X

കോവിഡ് വാക്‌സിന്‍ കണ്ടുപിടിച്ച് ചൈനയും; പരീക്ഷണം വിജയകരം

ബീജിങ്: കോവിഡിനെതിരെ ചൈനീസ് അക്കാഡമി ഓഫ് മെഡിക്കല്‍ സയന്‍സിന് കീഴില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ബയോളജി വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ഫലപ്രദമെന്ന് ഗവേഷകര്‍. ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ വാക്‌സിന്‍ സുരക്ഷിതമാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്.

ഒന്നാം ഘട്ട പരീക്ഷണത്തില്‍ 18നും 59നും ഇടയിലുള്ള 191 പേരാണ് ഭാഗഭാക്കായത്. വാക്‌സിന്‍ ഡോസെടുത്ത ശേഷം ഇവരില്‍ കാര്യമായ പ്രതികൂല ഫലങ്ങളില്ലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പരീക്ഷണ ഫലങ്ങള്‍ ആരോഗ്യ വെബ്‌ജേണലായ മെഡ്ക്‌സിവില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോവിഡ് ഉത്ഭവിച്ച ചൈനയില്‍ നാലു വാക്‌സിനുകളുടെ പരീക്ഷണങ്ങളാണ് അന്തിമ ഘട്ടത്തിലുള്ളത്. ചൈനയ്ക്ക് പുറമേ, നിരവധി സ്ഥലങ്ങളില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്‌സിന്‍ ആറു മാസത്തിന് അകം ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ മൂന്ന് മാസത്തിനകം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് യുകെയിലെ ദ ടൈംസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഡിസംബറില്‍ ക്രിസ്മസിനു മുമ്പ് ആവശ്യമായ അനുമതി നല്‍കി 2021 ഏപ്രിലില്‍ ഈസ്റ്ററിന് മുന്‍പ് വാക്‌സിന്‍ നല്‍കി തുടങ്ങാനാണ് പദ്ധതി.

ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് ഗബ്രയേസുസും വ്യക്തമാക്കിയിരുന്നു. ലോകാരോഗ്യ സംഘടനയ്ക്കു കീഴില്‍ ഒമ്പത് വാക്‌സിന്‍ പരീക്ഷണങ്ങളാണ് നടക്കുന്നത്.

 

Test User: