X

കലാപം വിതച്ച് ലാഭം കൊയ്യുന്നവര്‍-ഡോ.പുത്തൂര്‍ റഹ്മാന്‍

നടപ്പുവര്‍ഷം ജൂലൈ വരെയുള്ള കണക്കുപ്രകാരം അമ്പത്തിയേഴായിരം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന വ്യാപാര ശൃംഖലയാണ് മലയാളിയായ എം.എ യൂസുഫലി നേതൃത്വം നല്‍കുന്ന ലുലു ഗ്രൂപ്പ്. അബുദാബിയില്‍ ആരംഭിച്ച് യു.എ.ഇയുടെ ഏഴ് എമിറേറ്റുകളിലേക്കും അറേബ്യന്‍ ഗള്‍ഫിലെ ബാക്കി രാജ്യങ്ങളിലേക്കും വളര്‍ന്ന ലുലു ഗ്രൂപ്പിന് ജി.സി.സി രാജ്യങ്ങളില്‍ മാത്രം ഇരുനൂറിലേറെ സൂപ്പര്‍ മാര്‍ക്കറ്റുകളുണ്ട്. ഈജിപ്തിലും മലേഷ്യയിലും ഇന്തോനേഷ്യയിലും ലുലു മാളുകളുണ്ട്. ഇന്ത്യയില്‍ ആറോളം വ്യാപാര വ്യവസായ മേഖലളില്‍ ലുലു പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ സഹസ്രകോടികളുടെ നിക്ഷേപമാണ് ലുലു പദ്ധതിയിടുന്നത്. മേക്ക് ഇന്‍ ഇന്ത്യ എന്നത് വികസന മന്ത്രമായ ഇന്നത്തെ ഇന്ത്യയില്‍ വിദേശത്ത് ആരംഭിച്ചതും ആസ്ഥാനമുള്ളതുമായ ലുലു ഗ്രൂപ്പ് നിക്ഷേപം നടത്തുമ്പോള്‍ അതിനു സമ്പൂര്‍ണ പിന്തുണ നല്‍കുകയാണ് ഭരണകൂടം ചെയ്യേണ്ടത്. എന്നാല്‍, യു.പിയിലെ ലഖ്‌നൗവില്‍ പോയ വാരം ആരംഭിച്ച ലുലു മാളിനെ വിവാദകേന്ദ്രമാക്കുകയാണ് ഇന്ത്യയിലെ തീവ്രഹിന്ദുത്വ വാദികള്‍. എന്തുകൊണ്ടാണിങ്ങനെയൊരു അവസ്ഥ രൂപപ്പെടുന്നത് എന്നത് ആലോചിക്കേണ്ടതാണ്.

ലഖ്‌നൗവില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്ത ലുലുമാളിനെതിരെ തീവ്രഹിന്ദുത്വവാദികളുടെ നീക്കമാണ് അരങ്ങേറിയതെന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഇങ്ങനെയൊരു ആലോചന ഏറെ പ്രസക്തമാണ്. ലഖ്‌നൗവിലെ മാളില്‍ ഒരു കൂട്ടം ആളുകള്‍ മുസ്‌ലിംകളുടെ വേഷത്തിലെത്തി നമസ്‌കാരം നിര്‍വഹിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. വിവാദം ഇപ്പോള്‍ ആന്റി ക്ലൈമാക്‌സിലേക്കും ഗൂഢാലോചനയിലേക്കും നീങ്ങുകയാണെന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. മുസ്‌ലിംകള്‍ പ്രാര്‍ഥിക്കുന്നതിന്റെ വീഡിയോ പുറത്തുവന്ന ഉടനെ അതില്‍ പ്രകോപിതരായതുപോലെ പെരുമാറുന്ന ഏതാനും ഹിന്ദുത്വ സംഘടനകള്‍ മുസ്‌ലിംകളെ മാളില്‍ പ്രാര്‍ഥിക്കാന്‍ അനുവദിച്ചാല്‍ ഹിന്ദുക്കളുടെ പ്രാര്‍ഥനകളും നടത്തുമെന്ന പ്രഖ്യാപനം നടത്തി. രാമായണത്തിന്റെ ഒരു ഭാഗം പാരായണം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം മാളിലെത്തി പ്രതിഷേധിച്ചു. മാളിനെതിരായ വ്യാപകമായ പ്രചാരണമായിരുന്നു ഇതിന്റെ അടുത്ത ഘട്ടം. ലുലുവില്‍ ജോലി ചെയ്യുന്ന എണ്‍പതു ശതമാനം പുരുഷന്മാരും മുസ്‌ലിംകളാണെന്നും സ്ത്രീകളെല്ലാം ഹിന്ദുക്കളാണെന്നും ഇത് ലൗ ജിഹാദ് നടത്താനുള്ള പദ്ധതിയാണെന്നുമായിരുന്നു പ്രധാന ആരോപണം. ആര്‍.എസ്.എസിന്റെ ഔദ്യോഗിക മുഖപത്രമായ ഓര്‍ഗനൈസറിന്റെ ട്വിറ്റര്‍ പേജില്‍ ഉള്‍പ്പടെ ലുലു മാളിനെയും ലുലു ഗ്രൂപ്പിനെയും അപകീര്‍ത്തിപ്പെടുത്തുന്ന വിശദീകരണങ്ങളും വന്നു. വിവാദം ചൂടുപിടിച്ചതോടെ മാള്‍ മാനേജ്‌മെന്റ് പ്രാര്‍ഥന നടത്തിയവര്‍ക്കെതിരെ പരാതി നല്‍കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. മാളിനെ അപകീര്‍ത്തിപ്പെടുത്താനും സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനുമുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണ് വിവാദമെന്ന സംശയം ശരിവെക്കുന്നതാണ് അന്വേഷണം പുരോഗമിക്കുമ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.

നിയമപാലകര്‍ക്ക് മാള്‍ അധികൃതര്‍ കൈമാറിയ സി.സി.ടിവി ദൃശ്യങ്ങളില്‍ എട്ട് പേര്‍ ഒരുമിച്ച് മാളിലേക്ക് പ്രവേശിക്കുന്നത് കാണാം. അവരാരും മാളിന്റെ ചുറ്റും നോക്കാനോ ഏതെങ്കിലും ഷോറൂം സന്ദര്‍ശിക്കാനോ ശ്രമിക്കുന്നില്ല. അവര്‍ ഒന്നും വാങ്ങുകയോ മാളിലേക്ക് ഒഴുകിയെത്തുന്ന ഇതര സന്ദര്‍ശകരെ പോലെ മാളില്‍ നിന്ന് സെല്‍ഫി എടുക്കാനുള്ള താല്‍പ്പര്യമോ കാണിക്കുന്നില്ല. നേരെ കയറിവന്നു പ്രാര്‍ഥന നടത്താനുള്ള ശ്രമമാണവര്‍ നടത്തിയത്. ആദ്യം താഴത്തെ നിലകളിലും ഒന്നാം നിലയിലും പ്രാര്‍ഥിക്കാന്‍ ശ്രമിച്ചു. എന്നാല്‍, സുരക്ഷാഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞു. ശേഷം തിരക്ക് കുറവായ രണ്ടാം നിലയിലേക്ക് പോയി. വന്നവരില്‍ ആറു പേര്‍ ഉടനെ പ്രാര്‍ഥിക്കാന്‍ തുടങ്ങി. കൂട്ടത്തിലെ രണ്ടുപേര്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യാനും ഫോട്ടോ എടുക്കാനും തുടങ്ങി. വളരെ ധൃതിപിടിച്ച് ഒരു മിനുറ്റു പോലുമെടുക്കാതെ ഇവര്‍ തിടുക്കത്തില്‍ നമസ്‌കാരം പൂര്‍ത്തിയാക്കുന്നു. നമസ്‌കാരം നടക്കുന്നതായി വീഡിയോ എടുക്കുക, വിവാദം ഉണ്ടാക്കുക, വെറുപ്പു പരത്തുക എന്നതില്‍ കവിഞ്ഞ് ഒരുദ്ദേശ്യവുമില്ലാത്ത കൂട്ടരാണ് ഈ അതിക്രമം പ്രവര്‍ത്തിച്ചത്. അതുകൊണ്ട് ഫലം കൊയ്തവരാരെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം, അതുകൊണ്ട് തന്നെ ഈ അതിക്രമത്തിനും ഗൂഢാലോചനക്കും പിന്നിലാരെന്നും ഊഹിക്കാവുന്നതേയുള്ളൂ. മുസ്‌ലിംകള്‍ പ്രാര്‍ഥിക്കുമ്പോള്‍ മുഖം തിരിക്കുന്ന ദിശയിലേക്കു പോലും മുന്നിട്ടുനില്‍ക്കാതെയാണ് അവരുടെ പ്രാര്‍ഥന നടന്നതെന്ന് പ്രദേശത്തെ അഡീഷണല്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രാജേഷ് കുമാര്‍ ശ്രീവാസ്തവ തന്നെ സമ്മതിക്കുന്നു.

ആരാണ്, എന്താണ് ഇത്തരം അതിക്രമങ്ങള്‍കൊണ്ട് അതു പദ്ധതിയിട്ടു നടപ്പാക്കുന്നവര്‍ മുന്നില്‍ കാണുന്ന ലക്ഷ്യം. മുസ്‌ലിംകളെ നിന്ദിക്കുകയും അവരെ ശത്രുക്കളായി ചിത്രീകരിക്കുകയും അവര്‍ക്കെതിരായ വെറുപ്പ് പരത്തുകയും ചെയ്യുക എന്നതാണ് ഇന്ത്യയിലിപ്പോള്‍ രാഷ്ട്രീയ ശ്രദ്ധയും പദവികളും മേധാവിത്വവും എളുപ്പത്തില്‍ കൈവരിക്കാനുള്ള ഉപായം. ഓരോരുത്തരും അവരവരുടെ കപ്പാസിറ്റിക്ക് അനുസരിച്ച് ഇത് പ്രാവര്‍ത്തികമാക്കുന്നു. ഇത്തവണ അഖില ഭാരതീയ ഹിന്ദുമഹാസഭയാണ് ഈ വിവാദം കൊണ്ടു മുതലെടുത്തത്. പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍ ആരൊക്കെയന്നതാണ് ഇതിലെ യഥാര്‍ഥ പ്രശ്‌നമെന്ന് നമുക്കറിയാം. ബി.ജെ.പിയും സംഘ്പരിവാരവും കുപ്പി തുറന്നുവിട്ട ഭൂതങ്ങള്‍ ഒട്ടേറെയുണ്ട് ഇന്നത്തെ ഇന്ത്യയില്‍. അവനവന്റെ മുതലെടുപ്പിനും ഹിന്ദുത്വ പാര്‍ട്ടികളുടെ പദവികളില്‍ എളുപ്പത്തില്‍ സ്ഥാനമുറപ്പിക്കാനും ഇതര മതങ്ങളോടും ജനങ്ങളോവും വെറുപ്പും വിദ്വേഷവും പുലര്‍ത്തുന്നവര്‍. ഇത്തരക്കാരെ യഥേഷ്ടം വിഹരിക്കാനും കലാപങ്ങള്‍ വരേ സംഘടിപ്പിക്കാനും അനുവദിക്കുകയും അവരുടെ കുറ്റകൃത്യങ്ങള്‍ക്കെതിരെ കണ്ണടക്കുകയുമാണ് ബി.ജെ.പി ഭരണകൂടങ്ങള്‍ ചെയ്തു പോന്നത്.

ലുലു വിവാദത്തിനു തൊട്ടു മുമ്പേ നടന്ന രാജസ്ഥാനിലെ ഉദയ്പൂര്‍ കൊലപാതകത്തിന്റെ വാര്‍ത്തകളൊന്നും ഇപ്പോള്‍ കേള്‍ക്കാനില്ല. ഉദയ്പൂരിലെ തയ്യല്‍ക്കാരന്‍ കനയ്യലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികള്‍ക്ക് ബി.ജെ.പിയുമായുള്ള ബന്ധം പുറത്തുവന്നിരുന്നു. പ്രതികളായ മുഹമ്മദ് റിയാസ് അന്‍സാരിയും മുഹമ്മദ് ഗൗസും മൂന്ന് വര്‍ഷമായി ബി.ജെ.പിയുടെ ന്യൂനപക്ഷ മോര്‍ച്ചയുടെ രാജസ്ഥാന്‍ ഘടകവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരായിരുന്നുവെന്ന റിപ്പോര്‍ട്ട് ഇന്ത്യടുഡേയാണ് പുറത്തുവിട്ടത്. പ്രതികളിലൊരാളായ റിയാസ് ബി.ജെ.പിയുടെ വിശ്വസ്തര്‍ മുഖേന പാര്‍ട്ടി പരിപാടികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നതിന്റെ തെളിവുകള്‍ വരേ പുറത്തെത്തി. ഉദയ്പൂരിലെ ബി.ജെ.പി പരിപാടികളില്‍ റിയാസ് പങ്കെടുക്കാറുണ്ടെന്ന് അവിടത്തെ ന്യൂനപക്ഷ മോര്‍ച്ചയുടെ ഭാരവാഹി ഇര്‍ഷാദ് ചെയിന്‍വാല സമ്മതിക്കുന്നു. ഈ കേസില്‍ സത്യം പുറത്തുവരുന്നത് വര്‍ഷങ്ങള്‍ കഴിഞ്ഞായിരിക്കും. ലുലു വിവാദത്തില്‍ അവിടെ പ്രാര്‍ഥന നടത്തിയവരെ പൊലീസ് കണ്ടെത്തിയിട്ടുവേണം അതിന്റെ സത്യാവസ്ഥ പൂര്‍ണമായും പുറത്തുവരാന്‍. സത്യം പുറത്തുവരുമ്പോഴേക്കും നുണയും വെറുപ്പും പ്രചരിപ്പിക്കാനും അതുകൊണ്ടു ഫലം കൊയ്യാനും ആഗ്രഹിക്കുന്നവര്‍ അവരുടെ ലക്ഷ്യം നേടിക്കഴിഞ്ഞിരിക്കും. ലുലു വിവാദത്തിന്റെയും ഗുണഭോക്താക്കള്‍ അവരാണ്. പ്രവാസി ഇന്ത്യക്കാരെ ഏറെ നിരാശരാക്കിയ വിവാദമാണിത്.

Chandrika Web: