X

അസാധാരണ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍; ബ്രിട്ടീഷ് ഹൈക്കമ്മിഷനുമുന്നിലെ സുരക്ഷ കുറച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷനുമുന്നിലെ സുരക്ഷ കുറച്ച് കേന്ദ്ര സര്‍ക്കാര്‍. ബ്രിട്ടീഷ് ഹൈക്കമ്മിഷന്റെയും ഹൈക്കമ്മിഷണറുടെ വസതിക്കു മുന്നിലെയും സുരക്ഷയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. ഖലിസ്ഥാന്‍ അനുകൂലികള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫിസിനു നേര്‍ക്ക് ആക്രമണം നടത്തിയതില്‍ ബ്രിട്ടന്‍ ശക്തമായ പ്രതികരണം നടത്താതിരുന്നതിനെത്തുടര്‍ന്നാണിത്.

ഇന്ത്യയില്‍ ചില രാജ്യങ്ങളുടെ എംബസികള്‍ക്ക് കാര്യമായ സുരക്ഷാ പ്രശ്‌നം ഇല്ലെന്നു വിലയിരുത്തിയാണ് കേന്ദ്രത്തിന്റെ നടപടി. ഭീഷണിയുണ്ടായിട്ടും യുകെയിലും യൂറോപ്പിലും ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് ആവശ്യത്തിനു സുരക്ഷ ഒരുക്കാന്‍ പല സര്‍ക്കാരുകളും തയാറാകുന്നില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണം ഉണ്ടായേക്കുമെന്ന രഹസ്യാന്വേഷണ വിവരം ഉണ്ടായിട്ടും ആവശ്യത്തിന് സുരക്ഷയൊരുക്കാന്‍ യു.കെ തയാറായില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.

സുരക്ഷാ കാര്യങ്ങള്‍ അല്ലാത്തവയിലും ബന്ധപ്പെട്ട നടപടികളെടുത്ത് ബ്രിട്ടീഷ് സര്‍ക്കാരിന് ശക്തമായ സന്ദേശം നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഖലിസ്ഥാന്‍ അനുകൂലിയും പിടികിട്ടാപ്പുള്ളിയുമായ അമൃത്പാല്‍ സിങിനായി നടത്തുന്ന തിരച്ചിലില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെ ഞായറാഴ്ചയാണ് ഇന്ത്യന്‍ പതാക താഴ്ത്തി ഖലിസ്ഥാന്‍ പതാക ഉയര്‍ത്താന്‍ ശ്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെയും ഖലിസ്ഥാന്‍ വാദികളുടെ ആക്രമണം ഉണ്ടായി. യു.എസ് സര്‍ക്കാര്‍ ഇതിനെ ശക്തമായി അപലപിച്ചെങ്കിലും പ്രാദേശിക ഭരണകൂടം ഇതുവരെ കാര്യമായ നടപടികള്‍ എടുത്തിട്ടില്ല. കാനഡ സര്‍ക്കാരും ഇന്ത്യാവിരുദ്ധ ശക്തികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കില്ലെന്ന വികാരമാണ് ഇന്ത്യയ്ക്കുള്ളത്.

 

webdesk11: