കൊച്ചി: യാത്രക്കാരേയും വഹിച്ച് കൊച്ചി മെട്രോ സര്‍വീസ് നടത്തുന്നതിന്റെ ഉദ്ഘാടനം 17ന് രാവിലെ 11 മണിക്ക് കലൂര്‍ സ്‌റ്റേഡിയത്തില്‍ തയ്യാറാക്കുന്ന പ്രത്യേക വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. തുടര്‍ന്ന് പാലാരിവട്ടം സ്‌റ്റേഷനില്‍ എത്തുന്ന പ്രധാനമന്ത്രി പത്തടിപ്പാലം വരെയും തിരിച്ചും ട്രെയിനില്‍ യാത്രചെയ്യും. ഇന്നലെ രാത്രി വൈകിയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇത് സംബന്ധിച്ച് വിവരം ലഭിച്ചത്. നേരത്തെ ഉദ്ഘാടന ദിവസം പ്രഖ്യാപിച്ചിരുന്നെങ്കിലും സമയം വെളിപ്പെടുത്തിയിരുന്നില്ല. പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നതിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു. കഴിഞ്ഞയാഴ്ച എസ്പിജി സംഘം കൊച്ചിയില്‍ എത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജി സംഘം കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ സന്ദര്‍ശനത്തെ തുടര്‍ന്നാണ് വേദി സംബന്ധിച്ച് അന്തിമ തീരുമാനമായത്. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം, ആലുവ, കളമശ്ശേരി സെന്റ് പോള്‍സ് കോളജ് ഗ്രൗണ്ട് എന്നിവയാണ് വേദിയായി പരിഗണനയിലുണ്ടായിരുന്നത്. മൂന്ന് സ്ഥലങ്ങളും എസ്.പി.ജി സംഘം സന്ദര്‍ശിച്ചു.