ന്യൂയോര്‍ക്ക്: ചൈനീസ് ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയിലേക്ക് കുതിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 30നും ഏപ്രില്‍ രണ്ടിനും ഇടയില്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവശിക്കും. എന്നാല്‍ നിലയം വീഴുന്നതുമൂലം എന്തെങ്കിലും അപകടം ഉണ്ടാകാനുള്ള സാധ്യത ശാസ്ത്രജ്ഞര്‍ തള്ളി. വടക്കന്‍ ചൈന, പശ്ചിമേഷ്യ, ഇറ്റലി, വടക്കന്‍ സ്‌പെയിന്‍, അമേരിക്ക, ന്യൂസിലാന്‍ഡ്, തെക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളിലാണ് നിലയത്തിന്റെ അവശിഷ്ടങ്ങള്‍ പതിക്കാന്‍ സാധ്യതയുള്ളത്.

നിലയം ഭൂമിയില്‍ പതിക്കുന്നതിന് മുമ്പ് കത്തിനശിച്ചേക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതുകാരണം ആകാശത്ത് തീഗോളങ്ങള്‍ ഉണ്ടായേക്കും. ഇന്ത്യയും നിലയം പതിക്കാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലുണ്ട്. 8500 കിലോയാണ് നിലയത്തിന്റെ ഭാരം. 2011ലാണ് ചൈന ടിയാന്‍ഗോങ്-1 വിക്ഷേപിച്ചത്. ചൈനീസ് ബഹിരാകാശയാത്രികര്‍ക്ക് പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ 2013ല്‍ തന്നെ ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനം നിലച്ചു. 2016ല്‍ നിലയത്തിന്റെ നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ടു.