X

മുഖ്യമന്ത്രി നിഴലിനോട് യുദ്ധം ചെയ്യരുത്-എഡിറ്റോറിയല്‍

ജൂണ്‍ 13ന് കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ യാത്ര ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനുനേരെ യൂത്ത് കോണ്‍ഗ്രസിന്റെ രണ്ടു പ്രവര്‍ത്തകര്‍ നടത്തിയ സമാധാനപരവും പ്രതീകാത്മകവും ഭരണഘടനാനുസൃതവുമായ പ്രതിഷേധത്തെ ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോലാഹലത്തിന് കോപ്പുകൂട്ടിയിരിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാരും മുഖ്യമന്ത്രിയും. അന്ന് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കുറ്റമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മൂന്നു പേര്‍ക്കെതിരെ ചാര്‍ത്തി ജയിലിലടച്ചതെങ്കില്‍ ഇന്നലെ സംഘടനയുടെ സംസ്ഥാന ഉപാധ്യക്ഷനും അരുവിക്കര മുന്‍എം. എല്‍.എയുമായ കെ.എസ് ശബരീനാഥനെതിരെയും സമാനമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ചോദ്യംചെയ്യാനെന്നപേരില്‍ വിളിച്ചുവരുത്തിയ ശബരീനാഥനെ മിനിറ്റുകള്‍ക്കകം അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കുകയും അദ്ദേഹത്തെ ജയിലിലിടാന്‍ ശ്രമിക്കുകയുമാണ് സര്‍ക്കാരും മുഖ്യമന്ത്രിയും. ഒരു ചെറിയ സംഭവത്തിന്റെ പേരില്‍ സി.പി.എമ്മും മുഖ്യമന്ത്രിയും ഇങ്ങനെ പ്രതിപക്ഷത്തിനുനേരെ നീങ്ങുന്നതെന്തിനാണെന്ന സംശയത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. അത് അഴിമതിയുടെയും കള്ളക്കടത്തിന്റെയും ദുര്‍ഗന്ധത്തില്‍ മുങ്ങിയിരിക്കുന്ന സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും രക്ഷിക്കാന്‍ ഉന്നമിട്ടുള്ളതാണെന്നതില്‍ സംശയമില്ല. സംസ്ഥാനത്ത് ഇതാദ്യമായാണ് മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന്റെ പേരില്‍ വധശ്രമത്തിന് പ്രതിപക്ഷത്തെ നേതാവിനെതിരെ കേസെടുക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാനതല വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ശബരീനാഥന്‍ പോസ്റ്റ്‌ചെയ്തതെന്നു പറയുന്ന വാക്കുകളില്‍ പിടിച്ചാണ് പൊലീസും മുഖ്യമന്ത്രിയും അദ്ദേഹത്തിനെതിരെ അറസ്റ്റുമായി രംഗത്തുവന്നിട്ടുള്ളത്. അങ്ങനെയെങ്കില്‍ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടിച്ചുതള്ളിയ ഇടതുമുന്നണി കണ്‍വീനര്‍ക്കെതിരെ കേസെടുക്കാത്തതെന്തുകൊണ്ടാണ്? കേസില്‍ ഉപാധികളോടെ കോടതി നല്‍കിയ ജാമ്യം സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്.

ഇന്നലത്തെ സംഭവഗതികള്‍ നോക്കുമ്പോള്‍ മനസിലാകുന്നത് മുഖ്യമന്ത്രി വല്ലാതെ ഭയപ്പെട്ടിരിക്കുന്നുവെന്നാണ്. ജൂണ്‍ ആദ്യമാണ് സ്വര്‍ണക്കള്ളക്കടത്തുകേസിലെ പ്രതി സ്വപ്‌നസുരേഷ് കോടതിയില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും സി.പി.എം നേതാക്കള്‍ക്കുമെതിരായി രഹസ്യമൊഴി സമര്‍പ്പിച്ചത്. തുടര്‍ന്ന് അത് പുറത്തുപറയുകയും കൂടുതല്‍ വിവരങ്ങള്‍ അവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുംചെയ്തു. അതില്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ബിരിയാണിച്ചെമ്പില്‍ സ്വര്‍ണം കൊണ്ടുപോയതും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ നിരന്തരം താന്‍ തനിച്ച് സന്ദര്‍ശനം നടത്തിയതുമെല്ലാം വെളിപ്പെടുത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കും യു.എ.ഇ ഭരണാധികാരികളുമായും ആ രാജ്യത്തിന്റെ കോണ്‍സുലേറ്റുമായും ബന്ധമുണ്ടെന്നും അതുവഴിയാണ് സ്വര്‍ണ-കറന്‍സി കടത്ത് നടത്തിയതുമെന്നുമാണ് അവര്‍ പറഞ്ഞത്. ഇതിന്റെ പേരില്‍ മുമ്പ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെയും കേസെടുക്കുകയും അദ്ദേഹത്തിന് മൂന്നു മാസത്തിലധികം ജയിലില്‍ കിടക്കേണ്ടിവരികയും ചെയ്തതാണ്. എന്നാല്‍ ഇതിനൊന്നും വ്യക്തമായ മറുപടിയോ കേസ് നേരിടാനുള്ള സന്നദ്ധതയോ കാണിക്കാത്ത പിണറായി വിജയന്‍ പ്രതിപക്ഷത്തെയും ആരോപണമുന്നയിച്ചവരെയും വാക്കുകള്‍കൊണ്ടും അധികാര ശക്തിയുപയോഗിച്ചും നേരിടുന്നതിനെ ശുദ്ധ അധികാര ദുര്‍വിനിയോഗമെന്നല്ലാതെ വിശേഷിപ്പിക്കാനാകില്ല. ആരെയാണ് അദ്ദേഹം ഭയപ്പെടുന്നത്? തന്റെ ഇംഗിതത്തിനൊത്ത് തുള്ളുന്ന പൊലീസുദ്യോഗസ്ഥരും പാര്‍ട്ടിനേതാക്കളും മാത്രമാണ് പിണറായി വിജയന്റെ വിശ്വസ്തരിപ്പോള്‍. അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് തനിക്കു നേരിട്ട പഴയകാലത്തെ വധഭീഷണികളാണ്. സ്വന്തം നിഴലിനോടുള്ള യുദ്ധമാണിത്.

മുന്‍സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ പുത്രനും കലക്ടറുടെ ഭര്‍ത്താവുമായ ശബരിനാഥന്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് പറയുന്നത് കേരളത്തിലാരും വിശ്വസിക്കാന്‍ പോകുന്നില്ല. അത്രക്കും മാന്യമായാണ് അദ്ദേഹം പൊതുപ്രവര്‍ത്തനത്തിലിടപെടാറ്. നിരവധി തവണ പ്രതികളെ ഫോണില്‍ വിളിച്ചെന്നുപറയുന്ന പൊലീസിനോട് അത് നിഷേധിക്കാന്‍ ശബരിനാഥ് തയ്യാറാകുന്നില്ലെന്ന് മാത്രമല്ല, വാട്‌സാപ്പ് ഉപയോഗിച്ച ഫോണ്‍ താന്‍ ഹാജരാക്കാമെന്നും പറയുന്നു. എന്നിട്ടുമെന്തിനാണ് വിളിച്ചുവരുത്തി ഒരാളെ അറസ്റ്റ് ചെയ്യുന്നതെന്നതിന് വിശദീകരണം സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയേ മതിയാകൂ. സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ ഭരണഘടനയുടെ 19 (1)എ വകുപ്പ് പൗരന്മാര്‍ക്ക് അധികാരം നല്‍കുന്നുണ്ട്. അതിനെ ജനാധിപത്യത്തിന്റെ അനിവാര്യതയായി പലതവണ സുപ്രീംകോടതി ശരിവെച്ചിട്ടുള്ളതുമാണ്. ‘ഭീകരപ്രവര്‍ത്തന’മെന്ന മുഖ്യമന്ത്രിയുടെ വ്യാഖ്യാനവും ഇല്ലാത്ത അറസ്റ്റ് ഉണ്ടെന്നുകാട്ടി കോടതിയെ കബളിപ്പിക്കുകയും ചെയ്ത സര്‍ക്കാര്‍ സത്യത്തില്‍ ജനാധിപത്യത്തെതന്നെയാണ് പരിഹസിച്ചിരിക്കുന്നത്. ഇതിനെതിരായി ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നുവന്നേ മതിയാകൂ.

Chandrika Web: