കൊച്ചി: മധ്യപ്രദേശില്‍ മലയാളി സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തവെ തടഞ്ഞ ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിന്റെ സംസ്‌കാരമാണ് തന്നെ തടഞ്ഞതിലൂടെ പുറത്തുവന്നതെന്ന് അദ്ദേഹം പറഞ്ഞു. അകാരണമായാണ് തന്നെ തടഞ്ഞത്. ആര്‍എസ്എസ് ആയതിനാലാണ് മധ്യപ്രദേശ് സര്‍ക്കാര്‍ നടപടി സ്വീകരിക്കാതിരുന്നത്. തെറ്റ് സംഭവിച്ചതിനു ശേഷം ഖേദം പ്രകടിപ്പിച്ചിട്ട് എന്തു കാര്യമാണുള്ളതെന്ന് പിണറായി ചോദിച്ചു. മധ്യപ്രദേശ് സര്‍ക്കാറിനെ നേരത്തെ തന്നെ തന്റെ സന്ദര്‍ശന പരിപാടി അറിയിച്ചിരുന്നു. എന്നിട്ടും സുരക്ഷാ മുന്‍കരുതല്‍ ഒരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടതായും പിണറായി പറഞ്ഞു. പ്രതിഷേധക്കാരെ തടയുന്നതിനു പകരം പ്രതിഷേധത്തിന്റെ പേരില്‍ തന്നെ മടക്കിയയച്ചത് ശരിയായില്ല. ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം രൂക്ഷമായിരുന്ന സമയത്ത് തലശ്ശേരിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സന്ദര്‍ശനം നടത്തിയിരിരുന്നു. സംഘര്‍ഷ സാധ്യതയുണ്ടായിരുന്ന ആ സമയത്തു പോലും അദ്ദേഹത്തിന് കേരളത്തില്‍ യാതൊരു വിധത്തിലുമുള്ള സുരക്ഷാ വീഴ്ച സംഭവിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.