X

യൂറോകപ്പ് യോഗ്യതാ റൗണ്ടില്‍ റൊണാള്‍ഡോയുടെ ഗോള്‍ മഴ; റെക്കോര്‍ഡ്

വില്‍ന്യൂസ്: യൂറോകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മല്‍സരത്തില്‍ ഗോള്‍മഴ സൃഷ്ടിച്ച് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പടയോട്ടം. ഹാട്രിക് സഹിതം നാലു ഗോള്‍ നേടിയ റൊണാള്‍ഡോയുടെ മികവില്‍ പോര്‍ച്ചുഗല്‍ ലിത്വാനിയയെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തു. വില്‍ന്യൂസില്‍ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിലാണ് റൊണാള്‍ഡോയുടെ വിസ്മയ പ്രകടനം. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിക്കുകയായിരുന്നു. ഏഴ് (പെനല്‍റ്റി), 61, 65, 76 മിനിറ്റുകളിലായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍. പോര്‍ച്ചുഗലിന്റെ അഞ്ചാം ഗോള്‍ ഇന്‍ജുറി സമയത്ത് റയല്‍ ബെറ്റിസ് താരം വില്യം കാര്‍വാലോ നേടി. ലിത്വാനിയയുടെ ആശ്വാസഗോള്‍ വൈട്ടോട്ടസ് ആന്‍ഡ്രിയൂസ്‌കേവിസ്യൂസ് (28) സ്വന്തമാക്കി.

ഇതോടെ, യൂറോകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും റൊണാള്‍ഡോ സ്വന്തമാക്കി. റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനായി 23 ഗോളുകള്‍ നേടിയ റോബി കീനിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ സ്വന്തം പേരിലാക്കിയത്. രാജ്യാന്തര ഫുട്‌ബോളില്‍ ഇതോടെ റൊണാള്‍ഡോയുടെ ഗോള്‍നേട്ടം 93 ആയി ഉയരുകയും ചെയ്തു. ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ നേടിയ താരങ്ങളില്‍ ഒന്നാമതുള്ള ഇറാന്റെ ഇതിഹാസ താരം അലി ദേയിയുടെ റെക്കോര്‍ഡിന് 16 ഗോളുകള്‍ മാത്രം പിന്നിലാണ് റൊണാള്‍ഡോ.

ഇതിഹാസ താരം ഫെറങ്ക് പുഷ്‌കാസിനെ ഉള്‍പ്പെടെ പിന്തള്ളിയ റൊണാള്‍ഡോയാണ് നിലവില്‍ യൂറോപ്പില്‍നിന്ന് ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ നേടിയ താരം. നിലവിലെ യൂറോകപ്പ്, നേഷന്‍ ലീഗ് ചാംപ്യന്‍മാരായ പോര്‍ച്ചുഗലിനായി റൊണാള്‍ഡോയുടെ ബൂട്ടില്‍നിന്നു പിറക്കുന്ന എട്ടാമത്തെ ഹാട്രിക് കൂടിയാണ് ലിത്വാനിയയ്ക്ക് എതിരെ കണ്ടത്. 2016ല്‍ അന്‍ഡോറയ്‌ക്കെതിരെയും റൊണാള്‍ഡോ നാലു ഗോള്‍ നേടിയിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: