X

പരാജയത്തിന്റെ ഉത്തരവാദിത്വം ആന്റണിയുടെ മാത്രം തലയില്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ല ; രമേശ് ചെന്നിത്തല

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏ കെ ആന്റണിക്കാണെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനെതിരെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് സഖ്യങ്ങളുടെ പേരില്‍ ഒരു നേതാവിനെ മാത്രം ഒറ്റതിരിഞ്ഞു ആക്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കേരളം ദേശീയ രാഷ്ട്രീയത്തിന് സംഭാവന ചെയ്ത നേതാക്കളില്‍ ഒരാളാണ് ഏ. കെ. ആന്റണി. ഉന്മൂലന രാഷ്ട്രീയത്തിന്റെയും വര്‍ഗീയതയുടെയും പിടിയില്‍ അകപ്പെടാതെ എഴുപതുകളില്‍ കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് ദിശാബോധം നല്‍കിയത് ഏകെ ആന്റണിയുടെ നേതൃത്വം ആയിരുന്നു. ഏറ്റവും ചെറിയ പ്രായത്തില്‍ കേരളത്തിന്റെ കെപിസിസി അധ്യക്ഷ പദവിയിലും മുഖ്യമന്ത്രി കസേരയിലും അദ്ദേഹത്തെ എത്തിച്ചത് വിട്ടുവീഴ്ച ഇല്ലാത്ത നിലപാടുകളായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയെ കേരളത്തില്‍ ശക്തിപ്പെടുത്തിയതില്‍ സുപ്രധാന പങ്ക് വഹിച്ച നേതാവാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടപ്പോഴും 19 ലോക്‌സഭംഗങ്ങളെ സംഭാവന ചെയ്യാന്‍ കേരളത്തെ പ്രാപ്തമാക്കിയത് ഏ കെ ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസിന് ഇട്ടുനല്‍കിയ ഉറപ്പുള്ള അസ്ഥിവാരമാണ്. ഈ അടിത്തറയില്‍ നിലയുറപ്പിച്ചു നിയമസഭയിലും തെരുവിലും യുഡിഎഫ് നടത്തിയ സമരപരമ്പരകളുടെ വിജയമാണ് ഈ ജനവിധി. യുഡിഎഫ് പ്രവര്‍ത്തകരുടെ ചോരയും വിയര്‍പ്പുമാണ് ഈ വിജയം.

മതേതരത്വം വെല്ലുവിളി നേരിടുന്ന കാലത്ത് എല്ലാവിഭാഗം ആളുകള്‍ക്കും ഒരേ പോലെ ആശ്രയിക്കാവുന്ന ദേശീയ നേതാവ് ആര് എന്ന പുതുതലമുറയുടെ ചോദ്യത്തിന് ചൂണ്ടിക്കാണിക്കാവുന്ന വ്യക്തിത്വമാണ് ഏ കെ. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടതിന്റെ ഉത്തരവാദിത്വം ഏ കെ ആന്റണിയുടെ മാത്രം തലയില്‍ കെട്ടിവച്ചു സാമൂഹ്യമാധ്യമങ്ങളില്‍ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങള്‍ ശ്രദ്ധയില്‍പെട്ടത് കൊണ്ടാണ് ഞാന്‍ ഇത്രയും കുറിച്ചത്.

ഇന്ദിരാഗാന്ധി അടക്കമുള്ള ദേശീയ നേതാക്കള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപെട്ടപ്പോള്‍ കോണ്‍ഗ്രസ്യുഗം അവസാനിച്ചു എന്ന് പലരാഷ്ട്രീയ നിരീക്ഷകരും വിധിയെഴുതി. ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഫീനിക്‌സ് പക്ഷിയെ പോലെ കോണ്‍ഗ്രസ് ചിറകടിച്ചു ഉയരുന്ന കാഴ്ചയാണ് പിന്നീട് ലോകംകണ്ടത്. തിരിച്ചടിയും തിരിച്ചുവരവും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. എഴുതി തള്ളുന്നവരുടെ തലയ്ക്കു മുകളിലൂടെ കോണ്‍ഗ്രസ് വീണ്ടും പറന്നുയരും.

ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഒരു കൂട്ടായ പ്രവര്‍ത്തത്തിന്റെ ഭാഗമാണ്. പല മുതിര്‍ന്ന നേതാക്കള്‍ക്കും വിവിധസംസ്ഥാനങ്ങളുടെ ചുമതല നല്‍കിയിരുന്നു. ചാര്‍ജുള്ള ജനറല്‍ സെക്രട്ടറിമാര്‍ കോണ്‍ഗ്രസ് അധ്യക്ഷനും മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ചാണ് തെരഞ്ഞെടുപ്പ് സഖ്യം ഉള്‍പ്പെടെ രൂപപ്പെടുത്തിയത്.സഖ്യം ഉണ്ടാക്കിയ സംസ്ഥാനങ്ങളില്‍ പോലും കോണ്‍ഗ്രസിന് തിരിച്ചടി നേരിടേണ്ടിവന്നു എന്ന് മറക്കരുത്.

ഈ പരാജയത്തില്‍ ഏ കെ ആന്റണിയെ കുറ്റപ്പെടുത്തുന്നവര്‍ പ്രസ്ഥാനത്തിന്റെ തിരിച്ചുവരവിനല്ല ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാണ്. ആദര്‍ശം മുറുകെ പിടിക്കുന്ന നേതാവിനെ ചെളി വാരിഎറിയാനും ഒറ്റപ്പെടുത്താനുമുള്ള നീക്കം ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും അംഗീകരിക്കാനാവില്ല. ലീഡര്‍ കെ.കരുണാകരനെയും ഏ കെ ആന്റണിയെപോലുള്ള നേതാക്കന്മാര്‍ കൊണ്ട വെയിലാണ് ഇന്നത്തെ കോണ്‍ഗ്രസിന്റെ തണല്‍. മതേതരത്വത്തിന്റെയും ആദര്‍ശശുദ്ധിയുടെയും മുഖമായി ഏ കെ ആന്റണി ഉയര്‍ന്നു നില്‍ക്കുന്നത് എന്നും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഉള്‍കരുത്താണ്.

പരാജയത്തിന്റെ പാപഭാരം ഒരാളില്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ യഥാര്‍ത്ഥ കാരണം കണ്ടെത്താതെ പോകുന്നു. ജനങ്ങളില്‍ നിന്ന് അകലുമ്പോള്‍ പാര്‍ട്ടിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. രാജ്യം വിഭജന ത്തിന്റെയും വര്‍ഗീയതയുടെയും വിഷലിപ്തമായ അന്തരീക്ഷത്തിലൂടെയാണ് കടന്നു പോകുന്നത്. വര്‍ഗീയതയെ സ്‌നേഹത്തിന്റെ രാഷ്ട്രീയം കൊണ്ടാണ് നാം നേരിടേണ്ടത്. പോസിറ്റീവ് ശ്രമങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു സംഘടനയെ ശക്തിപ്പെടുത്തടുത്താനാണ് ഓരോരുത്തരും തയ്യാറാകേണ്ടത്. ഒരുമിച്ചു നില്‍ക്കലും വെറുപ്പിന്റെ പ്രത്യയ ശാസ്ത്രത്തെ തുറന്നുകാട്ടലുമാണ് രാജ്യവും കാലവും കോണ്‍ഗ്രസിനോട് ആവശ്യപ്പെടുന്നത. ്‌

web desk 3: