കൊളംബോ/ന്യൂഡല്‍ഹി: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ മരിച്ചവരുടെ എണ്ണം 300 കടന്നു. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നവരില്‍ ചിലര്‍ മരണത്തിന് കീഴടങ്ങിയതോടെയാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. അപകടത്തില്‍ ഏഴ് ഇന്ത്യക്കാരും സ്‌ഫോടനത്തില്‍ മരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് സ്ഥിരീകിരിച്ചു.
വെമുറായ് തുള്‍സിറാം, എസ്.ആര്‍ നാഗരാജ്, ഹനുമന്തരായപ്പ, എം രംഗപ്പ, ലക്ഷ്മി, നാരായണ്‍ ചന്ദ്രശേഖര്‍, രമേശ് എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. കര്‍ണാടകയില്‍നിന്നുള്ള നാല് ജെ.ഡി.എസ് പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടും. 500ലധികം പേര്‍ വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്.
ഇതിനിടെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ നിലവില്‍ വന്നു. സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ പ്രസിഡണ്ട് മൈത്രിപാല സിരിസേനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സുരക്ഷാ സമിതി യോഗ തീരുമാനമായാണ് രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കാതെ ഭീകരവാദികളെ ലക്ഷ്യവെച്ച ഉപാധികളോടെയുള്ള അടിയന്തരാവസ്ഥയാണ് നടപ്പാക്കുകയെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Aligarh Muslim University Students' Candle March in condolences with Attack in Sri Lanka. #SriLanka #SriLankaBlasts #SriLankaAttacks #srilankaterrorattack pic.twitter.com/sRPnpiZ0Q6
— Aligarh Muslim University Journal. (@AMUJournal) April 21, 2019
എട്ടിടങ്ങളിലായാണ് ഞായറാഴ്ച സ്‌ഫോടനം നടന്നത്. ഏഴ് ചാവേറുകളാണ് പൊട്ടിത്തെറിച്ചതെന്നാണ് ഇതുവരെയുള്ള വിവരം. 24പേരെ ഇതുവരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
തദ്ദേശീയ ഭീകര സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് ആണ് ഭീകരാക്രമണങ്ങള്‍ക്കു പിന്നിലെന്ന് സൂചന ലഭിച്ചതായി ശ്രീലങ്കന്‍ മന്ത്രി രജിത സെനരത്‌നെ പറഞ്ഞു. അന്വേഷണം പുരോഗമിച്ചു വരികയാണെന്നും അക്രമികളുടെ രാജ്യാന്തര ബന്ധം കണ്ടെത്തുന്നതിന് ശ്രീലങ്കന്‍ പ്രസിഡണ്ട് ലോകരാജ്യങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചതായും സെനരത്‌ന കൂട്ടിച്ചേര്‍ത്തു.
Be the first to write a comment.