X

കേരള പൊലീസ് ഇപ്പോള്‍ നാഥനില്ലാ കളരി; സേനയിലെ അശാസ്ത്രീയ പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

പൊലീസ് സേനക്കുള്ളിലെ ജോലി സമ്മര്‍ദ്ദം രൂക്ഷമാണെന്നത് കാണിക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഐ നവാസിനെ കാണാതാകുകയും പിന്നീട് കണ്ടെത്തുകയുമടക്കമുള്ള സംഭവങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കേരള പൊലീസ് ഇപ്പോള്‍ നാഥനില്ലാ കളരിയാണെന്ന് കാര്യം ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാവുകയാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി ഭാരം വര്‍ദ്ധിച്ചു. സേനയില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഈ സമ്മര്‍ദ്ദമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എച്ച് എസ് ഒമാരായി, എഡിജിപി ഇല്ല പകരം ചുമതല ഐജിമാര്‍ക്കാണ്. ഈ പരിഷ്‌കാരങ്ങളില്‍ പരാതിയുമായി ഒരുപാട് പേര്‍ രംഗത്തെത്തുന്നുണ്ട്. പൊലീസിനെ നിയന്ത്രിക്കാന്‍ ഇപ്പോള്‍ ആളില്ല. മുഖ്യമന്ത്രിക്ക് പൊലീസ് സേനയില്‍ നിയന്ത്രണമില്ല. പൊലീസ് സേനയില്‍ അച്ചടക്കമില്ലെന്നും നിലവിലെ അവസ്ഥ ആശാങ്കാ ജനകമാണെന്നും ചെന്നിത്തല പറഞ്ഞു. സിഐയെ കണാതായതും പിന്നീട് കണ്ടെത്തിയതും രോഗ ലക്ഷണമാണ്. ഈ വിഷയം സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ പരിഹരിക്കാന്‍ കഴിയേണ്ടതാണ്. എന്നാല്‍ ഇതിന് കഴിയാത്ത അവസ്ഥയാണ് കേരള പൊലീസ് നേരിടുന്നത്.

പോസ്റ്റല്‍ ബാലറ്റ് കേസില്‍ താന്‍ കോടതയില്‍ ഉന്നയിച്ചത് തെളിയിക്കുന്നതാണ് പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട പൊലീസുകാരന്റെ രാജി. ആരോടും ചോദിക്കാതെ ഏകപക്ഷീയമായി നടത്തുന്ന പരിഷ്‌കാരങ്ങള്‍ ഉണ്ടാക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കണമെന്ന കാര്യത്തില്‍ ഭരണമുന്നണിയില്‍ തന്നെ എതിര്‍പ്പുണ്ട്. ഏകപക്ഷീയമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഐപിഎസ് – ഐഎസ് ശീതസമരം കൂടുതല്‍ വര്‍ദ്ധിക്കുകയാണ് ഇതുവഴി ഉണ്ടായത്.

റവന്യൂ മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കേണ്ടി വരുന്നത് ഭരണസമിതിക്ക് സര്‍ക്കാരില്‍ കൂട്ട് ഉത്തരവാദിത്വമില്ല എന്നതിന്റെ തെളിവാണ്. ഭരണതലത്തിലെ വീഴ്ചകളാണ് ഇതിന് കാരണം. പൊലീസ് സേനയിലെ അശാസ്ത്രീയ പരിഷ്‌കാരങ്ങലില്‍ സേനക്കുള്ളില്‍ തന്നെ അതൃപ്തിയുണ്ട്. ഇത് യാഥാര്‍ത്ഥ്യ ബോധത്തോടെ പരിശോധിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

chandrika: