെയാണ് കളി മതിയാക്കുന്നതെന്നും ബ്രാവോ പറഞ്ഞു. പക്ഷേ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അദ്ദേഹം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിരയില്‍ ഉണ്ടാവുമെന്നാണ് സൂചന.

 

web desk 3: