എന്‍.ഡി.എ അവഗണനയില്‍ പ്രതിഷേധിച്ച് സഖ്യം ഉപേക്ഷിക്കാനൊരുങ്ങി പ്രമുഖ ആദിവാസി നേതാവ് സികെ ജാനു. മറ്റ് മാര്‍ഗമില്ലെങ്കില്‍ എന്‍.ഡി.എ ബന്ധം അവസാനിപ്പിക്കേണ്ടി വരുമെന്ന് സി.കെ ജാനു പറഞ്ഞു. അതേസമയം, സി.കെ ജാനുവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി ജനാധിപത്യ രാഷ്ട്രീയ സഭ കോണ്‍ഗ്രസിനോട് അടുക്കുന്നതായാണ് വിവരം.

എന്‍.ഡി.എയുടെ ഭാഗമായാല്‍ ദേശീയ പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷനിലോ കേന്ദ്രസര്‍ക്കാരിന്റെ ഏതെങ്കിലും ബോര്‍ഡ് കോര്‍പ്പറേഷനുകളിലോ ജാനുവിന് സ്ഥാനം നല്‍കാമെന്ന് ബി.ജെ.പി വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറായിട്ടും വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. കേരളത്തില്‍ പട്ടികവര്‍ഗ മേഖല പ്രഖ്യാപിക്കണമെന്നും സി.കെ ജാനു ആവശ്യപ്പെട്ടിരുന്നു. ഇതിനോടും കേന്ദ്രം പുറം തിരിഞ്ഞ മട്ടാണ്. ഇതാണ് ജാനുവിനെ മറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി യു.പി.എയില്‍ ചേരാന്‍ ജെ.ആര്‍.എസ് ശ്രമം തുടങ്ങി. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി നേരിട്ടാണ് ചര്‍ച്ച. അതിനാല്‍ സംസ്ഥാന നേതൃത്വത്തിന് ഇത് സംബന്ധിച്ച അറിവില്ല.