X

കോടിയേരി കളിക്കുന്ന വര്‍ഗീയ തീക്കളി -എഡിറ്റോറിയല്‍

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ന്യൂനപക്ഷ സമുദായങ്ങളില്‍പെട്ട നേതാക്കള്‍ക്ക് അവസരം നിഷേധിക്കുന്നതായും ഇത് മതേതരത്വ നിലപാടില്‍നിന്നുള്ള ആ പാര്‍ട്ടിയുടെ പിന്മാറ്റമായും ദുര്‍വ്യാഖ്യാനിച്ചു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസങ്ങളില്‍ രംഗത്തുവന്നിരിക്കുകയാണ്. തിരുവനന്തപുരം ജില്ലാസമ്മേളനത്തിന്റെ സമാപനത്തിന്റെ ഉദ്ഘാടനത്തിലാണ് ആദ്യം കോടിയേരി ഇത് പറഞ്ഞതെങ്കില്‍ കുറച്ചുകൂടി വിശദീകരിച്ചുതന്നെ അദ്ദേഹം ചൊവ്വാഴ്ച കണ്ണൂരില്‍ ഇത് ആവര്‍ത്തിച്ചതോടെ ആ പാര്‍ട്ടിയും നേതാക്കളും കരുതിക്കൂട്ടി ഉറപ്പിച്ച നിലപാട് തന്നെയാണിതെന്ന് സുവ്യക്തമായിരിക്കുന്നു. എന്താണ് കോടിയേരിയെയും സി.പി.എമ്മിനെയും ഇപ്പോഴിതിന് പ്രേരിപ്പിച്ച ഘടകമെന്ന് പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്, അടുത്തകാലത്തായി ആ പാര്‍ട്ടി സംസ്ഥാനത്ത് അനുവര്‍ത്തിച്ചുവരുന്ന രാഷ്ട്രീയ കുതന്ത്രത്തിന്റെ ഭാഗമാണിതെന്ന് മനസ്സിലാക്കാന്‍ പ്രയാസമൊട്ടുമില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുശേഷം 2020 ഡിസംബര്‍ 19ന് സ്വന്തം ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത് ഏതാണ്ടിതിന് നേര്‍വിപരീതമായിരുന്നു. യു.ഡി.എഫിന്റെ നേതൃത്വം മുസ്‌ലിംലീഗിന് അടിയറവെച്ചു എന്നായിരുന്നു പിണറായിയുടെ കമന്റ്. അന്ന് താല്‍കാലിക സെക്രട്ടറിയായിരുന്ന എ. വിജയരാഘവനാകട്ടെ ഒന്നുകൂടി കടന്ന് കേരളം ആദരിക്കുന്ന പാണക്കാട് കുടുംബത്തെ വര്‍ഗീയതയുമായി ബന്ധപ്പെടുത്തിയാണ് സംസാരിച്ചത്. വിജയരാഘവന്‍ അന്ന് പറഞ്ഞതെല്ലാം ശരിയായിരുന്നുവെന്നും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ പരിപൂര്‍ണ പിന്തുണ അതിനെല്ലാമുണ്ടായിരുന്നുവെന്നുമാണ് മാസങ്ങള്‍ക്കുശേഷം ശരാശരി രാഷ്ട്രീയ ബോധമുള്ളവര്‍ക്ക് തിരിച്ചറിയാനാവുന്നത്. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഭരിക്കുന്ന കേരളത്തില്‍നിന്ന് ഒരൊറ്റ സീറ്റുമായി ലോക്‌സഭയില്‍ചെന്ന സി.പി.എമ്മിന് അതിന്റെ കാരണമായി തിരിച്ചറിഞ്ഞത് ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയെ കൈവിട്ടുവെന്നതായിരുന്നു. അതുതന്നെയാണ് ഹൈന്ദവിശ്വാസികളെ സംബന്ധിച്ചും സംഭവിച്ചത്. ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയും സര്‍ക്കാരും സ്വീകരിച്ച നയമായിരുന്നു അതിന് കാരണമായിരുന്നത്. ഇതിന് ശേഷം നേതാക്കള്‍ പ്രത്യേകിച്ചും കേരളത്തിലെ, ആലോചിച്ചുറപ്പിച്ച തീരുമാനമായിരുന്നു ഹൈന്ദവ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ ന്യൂനപങ്ങളെ നാല് ഭള്ള് പറയുക എന്നത്. അത് ഏതാണ്ട് ബി.ജെ.പിയുടെ നിലവാരത്തിലെത്തിയതാണ് സംഭവിച്ചത്. 2021ല്‍ ബി.ജെ.പിയുടെ വോട്ടുകളില്‍ ഗണ്യമായ കുറവുണ്ടാകുകയും അവര്‍ക്കുണ്ടായിരുന്ന ഒരു സീറ്റ് പോലും നഷ്ടപ്പെടുകയും ചെയ്തതിന് കാരണം ഈ മൃദുഹിന്ദുത്വ നിലപാടാണ്. പിന്നീടാണ് ന്യൂനപക്ഷവോട്ടുകള്‍കൂടി പിടിക്കാനായാല്‍ എക്കാലത്തെയും കേരള ഭരണം ഇടതുമുന്നണിക്ക് സ്വന്തമാകുമെന്ന ലക്ഷ്യത്തിലേക്കും അവരെകൂടി പാട്ടിലാക്കാനുള്ള അടവുനയങ്ങളിലേക്കും കോടിയേരിയാദികള്‍ എത്തിച്ചേര്‍ന്നത്.
കോണ്‍ഗ്രസില്‍ എക്കാലത്തും പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പദവിയും മുഖ്യമന്ത്രി-പ്രതിപക്ഷ നേതൃപദവിയും ഹിന്ദുക്കള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമായി വീതിച്ചുനല്‍കുകയാണെന്നാണ് കോടിയേരി പച്ചയ്ക്ക് പറഞ്ഞത്. ദേശീയതലത്തില്‍ മുസ്്‌ലിം നേതാക്കളെ ഒതുക്കുകയാണെന്നും അദ്ദേഹം പറയുന്നു. മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതമെന്നും ഭൂമിയില്‍ മുതലാളിയും തൊഴിലാളിയുമെന്ന രണ്ട് ജാതിയേ ഉള്ളൂവെന്നും വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുന്ന കമ്യൂണിസത്തിന്റെ ഇന്ത്യയിലെ പ്രമുഖ വക്താവാണ് ഈ കൊടിയ വര്‍ഗീയവിഷം ചീറ്റുന്നതെന്ന് ഓര്‍ക്കണം. ഇത് പറയുമ്പോള്‍ ഇന്നും യു.ഡി.എഫിന്റെ നേതൃത്വത്തിലാരാണെന്ന് കോടിയേരി അറിയുന്നില്ലേ. ഗുലാംനബി ആസാദിനെയും സല്‍മാന്‍ ഖുര്‍ഷദിനെയും കെ.വി തോമസിനെയും അകറ്റിയെന്നു പറയുന്ന സി.പി.എം നേതാവിന്റെ മുമ്പില്‍ 23 അംഗ ഗ്രൂപ്പിലെ മറ്റു പേരുകളെന്തേ കാണാതെപോയി? സ്വന്തം കേന്ദ്ര കമ്മിറ്റിയില്‍ ഒറ്റ കൈവിരലിലെങ്കിലുമെണ്ണാവുന്ന മുസ്‌ലിംകളെങ്കിലുമുണ്ടോ, ഹനന്‍മുല്ലയും യൂസഫ്തരിഗാമിയും മുഹമ്മദ്‌സലീമുമല്ലാതെ. പൊളിറ്റ്ബ്യൂറോയിലെ എം.എ ബേബിയല്ലാതെ മറ്റൊരു ന്യൂനപക്ഷാംഗത്തെ കാട്ടിത്തരാന്‍ കഴിയുമോ സഖാവിന്? ഇന്ത്യന്‍കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും സി.പി.എമ്മിലും ഇതുവരെ ഒരുന്യൂനപക്ഷ സമുദായാംഗമെങ്കിലും സെക്രട്ടറിയായതോ? കേരളത്തില്‍ സി.എച്ച് കണാരന്‍ മുതല്‍ കോടിയേരി വരെയുള്ളവരിലെത്ര പേരുണ്ട് ന്യൂനപക്ഷ സമുദായത്തില്‍നിന്ന് സെക്രട്ടറിമാരായി. കേരളത്തില്‍ എത്ര ജില്ലാ, ഏരിയാസെക്രട്ടറിമാര്‍ ന്യൂനപക്ഷം പോയിട്ട് സ്ത്രീ പ്രാതിനിധ്യമെങ്കിലുമുണ്ട്. കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് ആരാണെന്ന് അറിയാതെയാണോ കോടിയേരിയുടെ മേല്‍വിതണ്ഡവാദം. ഷൗക്കത് ഉസ്മാനിയും മുസാഫര്‍അഹമ്മദും ഗുലാംമുഹമ്മദും സെഡ്.എ അഹമ്മദും അമീര്‍ ഹൈദര്‍ഖാനും പടുത്തുയര്‍ത്തിയ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് കാരക്കോല്‍ കണക്കെ മെലിഞ്ഞൊട്ടിയതിന് കാരണം 2007ല്‍ സിംഗൂരിലെയും നന്ദിഗ്രാമിലെയും പാവപ്പെട്ട മുസ്‌ലിം കര്‍ഷകരെ വെടിവെച്ചുകൊന്ന് കുത്തക മുതലാളിമാരെ വരവേല്‍ക്കാന്‍ ശ്രമിച്ചതല്ലേ. അതേ വര്‍ഗീയ തീക്കളി ഇനിയെങ്കിലുമവസാനിപ്പിക്കാന്‍ സി.പി.എമ്മും അവരുടെ കൂടെക്കൂടിയിരിക്കുന്നവരും സന്നദ്ധമായില്ലെങ്കില്‍ ചരിത്രത്തിലെ ദുര്‍ഗന്ധം നിറഞ്ഞ കറുത്ത ഏട് മാത്രമായി സി.പി.എം അധികം വൈകാതെ മാറുമെന്നതില്‍ സംശയംവേണ്ട.

web desk 3: