X

മറക്കാനാവാത്ത വെള്ളിയാഴ്ച

ടി.എ അബ്ദുല്‍ വഹാബ്‌

സി.എച്ച് മുഹമ്മദ്‌കോയ കേരളത്തിന്റെ പത്താമത് മുഖ്യമന്ത്രിയായിരുന്നത് കുറച്ചുകാലമാണെങ്കിലും ഇ.എം.എസ്, സി. അച്യുതമേനോന്‍, എ.കെ ആന്റണി, പി.കെ വാസുദേവന്‍ നായര്‍ തുടങ്ങിയ മന്ത്രിസഭകളില്‍ അദ്ദേഹം ദീര്‍ഘകാലം വിദ്യാഭ്യാസ മന്ത്രിയായും സി. അച്യുത മേനോന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായും അവസാനം 1982ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം പൊതുമരാമത്തുമന്ത്രിയായും അവരോധിതനായിരുന്നു. 1983 സെപ്തംബര്‍ 28-ന് ഹൈദ്രാബാദില്‍ നടന്ന തെന്നിന്ത്യന്‍ വ്യവസായ മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ അവസരത്തിലാണ് അവിടെവച്ച് അന്ത്യം സംഭവിച്ചതും.

1979 ഒക്‌ടോബര്‍ 12ന് വെള്ളിയാഴ്ചയാണ് സി.എച്ച് കേരളത്തിന്റെ മുഖ്യമന്ത്രിപദം ഏറ്റെടുക്കുന്നത്. പാളയം ജുമുഅ മസ്ജിദില്‍ നിന്നും ജുമുഅ നമസ്‌കാരാനന്തരം സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി ബി.വി അബ്ദുള്ളക്കോയ, സി.എച്ചിന്റെ സന്തതസഹചാരി പി. സീതിഹാജി, പുത്രന്‍ വിദ്യാര്‍ത്ഥിയായ എം.കെ മുനീര്‍ എന്നിവര്‍ക്കൊപ്പം ജുമുഅ കഴിഞ്ഞിറങ്ങിയ വലിയ ജനാവലിയുടെ സാന്നിധ്യത്തില്‍ സി.എച്ച് രാജ്ഭവനിലേക്ക് യാത്രതിരിച്ചു.

രാജ്ഭവനില്‍ രണ്ടരക്ക് നടന്ന സത്യപ്രതിജ്ഞാചടങ്ങില്‍ ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലം സത്യവാചകം ചെല്ലിക്കൊടുത്തു. സി.എച്ചിനെ കൂടാതെ പി.എസ്.പി യിലെ എന്‍.കെ ബാലകൃഷ്ണനും എന്‍.ഡി.പിയിലെ ഭാസ്‌ക്കരന്‍നായരും സത്യവാചകം ചൊല്ലി മന്ത്രിമാരായി ചുമതലയേറ്റു. പിന്നീട് സെക്രട്ടറിയേറ്റിലെത്തി സി.എച്ച് ആദ്യം ഒപ്പിട്ട ഫയല്‍ അനാഥശാലകളിലെ അന്തേവാസികളുടെ ഗ്രാന്റ് വര്‍ധിപ്പിച്ചു കൊടുക്കുന്നതായിരുന്നു. രണ്ടാമത് സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു കൊടുക്കുന്നതായിരുന്നുവെന്ന് സി.എച്ചിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി.കെ മുഹമ്മദ് ഇഖ്ബാല്‍ ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു. അന്നു വൈകുന്നേരം ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി തിരുവനന്തപുരം ഗാന്ധി പാര്‍ക്ക് മൈതാനിയില്‍ നല്‍കിയ ആയിരങ്ങള്‍ പങ്കെടുത്ത സ്വീകരണയോഗത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗം കേട്ടുനിന്നവര്‍ നടത്തിയ ആര്‍പ്പുവിളികളും തക്ബീര്‍ ധ്വനികളും ആകാശ മുഖരിതമായിരുന്നു. അതിങ്ങനെ ‘അല്ലാഹുവിന്റെ പരിശുദ്ധ നാമത്തില്‍ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ഞാന്‍ അധര്‍മ്മത്തിനും അനീതിയ്ക്കും ഒരിക്കലും കൂട്ടുനില്‍ക്കില്ല; എന്റെ സമുദായത്തിന്റെ ന്യായമായ അവകാശങ്ങളില്‍ നിന്നും ഒരു തലനാരിഴപോലും ആര്‍ക്കും ഞാന്‍ വിട്ടുകൊടുക്കില്ല. അതുപോലെ മറ്റു സമുദായക്കാരുടെ അവകാശങ്ങളില്‍ നിന്നും ഒരു മുടിനാരിഴ പോലും കവര്‍ന്നെടു ക്കുകയുമില്ല.’ എന്ന മാലോകരെ അമ്പരപ്പിച്ച പ്രഖ്യാപനം അധികാരത്തിലിരുന്ന് 56-ാം വയസ്സില്‍ മരണമടയുന്നതുവരെ ഉയര്‍ത്തിപ്പിടിച്ചിരുന്നു. മുസ്‌ലിംലീഗിനെ ഉയര്‍ച്ചയില്‍നിന്നും ഉയര്‍ച്ചയിലേക്ക് അദ്ദേഹം നയിച്ച വഴിയും അതുതന്നെയായിരുന്നു.

സി.എച്ചിന്റെ വിയോഗശേഷം 1993 സെപ്തംബറില്‍ പ്രസിദ്ധീകരിച്ച ‘സി.എച്ച് മുഹമ്മദ്‌കോയ-നിയമസഭാ പ്രസംഗങ്ങള്‍’ എന്ന വിലപ്പെട്ട ഗ്രന്ഥത്തിന് നിരൂപണമെ ഴുതിയവരില്‍ പ്രമുഖനായ കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിയും ലീഡര്‍ എന്നറിയപ്പെട്ടിരുന്ന കെ. കരുണാകരന്‍ ‘സി.എച്ച് എന്റെ ആത്മമിത്രം, വിയോഗം എന്നെ തളര്‍ത്തി’ എന്ന തലക്കെട്ടിലെ ലേഖനത്തില്‍ പ്രതിപാദിച്ചിരിക്കുന്നത് ഇങ്ങനെ ‘സി.എച്ച് മുഹമ്മദ് കോയയ്ക്ക് തുല്യം പൊതുരംഗത്ത് മുഹമ്മദ് കോയയെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. പല മന്ത്രിസഭകളിലുമായി ദീര്‍ഘകാലം ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നതിനാല്‍ സി.എച്ചിനെ എനിക്ക് വളരെ അടുത്തറിയാനും സഹോദര നിര്‍വിശേഷമായ സ്‌നേഹാതിരേകത്തോടെ ഞങ്ങള്‍ക്കിടപഴകാനും സാധിച്ചിരുന്നു’. നീണ്ട ലേഖനത്തില്‍ മറ്റൊരിടത്ത് പറഞ്ഞിരുന്നത് ഇങ്ങനെ ‘മുസ്‌ലിം സമുദായത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി അഹോരാത്രം പ്രവര്‍ത്തിച്ചിരുന്ന നേതാവായിരുന്നു സി.എച്ച്. താന്‍ കൂടി മുന്‍കൈയെടുത്ത മലപ്പുറം ജില്ലയുടെ രൂപവല്‍ക്കരണത്തില്‍ അത്യധികം ആഹ്ലാദം കൊണ്ട ആളാണദ്ദേഹം. കാലിക്കറ്റ് സര്‍വകലാശാല യാകട്ടെ സി.എച്ചിന്റെ മാനസസന്തതിയാണ്. പ്രസ്തുത സര്‍വകലാശാലയുടെ സ്ഥാപനം സി. എച്ചിന്റെ ചിരകാലാഭിലാഷത്തിന്റെ സാക്ഷാത്ക്കാരമായിരുന്നു. ഇവ രണ്ടും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നണിയില്‍ നില്‍ക്കുന്ന മലബാറിലെ പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പുരോഗതിയുടെ വാതായനം തുറന്നു നല്‍കുമെന്ന് സി.എച്ച് ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു. അറബി അധ്യാപനത്തിന് പ്രോത്സാഹനം നല്‍കുകയും മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ പഠനത്തിന് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്തതും സി.എച്ച് ആണ്. ഇതിന്റെയെല്ലാം പേരില്‍ എന്താക്ഷേപം സഹിക്കാനും സി.എച്ച് തയ്യാറായിരുന്നു. സ്വന്തം സമുദായത്തെ ഉന്നതിയിലെത്തിക്കാനുള്ള അദമ്യമായ അഭിവാഞ്ചയെക്കുറിച്ച് സൂചിപ്പിക്കുമ്പോള്‍ ഒരു വസ്തുത കൂടി എനിക്ക് സൂചിപ്പിക്കാനുണ്ട്. അതെന്താന്നാല്‍ സ്വസമുദായത്തെ എത്രത്തോളം സ്‌നേഹിച്ചിരുന്നുവോ അതിലധികം ഇന്ത്യയെ അദ്ദേഹം സ്‌നേഹിച്ചിരുന്നു. നമസ്‌ക്കാരതഴമ്പും ചന്ദനക്കുറിയും കുരിശും ഒന്നിച്ചു ഘോഷയാത്ര നടത്തുന്ന കേരളമാണ് തന്റെ സ്വപ്‌നമെന്ന് ഉറക്കെ പറഞ്ഞ ഭരണാധികാരിയായിരുന്നു’ സി.എച്ച് എന്ന് കരുണാകരന്‍ തന്റെ കുറിപ്പില്‍ എടുത്തുപറഞ്ഞിരുന്നു.

 

 

web desk 3: