തിരുവനന്തപുരം: കേരളത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താനും വര്‍ഗീയ ചേരിതിരിവുണ്ടാക്കാനും മുഖ്യമന്ത്രിയും ഇടത് മുന്നണിയും ബോധപൂര്‍വമായി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തെ വര്‍ഗീയ ചേരിതിരിവിലേക്ക് നയിക്കാനും അതുവഴി തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ നേടിയടുക്കാന്‍ സാധിക്കുമെന്ന ധാരണയാണ് ഇടതുമുന്നണിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് അപ്രസക്തം എന്ന വ്യാജപ്രചരണമാണ് നടക്കുന്നത്. യുഡിഎഫിനെ അപ്രസക്തമാക്കി ബിജെപിയെ വളര്‍ത്താനുളള തന്ത്രമാണ് സിപിഎം സ്വീകരിക്കന്നത്.

കേരളത്തിന്റെ ചരിത്രത്തില്‍ ബിജെപി ക്ലച്ച് പിടിക്കില്ല എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. ഭരണാധികാരം ഉപയോഗിച്ച് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയോടെയും കേരളം പിടിച്ചടക്കിക്കളയാം എന്ന ബിജെപിയുടെ അവകാശവാദം പൊളിഞ്ഞുവീണു. ഏതാനും ചില പോക്കറ്റുകളില്‍ മാത്രമാണ് അവര്‍ക്ക് സാന്നിദ്ധ്യം തെളിയിക്കാന്‍ സാധിച്ചത്. മധ്യകേരളത്തില്‍ യുഡിഎഫ്, പ്രത്യേകിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് സ്വാധീനം നിലനിര്‍ത്താന്‍ സാധിച്ചുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

യുഡിഎഫിന് പാളിച്ചകളുണ്ടായിട്ടുണ്ടെന്നും അവ പരിശോധിക്കുമെന്നും പോരായ്മകള്‍ തിരുത്തുമെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടാകാത്ത വിധം ഭരണാധികാരം ഉപയോഗിച്ചുള്ള അഴിമതിയും കൊള്ളയും നിര്‍ബാധം നടന്നുകൊണ്ടിരിക്കുകാണ്. ഇതെല്ലാം പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ നേരിയ വിജയംകൊണ്ട് ഇല്ലാതായി എന്ന ഇടതുമുന്നണിയുടേയും മുഖ്യമന്ത്രിയുടേയും വാദം നിരര്‍ത്ഥകമാണ്. ഇതൊന്നും കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

കെ.പി.സി.സി അധ്യക്ഷനെതിരായ മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് നിലവാരമില്ലായ്മയാണ് കാണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യത്തില്‍ മുസ്ലീം ലീഗ് ഇടപെടാറില്ല. ഇത് മോശമായിപ്പോയി. വര്‍ഗീയ ധ്രുവീകരണത്തിന് വേണ്ടി മുഖ്യമന്ത്രി ബോധപൂര്‍വം ശ്രമിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.