X
    Categories: MoreViews

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കി: കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം

 

ന്യൂഡല്‍ഹി: ഹജ്ജ് കമ്മിറ്റി വഴിയുള്ള തീര്‍ത്ഥാടകര്‍ക്ക് വര്‍ഷങ്ങളായി നല്‍കി വന്നിരുന്ന ഹജ്ജ് സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം മുതലുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സബ്‌സിഡി ലഭിക്കില്ല. സബ്‌സിഡി എടുത്തു കളഞ്ഞാലും 1.75 ലക്ഷം തീര്‍ത്ഥാടകര്‍ ഇത്തവണ ഇന്ത്യയില്‍നിന്ന് ഹജ്ജിന് പുറപ്പെടുമെന്നും ഇത് റെക്കോര്‍ഡ് സംഖ്യയാണെന്നും മന്ത്രി അവകാശപ്പെട്ടു.

ഹജ്ജ് സബ്‌സിഡി ഘട്ടം ഘട്ടമായി (2022നകം) അവസാനിപ്പിക്കണമെന്ന സുപ്രീംകോടതിയുടെ 2012ലെ വിധിയുടെ ചുവടു പിടിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുമെന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഹജ്ജ് നയത്തിലും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നത് പൂര്‍ത്തിയാക്കുകയും വിവിധ സംസ്ഥാന കമ്മിറ്റികള്‍ക്കുള്ള ക്വാട്ട വീതിച്ചു നല്‍കുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്ത ശേഷമാണ് ഹജ്ജ് സബ്‌സിഡി ലഭിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം. ഇത് സബ്‌സിഡി ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഹജ്ജ് കമ്മിറ്റി വഴി അപേക്ഷ നല്‍കിയ തീര്‍ത്ഥാടകരെ ദുരിതത്തിലാക്കും. നാലു ലക്ഷത്തോളം പേരാണ് ഇന്ത്യയില്‍നിന്ന് ഇത്തവണ ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. 1,75,000 പേര്‍ക്കാണ് ഇന്ത്യയില്‍നിന്ന് ഹജ്ജിന് അവസരം ലഭിക്കുക. ഇതില്‍ ഒന്നേകാല്‍ ലക്ഷത്തോളം പേരും ഹജ്ജ് കമ്മിറ്റി വഴി തീര്‍ത്ഥാടനത്തിന് പുറപ്പെടുന്നവരാണ്. കേരളത്തില്‍നിന്ന് മാത്രം 10,981 പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷം അവസരം ലഭിച്ചത്. ഇത്തവണ ഇതില്‍ കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കുമെന്നാണ പ്രതീക്ഷ. ഇവരെയെല്ലാം തീരുമാനം ബാധിക്കും.

”ന്യൂനപക്ഷങ്ങളുടെ ശാക്തീകരണവും അന്തസ്സ് ഉയര്‍ത്താനും ലക്ഷ്യമിട്ടുള്ളതാണ് തീരുമാന”മെന്ന് കേന്ദ്രമന്ത്രി അവകാശപ്പെട്ടു. ”ആരുടേയും ഔദാര്യമില്ലാതെ മുസ്്‌ലിംകള്‍ക്ക് ഹജ്ജിന് അവസരം ഒരുക്കുകയാണ് ലക്ഷ്യം. ഇതിനു വേണ്ടിയാണ് സബ്‌സിഡി എടുത്തു കളയുന്നത്. ഈ വര്‍ഷം മുതല്‍ കപ്പല്‍ മാര്‍ഗം ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ഒരുക്കാന്‍ സഊദിഭരണകൂടം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെ”ന്നും മന്ത്രി പറഞ്ഞു.
ചെറു പട്ടണങ്ങളില്‍നിന്ന് ഹജ്ജിനു പുറപ്പെടുന്നവര്‍ക്കുണ്ടാകുന്ന അസൗകര്യം കണക്കിലെടുത്ത് ഘട്ടം ഘട്ടമായേ സബ്‌സിഡി നിര്‍ത്തലാക്കാവൂ എന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന് വിരുദ്ധമായി സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ ഒറ്റയടിക്ക് പിന്‍വലിക്കുകയായിരുന്നു. ഇതോടെ സബ്‌സിഡി ഇനത്തില്‍ ലഭിച്ചിരുന്ന തുക കൂടി ഇനി അധികം നല്‍കേണ്ടി വരും. ഹജ്ജ് കമ്മിറ്റി – സ്വകാര്യ ഗ്രൂപ്പുകള്‍ തമ്മിലുള്ള നിരക്കിലെ അന്തരം കുറയാനും ഇത് കാരണമാകും. സ്വകാര്യ ഗ്രൂപ്പുകള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുമ്പോള്‍ തിരക്കുള്ള സീസണുകളില്‍ വിമാനയാത്രാകൂലി കുത്തനെ ഉയര്‍ത്തുന്ന വിമാനക്കമ്പനികളുടെ പകല്‍കൊള്ള അവസാനിപ്പിക്കാനും നടപടി വേണമെന്ന് മുസ്്‌ലിം സംഘടനകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ യാതൊരു നടപടിയും എടുക്കാതെയാണ് ഹജ്ജ് സബ്‌സിഡി നിര്‍ത്തിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എന്നത് ദുരിതം ഇരട്ടിയാക്കും.

ഹജ്ജ് സബ്‌സിഡിക്കായി ചെലവിട്ടിരുന്ന തുക ഇനി മുതല്‍ ന്യൂനപക്ഷ സമുദായങ്ങളിലെ വനിതകളുടെ വിദ്യാഭ്യാസ, ശാക്തീകരണ പദ്ധതികള്‍ക്കായി നീക്കിവെക്കുമെന്ന് മന്ത്രി പറഞ്ഞു. മുസ്്‌ലിം വനിതകളുടെ ശാക്തീകരണത്തിനു മാത്രമാണോ തുക വിനിയോഗിക്കുകയെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. കഴിഞ്ഞ വര്‍ഷം 450 കോടിയോളം രൂപയാണ് ഹജ്ജ് സബ്‌സിഡിക്കായി കേന്ദ്ര സര്‍ക്കാര്‍ നീക്കിവെച്ചിരുന്നത്.

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ രംഗത്തെത്തി. നിക്ഷിപ്ത താല്‍പര്യത്തോടെയുള്ള നടപടിയാണ് കേന്ദ്രത്തിന്റേതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഹജ്ജ് യാത്രക്ക് മാത്രമല്ല, ഹരിദ്വാര്‍, ഉജ്ജയിന്‍, നാസിക്, അലഹാബാദ് കുംഭ മേളകളില്‍ പങ്കെടുക്കാനും കൈലാഷ് മാനസ സരോവര്‍ യാത്രക്കും തിബറ്റന്‍ യാത്രക്കും സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. മാനസ സരോവര്‍ യാത്രക്ക് നല്‍കുന്ന സബ്‌സിഡി 25,000 രൂപയില്‍നിന്ന് 30,000 രൂപയായി ഉയര്‍ത്താന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനമെടുത്തത് അടുത്തിടെയാണ്. ഇവയിലൊന്നും തൊടാതെയാണ് ഹജ്ജ് സബ്‌സിഡി മാത്രം നിര്‍ത്തലാക്കാനുള്ള തീരുമാനം. പണമുള്ളവര്‍ക്ക് മാത്രം നിര്‍ബന്ധമായ കര്‍മ്മം എന്ന നിലയാണ് ഹജ്ജ് സബ്‌സിഡി എടുത്തു കളയുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഹജ്ജ് കര്‍മ്മത്തിന് മതപരമായ വിലക്കില്ലെന്നിരിക്കെ, ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുകയെന്ന മുസ്്‌ലിംകളുടെ ജീവിതാഭിലാഷത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തുരങ്കം വെക്കുന്നത്.

chandrika: