X

ഇന്ത്യന്‍ ക്രിക്കറ്റില്‍ നായക ബഹളം

മുംബൈ: കോവിഡ് മഹാമാരി ഇന്ത്യന്‍ ക്രിക്കറ്റില്‍ വരുത്തിയത് അല്‍ഭുതങ്ങള്‍. സ്ഥിരം ക്യാപ്റ്റനും സ്ഥിരം താരങ്ങളും എന്ന പതിവ് ഫോര്‍മാറ്റ് മാറി പോയ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ടത് നിരവധി നായകന്മാരെയും താരങ്ങളെയും. കോവിഡ് മൂര്‍ധന്യതയില്‍ വന്ന 2021 ല്‍ 48 താരങ്ങള്‍ക്കാണ് സെലക്ഷന്‍ കമ്മിറ്റി അവസരം നല്‍കിയത്. 2022 ല്‍ ഇത് വരെ 39 താരങ്ങള്‍ക്ക് ദേശീയ സംഘത്തില്‍ ഇടം നല്‍കി. ഇക്കാലയളവില്‍ 74 രാജ്യാന്തര മല്‍സരങ്ങളിലാണ് ഇന്ത്യ കളിച്ചത്- 54 പേര്‍ ആദ്യ ഇലവനില്‍ ഇടം നേടി.

ക്യാപ്റ്റന്മാരുടെ കാര്യത്തിലും പലകുറി മാറ്റങ്ങള്‍ വന്നു. വിരാത് കോലി എന്ന സ്ഥിരം നായകനില്‍ നിന്നും കപ്പിത്താന്‍ തൊപ്പി രോഹിത് ശര്‍മയിലെത്തി. പിറകേ കെ.എല്‍ രാഹുല്‍, റിഷാഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ശിഖര്‍ ധവാന്‍ തുടങ്ങിയവരെല്ലാം അമരക്കാരായി. കെ.എല്‍ രാഹുല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏക ടെസ്റ്റില്‍ നായകനായത് വിരാതിന് പരുക്കേറ്റതിനാല്‍. വിരാത് തിരികെ വന്നപ്പോള്‍ നായക സ്ഥാനം. പക്ഷേ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മല്‍സര ഏകദിന പരമ്പരയില്‍ രാഹുല്‍ തന്നെ നായകനായപ്പോള്‍ കോലിയുടെ തൊപ്പി തെറിച്ചു. യു.എ.ഇ ആതിഥേയത്വം വഹിച്ച ടി-20 ലോകകപ്പില്‍ കോലിക്ക് അവസാന അവസരം.

അതിന് ശേഷം രോഹിത് ശര്‍മ വരുന്നു. രോഹിതിന് പരുക്കേറ്റപ്പോള്‍ നായക സ്ഥാനത്തേക്ക് റിഷാഭ് പന്ത്. ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ച് മല്‍സര ടി-20 പരമ്പരയിലും വിക്കറ്റ് കീപ്പര്‍ക്ക്് കീഴിലായിരുന്നു ഇന്ത്യ കളിച്ചത്. അയര്‍ലന്‍ഡിനെതിരെ നടന്ന രണ്ട് മല്‍സര ടി-20 പരമ്പരയിലെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റില്‍ രോഹിതിന് പരുക്കേറ്റപ്പോള്‍ ജസ്പ്രീത് ബുംറ ക്യാപ്റ്റനായി. വിന്‍ഡീസിനെതിരായ മൂന്ന് മല്‍സര ഏകദിന പരമ്പരയുടെ നായകന്‍ ശിഖര്‍ ധവാനായിരുന്നു. വിന്‍ഡീസിനെതിരായ ടി-20 പരമ്പരയിലെ നാല് മല്‍സരങ്ങളില്‍ രോഹിത് തിരികെ വന്നപ്പോള്‍ പരുക്കേറ്റതിനാല്‍ അവസാന മല്‍സരത്തില്‍ ഹാര്‍ദിക് നായകനായി. ഇന്ത്യക്കിനി ഏഷ്യാ കപ്പ് ദൗത്യമാണ്. അവിടെ പ്രഖ്യാപിക്കപ്പെട്ട നായകന്‍ രോഹിതാണ്. സിംബാബ്‌വെ പരമ്പര, ടി-20 ലോകകപ്പ് തുടങ്ങി വലിയ വേദികള്‍ വരുമ്പോള്‍ പുതിയ നായകന്‍ വരുമോ…?

web desk 3: