കൊച്ചി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് എ.എം ഷഫീഖും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സ്റ്റേ ചെയ്തത്.

സ്ഥിരപ്പെടുത്തിയ ജീവനക്കാര്‍ താല്‍കാലിക ജീവനക്കാരായി തുടരുമെന്നും കോടതി വ്യക്തമാക്കി. സിന്‍ഡിക്കേറ്റ് നടപടി സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് വിരുദ്ധമാണെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

സര്‍വ്വകലാശാലകളിലെ അനധ്യാപകനിയമനം പി.എസ്.സിയ്ക്ക് വിടുകയും വിശേഷാല്‍ ചട്ടങ്ങള്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. അതിനാല്‍ നിയമാധികാരം പി.എസ്.സിയില്‍ നിക്ഷിപ്തമാണെന്ന് പരാതിക്കാര്‍ വാദിക്കുന്നു.