മംഗളൂരു: കാലിക്കച്ചവടക്കാരന്‍ ഹുസൈനബ്ബയെ(61) മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായ എച്ച്. പ്രസാദ് (32), ദീപക് (30), സുരേഷ് മെന്‍ഡന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. ഉടുപ്പി ജില്ലയിലെ പെര്‍ഡൂരിലെ ഹുസൈനബ്ബയെ പൊലീസ് ഒത്താശയൊടെയാണ് ബംജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ സംഘം കൊലപ്പെടുത്തിയത്.

ബുധനാഴ്ച പുലര്‍ച്ചെയാണ് കൊലപാതകം നടക്കുന്നത്. കാലിക്കടത്ത് നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലെത്തിയ പൊലീസിനെ കണ്ട് കാലികളുമായി വന്ന വാഹനം നിറുത്തി. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. നാലുപേരും വാഹനത്തില്‍ നിന്നിറങ്ങി ഓടി. മൂന്നുപേര്‍ ഒരുവഴിക്കും കൊല്ലപ്പെട്ട ഹുസൈനബ്ബ മറ്റൊരു വഴിക്കുമാണ് ഓടിയത്. ഹുസൈനബ്ബയെ പൊലീസും ബജറംഗ്ദള്‍ സംഘവും പിന്തുടര്‍ന്ന് മര്‍ദിക്കുകയായിരുന്നു. പിന്നീട് ഹുസൈനബ്ബയുടെ മൃതദേഹം കുന്നിന്‍മുകളില്‍ കണ്ടെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്താവുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഹരിയടുക്ക പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഡി.എന്‍.കുമാറിനെ സസ്‌പെന്റ് ചെയ്തിരുന്നു.