X

രക്ഷപ്പെടാന്‍ പഴുതില്ലാതെ കേന്ദ്രം-എഡിറ്റോറിയല്‍

2014ല്‍ പ്രധാനമന്ത്രി പദം ഏറ്റെടുക്കുമ്പോള്‍ നരേന്ദ്ര മോദിയുടെ പ്രധാന പ്രഖ്യാപനം ലോകത്തെ ഊട്ടുന്ന രാജ്യമായി ഇന്ത്യയെ മാറ്റുമെന്നായിരുന്നു. അതുകേട്ട് അദ്ദേഹത്തിന്റെ അനുയായികളായ ബി.ജെ.പിക്കാരെങ്കിലും ഏറെ സന്തോഷിച്ചിട്ടുണ്ടാകും. എട്ടുവര്‍ഷം മുമ്പ് രാജ്യത്തിന് നല്‍കിയ വാഗ്ദാനം നിറവേറ്റാനും അതിനപ്പുറവും മോദിക്ക് സമയം കിട്ടിക്കഴിഞ്ഞു. പക്ഷെ, ലോകത്തിനു മുന്നില്‍ ഭിക്ഷപാത്രവുമായി നില്‍ക്കേണ്ട ഗതികേടിലേക്കാണ് ഇന്ത്യ നീങ്ങിക്കൊണ്ടിരിക്കുന്നത്. മോദി പറഞ്ഞതൊക്കെയും വിഴുങ്ങി. പലതും അദ്ദേഹം മറന്നു. സ്വന്തം തെറ്റുകള്‍ക്ക് മറ്റുള്ളവരെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അടിക്കടിയുള്ള വിലക്കയറ്റങ്ങള്‍ രാജ്യത്തിന്റെ നടുവൊടിച്ചിരിക്കുകയാണ്. വിലക്കയറ്റത്തിന്റെ പിടിയില്‍നിന്ന് ഒന്നും മുക്തമല്ല. ഇന്ധന വില കടിഞ്ഞാണ്‍ പൊട്ടിച്ചാണ് ഓടുന്നത്. പെട്രോള്‍, ഡീസല്‍ വില നൂറു കടന്നു. പാചകവാതകത്തിന് ആയിരത്തിലേറെ കൊടുക്കണം.

കഴിഞ്ഞ കുറച്ചു മാസമായി ഉപ്പു മുതല്‍ കര്‍പ്പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് കനത്ത വില നല്‍കിയാണ് ജനങ്ങള്‍ വാങ്ങുന്നത്. ഏറ്റവുമൊടുവില്‍ രൂപയുടെ മൂല്യത്തകര്‍ച്ച കൂടി ആയതോടെ ജീവിതദുരിതം പതിന്മടങ്ങായിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയുടെ പാതയിലേക്കാണ് ഇന്ത്യയും നീങ്ങുന്നതെന്ന ആക്ഷേപം ശക്തമായതോടെ ഇന്ധന വില നാമമാത്രം കുറച്ച് മുഖംരക്ഷിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നോക്കുന്നത്. ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ പാചകവാതക സിലിണ്ടറിന് 200 രൂപ സബ്‌സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പോലും ഇന്ധന വില കൂട്ടിയിരുന്ന സര്‍ക്കാറിന്റെ ഇപ്പോഴത്തെ നീക്കം ഗത്യന്തരമില്ലാതെയാണെന്ന് ദേശീയ തലത്തില്‍ ബി.ജെ.പിക്ക് ഓശാന പാടുന്ന മാധ്യമങ്ങള്‍ പോലും സമ്മതിച്ചിരിക്കുന്നു. കുതിച്ചുകൊണ്ടിരിക്കുന്ന പണപ്പെരുപ്പത്തിന്റെ ആഘാതത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള തന്ത്രങ്ങളൊക്കെയും പാളിക്കൊണ്ടിരിക്കെ താല്‍ക്കാലിക അടവ് മാത്രമാണ് ഇപ്പോഴത്തെ കേന്ദ്ര നീക്കം.

അസാധാരണ നടപടികളിലൂടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചെങ്കിലും പണപ്പെരുപ്പത്തെ തൊടാനായിട്ടില്ല. പെട്രോള്‍, ഡീസല്‍ വിലയില്‍ ചില്ലിക്കാശ് കുറച്ചതുകൊണ്ട് പ്രതിസന്ധി മറികടക്കാനാവില്ല. 100 കൂട്ടി പത്ത് കുറയ്ക്കുന്ന മറിമായത്തെക്കുറിച്ച് ജനത്തിന് ബോധ്യമുണ്ട്. യുക്രെയ്‌നിലേക്ക് വിരല്‍ ചൂണ്ടി വിലക്കയറ്റത്തിനെല്ലാം കാരണം യുദ്ധമാണെന്ന് പറഞ്ഞ് രക്ഷപ്പെടാനുള്ള പഴുതുകളും അടഞ്ഞിരിക്കുകയാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റമാണ് രാജ്യത്തുള്ളത്. ഗോതമ്പ് വില വന്‍തോതില്‍ ഉയര്‍ന്നുവെന്ന് മാത്രമല്ല ക്ഷാമം നേരിടുന്നുണ്ട്. യുദ്ധ പശ്ചാത്തലത്തില്‍ കയറ്റുമതി കൂട്ടിയതാണ് ഗോതമ്പിന്റെ കാര്യത്തില്‍ സംഭവിച്ചതെന്ന വിശദീകരണവും നനഞ്ഞു കുതിര്‍ന്നു കിടക്കുകയാണ്. ആഭ്യന്തര ലഭ്യത നോക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഗോതമ്പ് കയറ്റുമതി ചെയ്തത്. ഇനി കയറ്റുമതി നിര്‍ത്തുന്നതോടെ രാജ്യത്ത് വില കുറയില്ലെന്ന് മാത്രമല്ല, ഇതുവരെ ഇന്ത്യയെ ആശ്രയിച്ചിരുന്ന രാജ്യങ്ങള്‍ കുരുക്കിലാവുകയും ചെയ്യും.

സാധാരണക്കാരെ വീര്‍പ്പുമുട്ടിക്കുന്ന വിലക്കയറ്റത്തില്‍ വില്‍പന ഇടിഞ്ഞതു കാരണം പല കമ്പനികളും ഉല്‍പാദനം കുറച്ചിരിക്കുകയാണ്. നിര്‍മാണ മേഖലയും സ്തംഭിച്ചു തുടങ്ങിയതോടെയാണ് ഇന്ധന വില കുറച്ചുള്ള സര്‍ക്കാറിന്റെ വെപ്രാളം. സാമ്പത്തിക രംഗത്ത് സൂക്ഷ്മത അനിവാര്യമാണ്. രാഷ്ട്രീയ ലാഭം നോക്കിയും വിദ്വേഷ ചിന്തകള്‍ തലയിലേറ്റിയും നടക്കുന്ന ഭരണകൂടത്തിന്റെ കൈയില്‍ സമ്പദ്ഘടന കീഴ്‌മേല്‍ മറിയുമെന്ന വലിയ പാഠമാണ് ശ്രീലങ്ക നല്‍കുന്നത്. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തിരിക്കുമ്പോള്‍ കേന്ദ്രത്തെ വിമര്‍ശിക്കാനുള്ള അവസരങ്ങള്‍ ഒന്നുംപോലും ബി.ജെ.പി പാഴാക്കിയിരുന്നില്ല. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഇന്ധന വില ഗണ്യമായി കുറയ്ക്കുമെന്നായിരുന്നു മോദിയുടെ മോഹനവാഗ്ദാനം. എന്നാല്‍ ബി.ജെ.പിയുടെ വരവോടെ പെട്രോള്‍, ഡീസല്‍ വിലകള്‍ പിടിവിട്ട് കുതിച്ചു. മാര്‍ച്ചില്‍ ഒമ്പത് ദിവസത്തിനിടെ എട്ട് തവണയാണ് ഇന്ധന വിലകള്‍ ഉയര്‍ന്നത്.

കഴിഞ്ഞ നവംബറില്‍ ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ന്നെങ്കിലും അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് കിട്ടില്ലെന്ന് ഭയന്ന് പെട്രോളിയം ഉല്‍പ്പന്ന വിലയെ കേന്ദ്രം തൊട്ടിരുന്നില്ല. വോട്ടുകള്‍ പെട്ടിയിലായതോടെ വില വര്‍ധിപ്പിക്കുകയും ചെയ്തു. അഞ്ചു മാസത്തിന് ശേഷം നടക്കാനിരിക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നോക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും സാമ്പത്തിക തന്ത്രങ്ങള്‍ മെനയുന്നത്. ഇങ്ങനെ പോയാല്‍ ഇന്ത്യ ശ്രീലങ്കയാകാന്‍ അധികം കാത്തിരിക്കേണ്ടിവരില്ല. കേരളത്തില്‍ വിലക്കയറ്റം രൂക്ഷമാകുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ കാഴ്ചക്കാരനായി ഗാലറിയില്‍ തുടരുകയാണ്. മുന്‍കാലങ്ങളിലേതു പോലെ വിപണിയില്‍ ഇടപെട്ട് സാധാരണക്കാരന് ആശ്വാസം പകരാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. വിലക്കയറ്റം തടയാന്‍ ഉപകരിക്കേണ്ട സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങള്‍ക്കുപോലും കനത്ത വില നല്‍കേണ്ടിവരുന്നു. ചുരുക്കത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ജനത്തെ പിച്ചചട്ടി എടുപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ്.

web desk 3: