മലപ്പുറം: കാസര്‍കോഡ് ചുരിയിലെ മദ്രസാധ്യാപകന്‍ റിയാസ് മൗലവിയെ കൊലപ്പെടുത്തിയതിനെതിരെ മലപ്പുറത്ത് പ്രതിഷേധ റാലി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ യുവജനവിഭാഗമായ എസ്.വൈ.എസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്.

മദ്രസാധ്യാപകന്റെ കൊല അത്യന്തം അപലപനീയമെന്നും സംയമനത്തെ മുസ് ലിംകളുടെ ബലഹീനതയായി കാണരുതെന്നും എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എസ്.വൈ.എസ് പ്രതിഷേധ രാലിയുടെ സമാപനസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘ്പരിവാറിന്റെ അക്രമപ്രവണതയെ വളരാന്‍ അനുവദിക്കില്ലെന്നും ആര്‍.എസ്.എസിനെ തിരുത്താന്‍ സമൂഹം തയാറാവണമെന്നും സ്വാദിഖലി തങ്ങള്‍ പറഞ്ഞു.

പള്ളി തകര്‍ത്ത ഫാഷിസ്റ്റുകള്‍ പള്ളിയിലെത്തുന്നവരെയും ആക്രമിക്കുകയെന്ന ഗൂഢലക്ഷ്യമാണോ നടപ്പിലാക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ് ലിയാര്‍ പറഞ്ഞു.

കേസ് മാതൃകാപരമായി അന്വേഷിക്കുക, കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കുക, പൊലീസ് നിഷ്പക്ഷത പുലര്‍ത്തുക, മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ വിവിധ സംഘടനകളെ ഏകോപിപ്പിച്ച സര്‍വകക്ഷി സംഗമം നടത്തുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ റാലി ഉന്നയിച്ചു.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.