തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല രംഗത്ത്. ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിലെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഉത്തരം നഷ്ടപ്പെട്ട മന്ത്രി തോമസ് ഐസക് കൊഞ്ഞനം കുത്തുകയാണെന്ന് ചെന്നിത്തല പറഞ്ഞു.

തനിക്ക് കൃത്യമായ മറുപടി നല്‍കാന്‍ ഐസക്കിന് കഴിഞ്ഞില്ല. വ്യക്തിപരമായി ആക്ഷേപം ഉന്നയിച്ചതില്‍ വിഷമം ഉണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ ഇതര സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ കഴിഞ്ഞ 20ന് തന്നെ കൃത്യമായ നടപടികള്‍ സ്വീകരിച്ചപ്പോള്‍ ഐസക് ഒന്നും ചെയ്തില്ലെന്നും ചെന്നിത്തല പറഞ്ഞു.

താനല്ല അപ്രസക്തന്‍, തോമസ് ഐസക്കാണ് അപ്രസക്തന്‍. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചതെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിന് വീഴ്ച്ച സംഭവിച്ചെന്ന് ചെന്നിത്തല പറഞ്ഞപ്പോള്‍ അപ്രസക്തന്‍ എന്നാണ് തോമസ് പറഞ്ഞത്.