X
    Categories: MoreViews

കാര്‍ഡ് ഇടപാടുകള്‍ക്ക് പകരം ഇനി ആധാര്‍ നമ്പര്‍ പദ്ധതി വരുന്നു

ന്യൂഡല്‍ഹി: ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്കു പകരമായി 12 അക്ക ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്ന പദ്ധതി ഉടന്‍ നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ട്. കറന്‍സി രഹിത ഇന്ത്യ എന്ന ലക്ഷ്യത്തിനു വേണ്ടി ആധാര്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ വ്യാപകമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ പണമിടപാട് വ്യാപകമാക്കാന്‍ നിതി ആയോഗിനേയാണ് കേന്ദ്രം ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പണമിടപാടുകള്‍ കുറക്കുന്നത് സംബന്ധിച്ച് വ്യക്തമായ നയം സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കും. കാര്‍ഡോ, പിന്‍ നമ്പറുകളോ ഇല്ലാത്തതാവും ആധാര്‍ അധിഷ്ഠിത ഇടപാടുകള്‍. സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആധാര്‍ നമ്പറുകള്‍, വിരലടയാളം എന്നിവ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ ഇതുവഴി സാധിക്കുമെന്ന് യു.ഐ.ഡി.എ.ഐ ഡയരക്ടര്‍ ജനറല്‍ അജയ് പാണ്ഡ്യ അറിയിച്ചു. ബൃഹത് പദ്ധതിയായതിനാല്‍ ഇതിനായി മൊബൈല്‍ ഫോണ്‍ നിര്‍മാണ കമ്പനികള്‍, വ്യാപാരികള്‍, ബാങ്കുകള്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ വിവിധ തരത്തിലുള്ള കൂടിയാലോചനകള്‍ പദ്ധതിക്കായി നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിര്‍മിക്കുന്ന മുഴുവന്‍ മൊബൈല്‍ കമ്പനികളോടും വിരലടയാളമോ, കണ്ണിന്റെ കൃഷ്ണമണിയോ സ്‌കാന്‍ ചെയ്യാന്‍ പറ്റുന്ന സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടും. ഇത് ആധാര്‍ അധിഷ്ഠിത ഇടപാടുകള്‍ എളുപ്പത്തിലാക്കാന്‍ സഹായിക്കുമെന്നു നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് പറഞ്ഞു. അടുത്ത ഒരു വര്‍ഷത്തിനകം ഡിജിറ്റല്‍ പണമിടപാട് നടപ്പിലാക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച മുഖ്യമന്ത്രിമാരുടെ കമ്മിറ്റിയുടെ ഭാഗമാണ് കാന്ത്. ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ഇന്‍സന്റീവ് ഏര്‍പ്പെടുത്തുന്നതിലൂടെ കൂടുതല്‍ പേര്‍ ഈ രീതിയിലേക്കു മാറുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഇതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല. നവംബര്‍ എട്ടിന് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഡിസംബര്‍ 30 വരെ നികുതി ഒഴിവാക്കിയിരുന്നു. സര്‍ക്കാറിന്റെ ഡിജിറ്റല്‍ പണമിടപാടിലേക്കു വ്യാപാരികളെ കൊണ്ടുവരുന്നതിനു പ്രോത്സാഹനം നല്‍കുന്നതിനായി 100 കോടി രൂപ മാറ്റി വെച്ചതായി ഐ.ടി സെക്രട്ടറി അരുണ സുന്തര്‍രാജന്‍ അറിയിച്ചു.

chandrika: