കൊല്‍ക്കത്ത: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് കടുത്ത മറുപടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ദ്വിദിന സന്ദര്‍ശനത്തിനിടെ
കൊല്‍ക്കത്തയില്‍ ഷാ നടത്തിയ ആരോപണങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമെതിരായാണ് മമത രൂക്ഷമായി പ്രതികരിച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസിനെ ജയിലാക്കുമെന്ന ബിജെപി ഭീഷണിയെ ഞങ്ങള്‍ തെല്ലും ഭയക്കുന്നില്ലെന്ന് പറഞ്ഞ മമതാ, വിരട്ടല്‍ ഇങ്ങോട്ടു വേണ്ടെന്നും ബിജെപിയുടെ ഭീഷണിയില്‍ പേടിക്കുന്നയാളല്ല താതെന്നും തിരിച്ചടിച്ചു.

ബംഗാളില്‍ അധികാരം സ്ഥാപിക്കാന്‍ ഡല്‍ഹിയില്‍ നിന്നെത്തി നുണപ്രചാരണം നടത്തുകയാണ് ബിജെപിയെന്ന് മമത കുറ്റപ്പെടുത്തി. അപകീര്‍ത്തിപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും വരുതിയിലാക്കാനാണ് ബിജെപിയുടെ ശ്രമം. എന്നാല്‍, എന്നെ വെല്ലുവിളിക്കുന്നവരുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ എനിക്കു വളരെ സന്തോഷമാണ്. വരും ദിനങ്ങളില്‍ മുന്നേറ്റം തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പമാണ്. അധികാരം കൈയാളുന്നത് തൃണമൂല്‍ കോണ്‍ഗ്രസായിരിക്കും. ബിജെപി എന്തിനാണ് ഞങ്ങളെ ഭയക്കുന്നതെന്ന കാരണം വളരെ വ്യക്തമാണ്. വൈകാതെ ഡല്‍ഹി ഞങ്ങള്‍ പിടിക്കുമെന്നും, മമതാ ബാനര്‍ജി പറഞ്ഞു. ,

amit-shah-having-lunch-on-banana-leaves_650x400_61493128876

ബിജെപിക്ക് സാന്നിധ്യമില്ലാത്ത അഞ്ച് സംസ്ഥാനങ്ങളിള്‍ നടത്തിയ പതിനഞ്ച് ദിന പര്യടനത്തിന്റെ ഭാഗമായാണ് അമിത് ഷാ ബംഗാളിലെത്തിയത്.
എന്നാല്‍, ബംഗാളില്‍ അമിത് ഷാ ബൂത്ത് തലത്തില്‍ നടത്തിയ പ്രചരണങ്ങളെയും ഗ്രാമങ്ങളില്‍ സന്ദര്‍ശിച്ചതിനെയും മമത വിമര്‍ശിച്ചു. ഗുജറാത്തിലെ പ്രശ്‌നങ്ങള്‍ നേരേ ചൊവ്വെ കൈകാര്യം ചെയ്യാന്‍ കഴിയാത്തവരാണ് ബംഗാളില്‍ കണ്ണുവയ്ക്കുന്നതെന്നും മമത പരിഹസിച്ചു.

ബിജെപിയുടേത് ഇരട്ടത്താപ്പാത്ത് നയമാണ്. അവര്‍ പകല്‍ വെളിച്ചത്തില്‍ ചേരികളില്‍ പോകുകയും രാത്രി പഞ്ചനക്ഷത്ര ഹോട്ടലുകളില്‍നിന്നു ഭക്ഷണം കഴിക്കുകയും ചെയ്യും. ദരിദ്രരെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ദരിദ്രരെന്ന് വിളക്കുന്നത് ശരിയല്ല, മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.