തൃശൂര്‍: സി.പി.ഐയില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍. ഭരണത്തിലിരുന്നു തല്ലുകൊള്ളേണ്ടവരല്ല കമ്മ്യൂണിസ്റ്റുകാരെന്ന് സി.പി.ഐ നേതാവും മുന്‍ എം.പിയുമായ സി.എന്‍ ജയദേവന്‍ പറഞ്ഞു. ആലപ്പുഴ പാര്‍ട്ടി ജില്ലാക്കമ്മിറ്റി ഓഫീസിന്റെ ചുമരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ കാനത്തെ മാറ്റൂ സി.പി.ഐയെ രക്ഷിക്കൂ എന്നും എഴുതിയിട്ടുണ്ട്. എല്‍ദോ എബ്രഹാം എംഎല്‍എയെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ കാനം രാജേന്ദ്രന്റെ നിലപാടിനെതിരെയാണ് സി.പി.എയില്‍ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.

കൊച്ചിയില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് കുത്ത അക്രമമാണ് സി.പി.ഐ നേതാക്കള്‍ക്ക് നേരെയുണ്ടായതെന്ന് മുന്‍ എംപിയായ ജയദേവന്‍ പറഞ്ഞു. നേതാക്കളെ തിരഞ്ഞുപിടിച്ചു മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ മൗനം പാലിക്കുന്ന കാനം രാജേന്ദ്രന്‍ ബ്ലാക്ക് മെയില്‍ ചെയ്യപ്പെടുന്നുണ്ടോയെന്ന് അറിയില്ലെന്നും സി.എന്‍ ജയദേവന്‍ പറഞ്ഞു. നിലപാട് വിശദീകരിക്കേണ്ടത് കാനം തന്നെയാണെന്നും ഭരണത്തിലിരുന്ന് തല്ലുകൊള്ളേണ്ട സ്ഥിതി കമ്മ്യൂണിസ്റ്റുകള്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സി.എന്‍ ജയദേവന്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ വിഷയത്തില്‍ പരസ്യപ്രതികരണവും ഉണ്ടാവുകയായിരുന്നു.

അതിനിടെ, ആലപ്പുഴയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ എല്‍ദോ എബ്രഹാം എംഎല്‍എക്കും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി രാജുവിനും അഭിവാദ്യമര്‍പ്പിച്ചിട്ടുണ്ട്. അമ്പലപ്പുഴ സിപിഐയിലെ തിരുത്തല്‍വാദികള്‍ പതിച്ചത് എന്ന നിലയിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.