X

ത്രിപുരയേക്കാള്‍ വലുതാണ് സഖാവെ ഇന്ത്യ

അഡ്വ. കെ.എ ലത്തീഫ്

2023 ജനുവരി 21ന് ത്രിപുരയിലെ അഗര്‍ത്തലയില്‍ നടന്ന റാലി കൗതുകകരമായിരുന്നു. സി.പി.എമ്മും കോണ്‍ഗ്രസുമാണ് ത്രിപുരയില്‍ സംയുക്ത റാലി നടത്തിയത്. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പാര്‍ട്ടി പതാകകള്‍ക്ക്പകരം ദേശീയ പതാകയുമായാണ് രബീന്ദ്രഭവന് മുന്നില്‍ റാലി നടത്തിയത്. ത്രിപുര മുന്‍മുഖ്യമന്ത്രിയും സി.പി. എം പോളിറ്റ് ബ്യൂറോ അംഗവുമായ മാണിക്ക് സര്‍ക്കാര്‍, മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സമീര്‍ രജ്ജന്‍ ബര്‍മന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, ഇടതുമുന്നണി ചെയര്‍മാന്‍ നാരാണ്‍കര്‍, കോണ്‍ഗ്രസ് ത്രിപുര സംസ്ഥാന പ്രസിഡണ്ട് ബിരാജിക് സിന്‍ഹ, ത്രിപുരയുടെ ചുമതലയുള്ള എ.സി.സി ജനറല്‍ സെക്രട്ടറി അജയ്കുമാര്‍ എന്നിവരാണ് റാലിക്ക് നേതൃത്വം കൊടുത്തത്.

ഇരുപാര്‍ട്ടികളുടെയും അഖിലേന്ത്യ തലത്തില്‍തന്നെ അറിയപ്പെടുന്ന മുതിര്‍ന്ന നേതാക്കള്‍ എന്ത് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ആരൊക്കെ ഉന്നയിച്ചാലും റാലി ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യവും അത് നല്‍കുന്ന സന്ദേശവും മതേതര ഭാരതത്തിന്റെ ഭാവി അപകടകരമായിനില്‍ക്കുന്ന ഘട്ടത്തില്‍ പ്രതീക്ഷയുടെ പുതുനാമ്പാണ്. ഒരു കാലത്ത് ത്രിപുര സംസ്ഥാനം ഭരിച്ച, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതിപക്ഷ രാഷ്ട്രീയത്തേയും കായികമായി ഉള്‍പ്പെടെ അടിച്ചൊതുക്കി സ്റ്റാലിനിസ്റ്റ് രീതിയില്‍ ഭരണം നടത്തിയ, സി.പി.എം പാര്‍ട്ടി ഇന്ന് നിലനിലപ്പിന്റെ ജീവവായു തേടുന്ന ഘട്ടത്തിലാണ് പിടിവള്ളിയായി കോണ്‍ഗ്രസിന്റെ കൈപിടിക്കാന്‍ തയ്യാറായത്.

ആ തീരുമാനത്തെ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രിയ കൂട്ടായ്മ സ്വാഗതം ചെയ്യേണ്ടത് തന്നെയാണ്. രബീന്ദ്രഭവന് മുന്നില്‍ നടന്ന റാലിക്ക്‌ശേഷം ഇരുപാര്‍ട്ടിയിലേയും നേതാക്കള്‍ ചീഫ് ഇലക്ടറല്‍ ഓഫീസറെ സമീപിച്ച് ഫിബ്രവരി 16ന് നടക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യാന്‍ അവസരം സൃഷ്ടിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി.

ഇന്ത്യ എന്ന പ്രവിശാലമായ രാജ്യത്തെ ഒരു കൊച്ചു സംസ്ഥാനം മാത്രമാണ് ത്രിപുര. 60 അസംബ്ലി മെമ്പര്‍മാര്‍ മാത്രമുള്ള നിയമസഭ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 42.22 ശതമാനം വോട്ടും 16 എം.എല്‍. എമാരുമുള്ള സി.പി.എം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൈപിടിക്കാന്‍ ഉണ്ടായ ചേതോവികാരം 2021ല്‍ നടന്ന ത്രിപുര ട്രൈബല്‍ ഏരിയ ഓട്ടേണമെസ് ജില്ല കൗണ്‍സില്‍ തിരെഞ്ഞടുപ്പ് ഫലത്തിലെ ചില സൂചനകളാണ്. ആ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെയും സി.പി.എമ്മിനെയും ഞെട്ടിച്ചാണ് ഇന്‍ഡീജിയസ് നാഷനിലിസ്റ്റ് പാര്‍ട്ടി ഓഫ് ത്രിപുര 28 കൗണ്‍സില്‍ സീറ്റുകളില്‍ 18 ഉം പിടിച്ചെടുത്തത്. കൗണ്‍സിലില്‍ ബി.ജെ.പി 9 ലേക്ക് ചുരുങ്ങിയപ്പോള്‍ സി.പി.എമ്മിന് ഒരു സീറ്റ് പോലും നേടാനായില്ല. മുമ്പ് കൈയ്യില്‍ ഉണ്ടായിരുന്ന 25 സീറ്റ്കളാണ് സി.പി.എമ്മിന് നഷ്ടപ്പെട്ടത്.

കൂടാതെ കഴിഞ്ഞതവണ ലഭിച്ച 49 ശതമാനം വോട്ട് 12 ശതമാനമായി കുറഞ്ഞു. അതായത് 37 ശതമാനത്തിന്റെ വോട്ട് ചോര്‍ച്ച. നിയമസഭയിലെ ആകെ 60 സീറ്റില്‍ 20 എണ്ണവും ഈ മേഖലയില്‍ നിന്നാണ്. നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വരട്ട് തത്വശാസ്ത്രം ഉപേക്ഷിച്ച് ആവശ്യമായ ജാഗ്രത കാണിച്ചില്ലെങ്കില്‍ ത്രിപുരയുടെ മണ്ണില്‍ എന്നന്നേക്കുമായി പാര്‍ട്ടി അവസാനിക്കുമെന്ന തിരിച്ചറിവില്‍നിന്നാണ് സി.പി.എം അഞ്ച് ഇടതുപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസുമായി ചേര്‍ന്ന് ജനാധിപത്യ മതേതര സംഖ്യം എന്ന പേരില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ രംഗത്തിറങ്ങുന്നത്. അതിന്റെ മുന്നോടിയായാണ് സംയുക്ത റാലി നടത്തിയത്. ബി.ജെ.പിക്ക് എതിരെ മതേതര കക്ഷികള്‍ ഒന്നിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയും യോഗത്തില്‍ പ്രസംഗിച്ചെങ്കിലും പിന്നീട് മാധ്യമങ്ങളോട് പറഞ്ഞതാണ് ഏറെ രസകരം.

ത്രിപുരയില്‍ സി.പി.എം കോണ്‍ഗ്രസുമായി ആശയപരമായ സഖ്യമല്ലെന്നും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് റാലി എന്നുമായിരുന്നു. കേരളത്തില്‍നിന്നുള്ള തമ്പ്രാക്കന്‍മാരുടെ കണ്ണുരുട്ടലാകാം ഈ വിചിത്ര വാദത്തിന് കാരണം. ഇന്ത്യയിലും കേരളത്തിലും ഇന്നുള്ള ഒരു മുന്നണിയിലേയും പാര്‍ട്ടികള്‍ തമ്മില്‍ ആശയപരമായ സംഖ്യമല്ലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. സി. പി.എം സെക്രട്ടറി പറഞ്ഞതുപോലെ ജനാധിപത്യവും ഭരണഘടനയും രാജ്യതാല്‍പര്യവും സംരക്ഷിക്കുന്നതിന് അത്തരം ആശയങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന രാഷട്രീയ മുന്നേറ്റത്തിന് എതിരെയുള്ള വിഷയാധിഷ്ഠിത കൂട്ടായ്മയാണ് മുന്നണികളും സഖ്യങ്ങളും. ആശയപരമായ സഖ്യമാണെങ്കില്‍ പിന്നെ രണ്ട് പാര്‍ട്ടികളായി നിലകൊള്ളണ്ട ആവശ്യമില്ലല്ലോ.

ഒന്ന് മറ്റേതില്‍ ലയിക്കുന്നതോടെ തീരാവുന്ന പ്രശ്‌നമല്ലേഉള്ളൂ. ഇതു പറയുമ്പോള്‍ ഇക്കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ സി.പി. എം കോണ്‍ഗ്രസുമായി ഉണ്ടാക്കിയ സംഖ്യത്തെ പാര്‍ട്ടി എന്ത് ഓമനപേരിട്ടാണ് വിളിക്കുക. തമിഴ്‌നാട്ടില്‍ സ്റ്റാലിന്റെ കീഴില്‍ കോണ്‍ഗ്രസും മുസ്‌ലിംലീഗും ഉള്‍പ്പെടെയുള്ള മുന്നണിയില്‍നിന്ന് മത്സരിക്കുക. പ്രചാരണ പരിപാടികളില്‍ ഒന്നിച്ച് പങ്കെടുക്കുക എന്തിന് ഏറെ സി.പി.എം സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ സാമഗ്രികളിലും മറ്റും രാഹുല്‍ ഗാന്ധിയുടെയും ഖാദര്‍ മൊയ്തീന്റെയും ഉള്‍പ്പെടെ ഫോട്ടോ വെച്ച് വോട്ട് തേടുക. അങ്ങനെ വിജയിച്ചു വരുന്നവരെ മാലയിട്ട് സ്വീകരിച്ച് വിജയാരവം മുഴക്കുക. ഇതിന്റെ പേര് എന്താണ് എന്ന് സി.പി.എം വിശദീകരിക്കണം.

പ്രത്യയശാസ്ത്രപരമായ തകര്‍ച്ച നേരിട്ട് കൊണ്ടിരിക്കുന്ന ഒരേയൊരു പാര്‍ട്ടി സി. പി.എം ആണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശ്രീനഗറില്‍ നടക്കുന്ന രാഹുല്‍ഗാന്ധിയുടെ ഭാരത ജോഡോ യാത്രയില്‍ പങ്കെടുക്കാനുള്ള കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ ക്ഷണം നിരസിച്ചതിലൂടെ സി.പി.എം ചെയ്ത്‌രിക്കുന്നത്. ക്ഷണം നിരസിക്കാന്‍ പാര്‍ട്ടി പറഞ്ഞ ന്യായമാണ് പരിഹാസ്യ മാകുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയായി ജോഡോ യാത്ര തുടങ്ങിയതിന് ശേഷം സമാപനത്തില്‍ യാത്രയെ പ്രതിപക്ഷത്തിന്റെ വേദിയാക്കി മാറ്റുന്നതിനോട് യോജിക്കുന്നില്ലെന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യേച്ചൂരി പറഞ്ഞത്, അല്ലെങ്കില്‍ അദ്ദേഹത്തിന് മുകളിലുള്ള ചില അദൃശ്യ ശക്തികള്‍ പറയിപ്പിച്ചത്.

യാത്ര കോണ്‍ഗ്രസിന്റെ പരിപാടിയാണെന്നും അതിന് വിജയം ആശംസിക്കുന്നതായും സെക്രട്ടറി തുടര്‍ന്ന് പറയുന്നു. കന്യാകുമാരിയില്‍നിന്ന് കശ്മീര്‍ വരെ ഒരു മനുഷ്യന്‍ നടക്കുന്നു. രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹ്യ-വിദ്യാഭ്യാസ-കലാരംഗത്ത അതികായകര്‍ അദ്ദേഹത്തോടൊപ്പം നടക്കുന്നു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ മുന്നേറ്റം. ഭരണഘടനയും ജനാധിപത്യവും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ കുളിര്‍മഴ പെയ്യിപ്പിക്കുന്ന അനുഭവം.

വെയിലും മഴയും മഞ്ഞും പൊടിയും വകവെക്കാതെ നടക്കുന്ന ആ മനുഷ്യന്‍ കന്യാകുമാരിയില്‍നിന്ന് സ്റ്റാലിന്റെ കൈയ്യില്‍നിന്ന് ഏറ്റ്‌വാങ്ങിയത് ദേശീയ പതാകയായിരുന്നു. അഗര്‍ത്തലയിലെ രബീന്ദ്രഭവന് മുന്നിലേക്ക് സി.പി.എമ്മും കോണ്‍ഗ്രസും നടത്തിയ സംയുക്ത റാലിയില്‍ പിടിച്ച അതേ ദേശീയ പതാക. യാത്ര ആരംഭിച്ചത് മുതല്‍ രാഹുല്‍ ഗാന്ധി പറഞ്ഞുകൊണ്ടേയിരിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയത്തിന് എതിരെയും ഫാസിസത്തില്‍ നിന്ന് മോചിപ്പിച്ച് ഇന്ത്യയെ ഒന്നിപ്പിക്കുന്നതിനെ കുറിച്ചുമാണ്.

ഈ യാത്രയില്‍ രാഹുല്‍ഗാന്ധി ബി.ജെ.പി സംഘ്പരിവാര്‍ വിരുദ്ധ പ്രസംഗം അല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ല. ഭാരത് ജോഡോ യാത്ര കോണ്‍ഗസ് പാര്‍ട്ടിയുടെ കേവലം ജനസമ്പര്‍ക്ക യാത്ര മാത്രമല്ല. വിളിപ്പാടകലെ എത്തിനില്‍ക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ബി.ജെ.പിയും ആര്‍.എസ്.എസും പരീക്ഷിച്ച വെറുപ്പിന്റെ രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗം തന്നെയാണ്. ആത്മാര്‍ത്ഥയുള്ള ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമാണ് സി. പി.എം നടത്തുന്നതെങ്കില്‍ ആ മുന്നൊരുക്കത്തില്‍നിന്ന് എങ്ങിനെയാണ് സി. പി.എമ്മിന് മാറിനില്‍ക്കാനാവുക. രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും സ്റ്റാലിനും നീതിഷും പവാറും അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ഉഴുത് മറിച്ച മണ്ണില്‍ അവസാനമായി വിളവെടുക്കാന്‍ നേരത്ത് അരിവാളുമായി സി.പി.എം ഇറങ്ങും എന്നതാണ് മുന്‍ അനുഭവം.

ദേശീയ തലത്തില്‍ ബി.ജെ.പിക്ക് ബദലായി അംഗബലം കൊണ്ടും അധികാര പങ്കാളിത്തം കൊണ്ടും ജനപിന്തുണകൊണ്ടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാത്രമേ ഉള്ളൂ എന്ന് കുട്ടികള്‍ക്കു പോലും അറിയാമെന്നിരിക്കെ രാഷ്ട്രീയ ട്രിപ്പീസ് കളിക്കുന്ന സി.പി.എം ചില വസ്തുതകള്‍ തിരിച്ചറിയേണ്ടതുണ്ട്. 2019 ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ആകെ വോട്ടവകാശം ഉണ്ടായിരുന്നവര്‍ തൊണ്ണൂറ്റി ഒന്ന് കോടി പത്തൊമ്പത് ലക്ഷത്തി അമ്പതിനായിരത്തി എഴുന്നൂറ്റി മുപ്പത്തിനാല് ആണ്. 37.36 ശതമാനം വോട്ട് മാത്രം വാങ്ങിയാണ് ബി.ജെ.പി 303 സീറ്റ് തനിച്ച് കരസ്ഥമാക്കിയത്. സി.പി.എം പാര്‍ട്ടിക്ക് ലഭിച്ചത് 1.75 ശതമാനം വോട്ടുകള്‍ മാത്രം.

71 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി ജയിച്ചത് 3 സീറ്റില്‍ മാത്രം. 1980ല്‍ ഏഴാം ലോക്‌സഭയില്‍ 64 സീറ്റില്‍ മത്സരിച്ച് 37 എം.പിമാരുണ്ടായ പാര്‍ട്ടിക്ക് 2019 ല്‍ മൂന്ന് സീറ്റിലേക്ക് ചുരുങ്ങിയത് അനുഭവത്തില്‍ നിന്ന് പാഠം പടിക്കാന്‍ പാര്‍ട്ടി തയ്യാറാവുന്നില്ല എന്നതുകൊണ്ടാണ്. ഇന്ത്യയുടെ ജനസംഖ്യയായ നൂറ്റി നാല്‍പത് കോടിയാണോ വലുത് ത്രിപുരയിലെ ജനസംഖ്യയായ നാല്‍പ്പത്തി ഒന്ന് ലക്ഷമാണോ വലുത് എന്ന് തിരിച്ചറിയാനാവാത്തവിധം അന്തമായ കോണ്‍ഗ്രസ് വിരോധം ചുമലിലേറ്റിയവര്‍ തെറ്റ് തിരുത്തി ജോഡോ യാത്രയില്‍ പങ്കെടുത്ത് ത്രിപുരയേക്കാള്‍ വലുതാണ് സഖാക്കളെ ഇന്ത്യ എന്ന് ഉറക്കെ വിളിച്ച് പറയുക. അതല്ലെങ്കില്‍ സി.പി.എം പാര്‍ട്ടിയുടെ ബി.ജെ.പി വാചോടകം തട്ടിപ്പ് മാത്രമാണെന്ന് മതേതര ഇന്ത്യ വിധിയെഴുതും.

 

webdesk13: