X

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

webdesk13: