X

ഫലസ്തീനെതിരായ യുദ്ധക്കുറ്റങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ച നടത്തി സഊദി, ഇറാന്‍ നേതാക്കള്‍

ഇസ്രാഈല്‍ -ഹമാസ് യുദ്ധത്തില്‍ ചര്‍ച്ച നടത്തി സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയും. ഫലസ്തീനെതിരെയുളള യുദ്ധക്കുറ്റങ്ങള്‍ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തതായി ഇറാന്‍ സ്‌റ്റേറ്റ് മീഡിയ പറഞ്ഞു. ഇരുനേതാക്കള്‍ തമ്മിലുളള ആദ്യ ഫോണ്‍ സംഭാഷണമാണിത്.

സംഘര്‍ഷം നിര്‍ത്തലാക്കാന്‍ അന്താരാഷ്ട്ര, പ്രാദേശിക പാര്‍ട്ടികളുമായി ആശയവിനിമയം നടത്തുന്നതിനുളള എല്ലാ ശ്രമങ്ങളും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ടെന്ന് സൗദി കിരീടാവകാശി പറഞ്ഞതായി സഊദി ന്യൂസ് ഏജന്‍സി എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.

സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യം വെക്കുന്നതിനേയും സഊദി കിരീടാവകാശി എതിര്‍ത്തതായി എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു. 7 വര്‍ഷത്തെ ശത്രുതയ്ക്ക് ശേഷം മാര്‍ച്ചില്‍ ചൈന നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ സഊദി അറേബ്യയും ഇറാനും തമ്മില്‍ നയതന്ത്രബന്ധം പുനരാരംഭിക്കാന്‍ സമ്മതിച്ചിരുന്നു.

അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ അനുസരിച്ച് നിലവിലെ സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിന് ഇടപെടല്‍ ആവശ്യമാണ്. ഫലസ്തീന്‍ ജനതയ്ക്ക് അവരുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനും ശാശ്വതമായ സമാധാനം പുനഃസ്ഥാപിക്കാനും ഇടപെടല്‍ ഉണ്ടാകണമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

ഇസ്രാഈല്‍ -ഫലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സാദിദ് അല്‍ നഹ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ഇരു രാഷ്ട്ര തലവന്‍മാരും ആവശ്യപ്പെട്ടു. ഇതിനായി അന്താരാഷ്ട സമൂഹം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും ഇരുവരും ചൂണ്ടികാട്ടി.

ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ സുരക്ഷ പ്രധാനമാണെന്നും ഷെയ്ഖ് മുഹമ്മദും ജോ ബൈഡനും അഭിപ്രായപ്പെട്ടു. യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് മാനുഷിക സഹായം ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യവും ഇതിനായി സുരക്ഷിത ഇടനാഴി ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഇരു ഭരണാധികാരികളും ചര്‍ച്ച ചെയ്തു

webdesk13: