ഒരിക്കലും കാനഡ അമേരിക്കയുടെ ഭാഗമാകില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി. കാനഡ അമേരിക്കയുടെ 51ാമത് സംസ്ഥാനമാകണമെന്ന് ട്രംപിന്റെയും വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയുടേയും പരാമര്‍ശം അസംബന്ധമെന്ന് കാര്‍ണി വ്യക്തമാക്കി. കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു അദ്ധേഹം.
ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചതോടെയാണ് കാനഡയുടെ 24ാമത് പ്രധാനമന്ത്രിയായി മാര്‍ക് കാര്‍ണി അധികാരമേറ്റത്. കാര്‍ണി സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു.
” കനേഡിയന്‍ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തും. അമേരിക്കന്‍ വെല്ലുവിളി ചെറുക്കുന്നതിനാണ് മുന്‍ഗണന. കാനഡ അമേരിക്കയുടെ ഭാഗമാകില്ല. അമേരിക്ക സന്ദര്‍ശിക്കാനും ട്രംപിനെ കാണാനും പദ്ധതിയില്ലെന്നും”- കാര്‍ണി വ്യക്തമാക്കി.
കാനഡയിലെ 24 അംഗ മന്ത്രി സഭയില്‍ രണ്ട് ഇന്ത്യന്‍ വംശജരും ഉള്‍പ്പെട്ടിട്ടുണ്ട്. അനിതാ ആനന്ദ് കമാല്‍ ഖേര എന്നിവരാണ് ഇന്ത്യന്‍ വംശജര്‍. അമേരിക്കയുമായി വ്യാപാരത്തര്‍ക്കം മുറുകുന്നതിനിടെയാണ് കാനഡയില്‍ നേതൃമാറ്റം സംഭവിക്കുന്നത്. അതേസമയം തന്റെ നിലപാടുകളില്‍ കണിശത കാണിക്കുന്ന ട്രംപ്, കാനഡയുടെ പുതിയ തീരുമാനത്തെ എങ്ങനെ നേരിടുമെന്നാണ് അറിയേണ്ടത്.