X

സഹകരണ മേഖലയെ തകര്‍ക്കാന്‍ അനുവദിക്കില്ല: പി.കെ കുഞ്ഞാലിക്കുട്ടി

സഹകരണ മേഖലയെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയടുക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സഹകരണ മേഖലയില്‍ ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച് കാടടച്ച് അധിക്ഷേപിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിലെ മുസ്ലിംലീഗ് ബാങ്ക് പ്രസിഡണ്ട്മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ സഹകരണ സംഘങ്ങളെ തകര്‍ക്കാനുള്ള ശ്രമത്തില്‍ നിന്ന് കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പിന്മാറണമെന്നും സഹകരണ മേഖലയെ ശക്തിപ്പെടുത്താന്‍ രാഷ്ട്രീയത്തിന് അതീതമായ ഒറ്റക്കെട്ടായ നീക്കമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സാമ്പത്തിക സാമൂഹിക ഉയര്‍ച്ചയില്‍ വിവിധ സഹകരണ സ്ഥാപനങ്ങളുടെ പങ്ക് വിലപ്പെട്ടതാണ്. ഇത് തകര്‍ക്കാന്‍ അനുവദിച്ചു കൂടാ. സഹകരണ സ്ഥാപനങ്ങളോടുള്ള കേരള സര്‍ക്കാരിന്റെ രാഷ്ട്രീയ വിവേചനം ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ മേഖലയുടെ സംരക്ഷണത്തിന് നോട്ടു നിരോധന കാലഘട്ടത്തില്‍ സഹകാരികള്‍ കാണിച്ച യോജിപ്പ് മാത്യകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ലീഗ് ഓഫീസില്‍ വച്ച് നടന്ന യോഗത്തില്‍ ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. യുഎ ലത്തീഫ് എംഎല്‍എ, ഇസ്മായില്‍ മൂത്തേടം, കുഞ്ഞാപ്പു ഹാജി, കെ ടി അഷ്റഫ്, എ പി ഉണ്ണികൃഷ്ണന്‍, അഡ്വക്കറ്റ് പി പി ഹാരിഫ്, മുസ്തഫ അബ്ദുല്‍ ലത്തീഫ്,ഇസ്മായില്‍ കാവുങ്ങല്‍,അബ്ദുള്‍ നാസര്‍ വളാഞ്ചേരി, കെടി യൂസഫ്, ജാഫര്‍ തേഞ്ഞിപ്പലം,അസ്‌ക്കറലി (മംഗലം)ബാപ്പുട്ടി (ഏലമ്പറ)അബ്ദുല്‍ബഷീര്‍ (ആനക്കയം) എന്നിവര്‍ സംബന്ധിച്ചു.

webdesk13: