തിരുവനന്തപുരം: വ്യാജവാര്‍ത്ത കണ്ടെത്താനുള്ള സമിതി അംഗമായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച നടപടിയില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കള്ളം പറയുമ്പോള്‍ എന്തു വ്യാജവാര്‍ത്ത കണ്ടെത്താനാണെന്ന് ചെന്നിത്തല പരിഹസിച്ചു. ശ്രീറാമിന്റെ നിയമനം പിന്‍വലിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ശ്രീറാമിന്റെ നിയമന ഉത്തരവ് പിന്‍വലിക്കണം. തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കുന്ന ജോലിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. അതിന്റെ പ്രകടമായ ഉദാഹരണമാണ് ശ്രീറാമിന്റെ നിയമനമെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. അത്തരത്തിലുള്ള ഒരാളെ വ്യാജവാര്‍ത്ത കണ്ടെത്താന്‍ നിയോഗിക്കുന്നത് തെറ്റായ നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു.

വ്യാജവാര്‍ത്തകള്‍ കണ്ടെത്താനുള്ള പി.ആര്‍.ഡിയുടെ ഫാക്ട് ചെക്ക് വിഭാഗത്തിലാണ് ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ സസ്‌പെന്‍ഷനിലായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ശ്രീറാമിനെ സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്തത്.