Connect with us

Article

വര്‍ഗീയതക്കെതിരായ സി.പി.എം ഒളിച്ചുകളി – എഡിറ്റോറിയല്‍

യാത്രയെ പിന്തുണക്കാതിരിക്കാനുള്ള കാരണമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ന്യായം പറഞ്ഞത് ബി.ജെ.പിയെ നേരിടുന്നതിനുള്ള പ്രാപ്തി കോണ്‍ഗ്രസിനില്ലെന്നും അവരുടെ പോരാട്ടങ്ങള്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്നുമായിരുന്നു. എന്നാല്‍ തങ്ങളുടെ നിലനില്‍പ്പിന്റെ വിഷയം വന്നപ്പോള്‍ അതേ കോണ്‍ഗ്രസിനെ ഒപ്പംകൂട്ടാന്‍ ഒരു തരത്തിലുള്ള പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളും അവര്‍ക്ക് തടസമായിത്തീര്‍ന്നില്ല.

Published

on

ഫാസിസ്റ്റുകള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സി.പി.എമ്മിന്റെ ഒളിച്ചുകളി നിര്‍ലജ്ജം തുടരുന്നതിന്റെ നഖചിത്രങ്ങളാണ് രാജ്യം ഏതാനും ദിവസങ്ങളിലായി കണ്ടുകൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍നിന്ന് മുടന്തു ന്യായങ്ങള്‍ പറഞ്ഞു വിട്ടുനിന്ന അവര്‍ ത്രിപുരയില്‍ നിലനില്‍പ്പിനുവേണ്ടി അതേ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ തയാറായിരിക്കുകയാണ്. ഏതു പ്രതിസന്ധിഘട്ടത്തിലും സ്വന്തം താല്‍പര്യങ്ങള്‍ മാത്രമാണ് തങ്ങള്‍ക്കു പ്രധാനമെന്നാണ് ഈ നീക്കത്തിലൂടെ സി.പി.എം വീണ്ടും തെളിയിച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് പാര്‍ട്ടി പോലും പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ഓളങ്ങള്‍ സൃഷ്ടിച്ചാണ് കശ്മീരിന്റെ മണ്ണില്‍ സമാപനത്തിലേക്കെത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്നാരംഭിച്ച യാത്ര സഞ്ചരിച്ച വഴികളിലെല്ലാം ആവേശകരമായ സ്വീകരണമാണ് രാഹുലിനും സംഘത്തിനും ലഭിച്ചത്. രാജ്യത്തെ തകര്‍ക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാറിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം അവര്‍ ഭാരത് ജോഡോയാത്രക്കൊപ്പം നടന്ന് പ്രകടിപ്പിക്കുകയായിരുന്നു.

സാധാരണക്കാര്‍ മാത്രമല്ല വര്‍ഗീയതയെ എതിര്‍ക്കുന്ന മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും രാജ്യത്തിന്റെ ഐക്യവും പുരോഗതിയും ആഗ്രഹിക്കുന്ന സകല സംഘടനകളും വ്യക്തികളുമെല്ലാം ഈ യാത്രയെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നല്‍കിയ പിന്തുണ രാജ്യത്തുടനീളം ജാഥക്ക് ലഭിച്ചുകൊണ്ടേയിരുന്നു.

ശരത് പവാര്‍, ഫാറൂഖ് അബ്ദുല്ല, കമല്‍ഹാസന്‍, റിസര്‍വ് ബാങ്ക് മുന്‍ഗവര്‍ണര്‍ രഘുറാം രാജന്‍, സാമൂഹ്യ പ്രവര്‍ത്തകരായ മേധാ പട്കര്‍, പ്രശാന്ത് ഭൂഷണ്‍ അങ്ങിനെ ആ പട്ടിക നീണ്ടു കിടക്കുകയാണ്. എന്നാല്‍ യാത്ര ആരംഭിച്ചതുമുതല്‍ ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന് കൗതുകം എന്ന സമീപനമാണ് സി.പി.എം സ്വീകരിച്ചത്. കണ്ടെയിനര്‍ യാത്രയെന്ന് ആക്ഷേപിച്ച് ആരംഭിച്ച വിമര്‍ശനം മുഖ്യമന്ത്രി പിണറായി വിജയന്‍ വരേ ഏറ്റുപിടിച്ച് അവരുടെ ഫാസിസ്റ്റു വിരുദ്ധ പോരാട്ടം എത്രമാത്രം കാപട്യം നിറഞ്ഞതാണെന്ന തെളിയിക്കുകയുണ്ടായി.

യാത്രയെ പിന്തുണക്കാതിരിക്കാനുള്ള കാരണമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ന്യായം പറഞ്ഞത് ബി.ജെ.പിയെ നേരിടുന്നതിനുള്ള പ്രാപ്തി കോണ്‍ഗ്രസിനില്ലെന്നും അവരുടെ പോരാട്ടങ്ങള്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്നുമായിരുന്നു. എന്നാല്‍ തങ്ങളുടെ നിലനില്‍പ്പിന്റെ വിഷയം വന്നപ്പോള്‍ അതേ കോണ്‍ഗ്രസിനെ ഒപ്പംകൂട്ടാന്‍ ഒരു തരത്തിലുള്ള പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളും അവര്‍ക്ക് തടസമായിത്തീര്‍ന്നില്ല. ബംഗാളിലെ പോലെ ത്രിപുരയിലും തുടച്ചുനീക്കപ്പെടുമെന്നുവന്നപ്പോഴാണ് സംയുക്തറാലി നടത്താനും മുന്നണിയായി മത്സരിക്കാനും സീറ്റുകള്‍ വീതംവെക്കാനുമെല്ലാം സി.പി.എം മുന്‍കൈ എടുത്തത്.

എന്നാല്‍ ബംഗാളിലെ കോണ്‍ഗ്രസ് സി.പി.എം സഖ്യത്തിന് അള്ളുവെച്ച കേരളഘടകമാകട്ടേ ഇവിടെ നിശബ്ദമാണ്. അത്രമേല്‍ പരിതാപകരമായ അവസ്ഥയിലാണ് മണിക്‌സര്‍ക്കാറും കൂട്ടരുമെന്നതാണ് അതിനു കാരണം. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നുള്ള ഈ സമീപനം രാജ്യത്താകമാനം സ്വീകരിക്കണം എന്ന നിലപാടാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള പാര്‍ട്ടി ദേശീയ നേതൃത്വത്തിലെ ഭൂരിഭാഗത്തിനുമുള്ളത്. എന്നാല്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വം എക്കാലത്തെയും വലിയ ദൗര്‍ബല്യത്തിലൂടെ കടന്നുപോകുമ്പോള്‍ തല്‍ക്കാലം അവര്‍ക്ക് കേരള ഘടകത്തിന് മുന്നില്‍ അപേക്ഷിക്കാനേ നിര്‍വാഹമുള്ളൂ.

മറുഭാഗത്താവട്ടേ മതേതര വിശ്വാസികളെ വീണ്ടും വീണ്ടും നിരാശപ്പെടുത്തുന്ന രീതിയിലുള്ള സമീപനം പിണറായി വിജയന്റെ നേതൃത്വത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താതെയുള്ള മതേതരസഖ്യം രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം. അതിന്റെ ഭാഗമായാണ് തെലുങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയില്‍ അദ്ദേഹം ആവേശത്തോടെ പങ്കുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും രാജ്യത്ത് മൂന്നു സംസ്ഥാനങ്ങളില്‍ ഭരണവും നാലു സംസ്ഥാനങ്ങളില്‍ മുഖ്യ പ്രതിപക്ഷത്തിന്റെ റോളും ആ പാര്‍ട്ടിക്കുണ്ട്.

രാജ്യത്താകമാനം വേരുകളുള്ള ഒരു പ്രസ്ഥാനത്തെ പുറത്തുനിര്‍ത്തിക്കൊണ്ടുള്ള ബി.ജെ.പിക്കെതിരായ പൊരാട്ടം അധര വ്യായാമമാണെന്നറിയാത്തവരല്ല കേരളത്തിലെ സി.പി.എം നേതാക്കള്‍. എന്നിട്ടും പക്ഷേ ഈ പൊറാട്ടു നാടകത്തിന് അവര്‍ മുതിരുന്നതിന്റെ പിന്നില്‍ ഒരൊറ്റ ലക്ഷ്യമേയുള്ളൂ. അത് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെങ്കിലും ഒന്നോ രണ്ടോ സീറ്റുകള്‍ നേടിയെടുക്കുക എന്നതു മാത്രമാണത്. ഈ നീക്കംവഴി മതേതര വോട്ടുകള്‍ ചിന്നിച്ചിതറിപ്പോവുമെന്നതോ ഫാസിസ്റ്റുകള്‍ കൂടുതല്‍ കരുത്തരാകുമെന്നതോ അവരെ തെല്ലും അലോസരപ്പെടുത്തുന്നില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

അഗ്നി ഭീതിയിലെ കോഴിക്കോട്

EDITORIAL

Published

on

ഇക്കഴിഞ്ഞ ഞായറാഴ്ച്ച അഗ്‌നിപടര്‍ത്തിയ ഭീതിയിലായിരുന്നു. ഹൈദരാബാദിലെ ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലുണ്ടായ അഗ്‌നിയുടെ താണ്ഡവത്തില്‍ 17 ജീവനുകളാണ് പൊലിഞ്ഞു പോയതെങ്കില്‍ കോഴിക്കോട്ടുണ്ടായത് കോടികളുടെ നഷ്ടമാണ്. നഗര മധ്യത്തില്‍, ഏറ്റവും ജനത്തിരക്കേറിയ മൊഫ്യൂസല്‍ ബസ് സ്റ്റാന്റില്‍ ആറുമണിക്കൂറോളം അഗ്‌നി സംഹാരതാണ്ഡവമാടിയപ്പോള്‍ 30 കോടിയോളം രൂപയാണ് ചാമ്പലായിപ്പോയത്.

കോഴിക്കോട് ജില്ലയിലെയും സമീപ പ്രദേശങ്ങളിലേയും 25 ഫയര്‍ യൂണിറ്റുകളും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ പാന്താര്‍ ഫയര്‍ എഞ്ചി നും ഉള്‍പ്പെടെ മണിക്കൂറുകള്‍ കഠിനാധ്വാനം ചെയ്തതാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുതിയ ബസ് ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിലെ കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന മൊത്ത വസ്ത്ര വ്യാപാര സ്ഥാപനം പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്. തൊട്ടടുത്ത റീട്ടെയില്‍ വസ്ത്ര വ്യാപാര സ്ഥാ പനത്തിലേക്കും തീ പടര്‍ന്നു. സ്റ്റാന്റിന്റെ താഴെ നിലയിലെ പടിഞ്ഞാറ് ഭാഗത്തെ കടകളും വെള്ളം നനഞ്ഞും മറ്റും നശിച്ചു. തീ സമീപത്തെ പല കടകളിലേക്കും പടരുകയുണ്ടായി. പുതിയ സ്റ്റാന്റ്, മാവൂര്‍ റോഡ് പ്രദേശമാകെ ആളുകളെ ഒഴിപ്പിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ആളാപയമുണ്ടായില്ല എന്നതുമാത്രമാണ് ആശ്വാസത്തിനുള്ള ഏക വക.

യു.എന്നിന്റെ സാഹിത്യ പദവി ഉള്‍പ്പെടെ അസൂയാവഹമായ അംഗീകാരങ്ങളും വിശേഷണങ്ങളുമുള്ള നഗരമാണ് കോഴിക്കോട്. എന്നാലിപ്പോള്‍ തീപിടിത്തങ്ങളുടെ നഗരം എന്ന കോഴിക്കോട്ടുകാര്‍ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു വിശേഷണം കൂടി ഈ നഗരത്തിന് വന്നു ചേര്‍ന്നിരിക്കുകയാണ്. കേവലം പതിനെട്ടുവര്‍ഷങ്ങള്‍ക്കിടയില്‍ പത്തു വലിയ അഗ്‌നിബാധകളാണ് നഗരത്തിലുണ്ടായത്. 2007 ല്‍ മിഠായിത്തെരുവിലെ പടക്കക്കടയിലുണ്ടായ തീപിടിത്തം നാടിനെ ഒന്നടങ്കം നടുക്കിക്കളഞ്ഞിരുന്നു. ആറുപേര്‍ സംഭവ സ്ഥലത്തുവെച്ചു മരണപ്പെടുകയും അമ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അമ്പതിലധികം കടകളാണ് അഗ്‌നിക്കിരയായത്. പത്തു വര്‍ഷങ്ങള്‍ക്കുശേഷം 2017 ല്‍ കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. ഈ മാസം ആദ്യത്തില്‍ മൂന്നു ദിവസത്തെ ഇടവേളയില്‍ രണ്ടുതവണയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുകയും പൊട്ടിത്തെറിയുമുണ്ടായത്.

എന്തുകൊണ്ട് കോഴിക്കോട് നഗരം അടിക്കടി അഗ്‌നിബാധക്കിരയാകുന്നുവെന്ന ചോദ്യത്തിനുള്ള ഒന്നാമത്തെ ഉത്തരം നഗരം ഭരിക്കുന്ന കോര്‍പറേഷന്റെ പിടിപ്പുകേടെന്ന് നിസംശയം വിലയിരുത്താന്‍ സാധിക്കും. അഴമിതിയുടെയും സ്വജനപക്ഷപാതത്തിന്റെയും വിളയാട്ടത്തിലൂടെ അനധികൃത നിര്‍മാണങ്ങളുടെ പറുദീസയായി നഗരം മാറിയിരിക്കുകയാണ്. സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ കാര്യത്തിലും, മറ്റു കെട്ടിടങ്ങള്‍ക്കുള്ള അനുമതിയിയുടെ കാര്യത്തിലുമെല്ലാം കോര്‍പറേഷന്‍ ഒരുപോലെ കണ്ണടക്കുക യാണ്. പാര്‍ട്ടി നേതൃത്വവും ഉദ്യോഗസ്ഥലോബിയും ചേര്‍ന്നുള്ള മാഫിയ കൂട്ടുകെട്ടിലൂടെയുള്ള നീക്കുപോക്കുക ളില്‍ ഔദ്യോഗിക സംവിധാനങ്ങളെല്ലാം നോക്കുകുത്തികളായി മാറിയ സാഹചര്യം ഇവിടെ പരസ്യമായ രഹസ്യമാണ്. പാര്‍ട്ടിക്കാര്‍ക്കും പണക്കാര്‍ക്കും എന്തുമാകാമെന്നതിനുള്ള തെളിവായി നഗരത്തില്‍ പലനിര്‍മിതികളും അഹങ്കാരത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇന്നലെ അഗ്‌നിക്കിരയായ മൊഫ്യൂസല്‍ ബസ്സ്റ്റാന്റിലെ കെട്ടിടം തന്നെ ഈ നിയമലംഘനത്തിന്റെ നിദര്‍ശനമാണ്. കെട്ടിടത്തില്‍ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തെക്കുറിച്ച് ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് കോര്‍പറേഷനെ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ ഒ രു നടപടിയും സ്വീകരിച്ചിരുന്നില്ല. മാത്രമല്ല, കെട്ടിടത്തില്‍ നടന്നിട്ടുള്ളത് അശാസ്ത്രീയവും അനധികൃതവുമായ നിര്‍മാണത്തിന്റെ കൂമ്പാരം തന്നെയാണ്.

കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ പ്രധാന കവാടങ്ങളല്ലാതെ ഒരു പഴുതുമില്ലാത്തതിനാല്‍ അഗ്‌നിശമന സേനക്ക് അകത്തേക്ക് കടക്കാനോ ത്വരിത ഗതിയില്‍ തീയണക്കാനോ സാധിക്കാതിരുന്നതാണ് നഷ്ടക്കണക്കുകള്‍ ഇങ്ങനെ വര്‍ധിക്കാന്‍ കാരണമായത്. ഔദ്യോഗിക സംവിധാനങ്ങളുടെ എല്ലാ ദൗര്‍ബല്യവും ഈ അഗ്‌നിബാധയില്‍ പ്രകടമായിരുന്നു.

നഗര മധ്യത്തിലെ ഒരു കെട്ടിടമാണ് ആറുമണിക്കൂറോളം ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാതെ നിന്നു കത്തിയത് എന്നിരിക്കെ അപകടങ്ങളെയും അത്യാഹിതങ്ങളെയും പ്രതിരോധിക്കാന്‍ എന്തുസംവിധാനങ്ങളാണ് നമ്മുടെ ഭരണകൂടത്തിന്റെ കൈവശമുള്ളതെന്ന ചോദ്യമാണ് ഉയരുന്നത്. അ വധിദിനത്തില്‍ ഏറെ കടകളും അടഞ്ഞു കിടന്നതിനാല്‍ ആളപായമുണ്ടായില്ലെന്ന് സമാധാനിക്കുമ്പോഴും നീണ്ട കെട്ടിടം അപ്പാടെ തീ വിഴുങ്ങുമ്പോഴും മണിക്കൂറുകള്‍ ഒന്നും ചെയ്യാനാവാതെ അന്തംവിട്ട് നില്‍ക്കുകയായിരുന്നു അധിക്യതര്‍.

നഗരത്തിലും പരിസരപ്രദേശങ്ങളിലും നിരന്തരം തീപിടുത്തമുണ്ടായിട്ടും നഗരത്തിനകത്തുള്ള ഫയര്‍ സ്‌റ്റേഷന്‍ ഇതുവരെ പുനസ്ഥാപിക്കാത്തതുള്‍പ്പെടെ ആവര്‍ത്തിക്കുന്ന ദുരന്തങ്ങളില്‍ നിന്നും ഒന്നും പഠിക്കാന്‍ ഭരണകൂടം തയ്യാറാവുന്നില്ല. അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നിയമത്തിന്റെയും നീതിയുടെയും പാതയിലൂടെ സഞ്ചരിച്ച് നാടിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കോര്‍പറേഷന്‍ ഭരണകൂടം തയാറാകേണ്ടതുണ്ട്.

Continue Reading

Article

മെഡിക്കല്‍ കോളജിലെ പുകയും പൊട്ടിത്തെറിയും

EDITORIAL

Published

on

ആതുര ശുശ്രൂഷാ രംഗത്തെ മലബാറിന്റെ അത്താണിയായ കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ പൊട്ടിത്തെറിയും പുകയുമെല്ലാം നാടിനെ ആശങ്കയുടെ മുള്‍മുനയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ചികിത്സാ പിഴവും മരുന്നുകളുടെയും അനുബന്ധ വസ്തുക്കളുടെയും ലഭ്യതക്കുറവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവുമൊക്കെയായി നിരന്തര പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്നലെയും കഴിഞ്ഞ ദിവസവുമുണ്ടായ അസാധാരണ സംഭവങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ അവസാന ആശ്രയവും, ദിനംപ്രതി പതിനായിരങ്ങള്‍ ചികിത്സക്കെത്തുന്ന ഇടവുമായ ഈ ആതുരാലയത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതുവഴി ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.

ആദ്യ ദിവസത്തിലുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് ഇന്നലെ വീണ്ടും പുക ഉയര്‍ന്നത്. കാഷ്വാലിറ്റിയിലെ യു.പി.എസ് പൊട്ടിത്തെറിച്ചാണ് ആദ്യ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ടുമണിയോടെ കാഷ്വാലിറ്റിയില്‍ പെട്ടെന്ന് കനത്ത പുക പടര്‍ന്ന തോടെ അഗ്‌നിബാധ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പല രോഗികള്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുകയും പൊലീസും ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് കാഷ്വാലിറ്റിയിലെ രോഗികളെ പുറത്തെത്തിക്കുകയുമായിരുന്നു.

ഈ സംഭവത്തില്‍ തന്നെ രോഗികളെ മാറ്റുന്നതുള്‍പ്പെടെ അധികൃതരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച്ചയുണ്ടാതായി ആരോപണമുയര്‍ന്നിരുന്നു. തീ അണക്കുന്നതില്‍പോലും കാലതാമസം നേരിട്ടുവെന്ന് മാത്രമല്ല, വെള്ളിമാട്കുന്ന്, ബീച്ച് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന് ഏറെ പരിശ്രമിച്ചായിരുന്നു ഫയര്‍ഫോഴ്‌സ് ടീം പോലും എത്തിച്ചേര്‍ന്നത്. ഒരു അത്യാഹിതമുണ്ടാകുമ്പോള്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാറിനോ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കോ ഒരു ധാരണയുമില്ലെന്നതിന്റെ നിദര്‍ശനമായിരുന്നു ഈ പൊട്ടിത്തെറി. ഇത്ര വലിയ ഒരു ആശുപത്രി കോമ്പൗണ്ടില്‍ ഒരു ഫയര്‍ യൂണിറ്റ് പോലുമില്ലെന്നത് എത്രമാത്രം ഗൗരവതരമാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെടാന്‍ ഇനി എന്തൊക്കെ സംഭവിക്കണമെന്നാണ് ജനങ്ങളുയര്‍ത്തുന്ന ചോദ്യം.

അധികൃതരുടെ നിസംഗതയുടെ ഏറ്റവും മികച്ച ഉദാഹരണം ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ അഭാവം തന്നെയാണ്. ഫയര്‍ യൂണിറ്റിനായി പ്ലാന്‍ ഉള്‍പ്പെടെ തയ്യാറായിട്ടും അതിനായി 20 സെന്റ് ഭൂമി കൊടുക്കാന്‍ ഏക്കര്‍ കണക്കിന് ഭൂമി കാടുപിടിച്ചുകിടക്കുന്ന ഒരു സ്ഥാപനത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നത് എന്തിന്റെ പേരിലാണ് ന്യായീകരിക്കാനാവുക. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളെ കൈകാര്യം ചെയ്യുന്നതിന് പ്രോട്ടോക്കോളുകളൊന്നും പ്രസ്തുത സംഭവത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അഞ്ചുജീവനുകള്‍ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒറ്റയടിക്ക് കൈകഴുകാനുള്ള വ്യഗ്രതയായിരുന്നു ഉത്തരവാദപ്പെട്ടവരില്‍ നിന്ന് കാണാനായത്. സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് എത്താറുള്ളത്. അങ്ങനെയുള്ള പാവങ്ങളെയാണ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ സ്വകാര്യ ആശുപത്രികളിലേക്ക് ഈ സംഭവത്തോടെ തള്ളിവിട്ടത്.

ഈയൊരു പശ്ചാത്തലത്തിലാണ് ഇതേ കെട്ടിടത്തിന്റെ ആറാം നിലയില്‍ ഇന്നലെ വീണ്ടും തീപ്പിടുത്തമുണ്ടായിരിക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഓപറേഷന്‍ തിയേറ്ററുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. നേരത്തെയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടം മുഴുവന്‍ പരിശോധന നടത്തിയിരുന്നുവെന്നും ഈ ഘട്ടത്തിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടായിരിക്കാം അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ഇന്ന് മുതല്‍ കെട്ടിടത്തില്‍ വീണ്ടും ഓപ്പറേഷന്‍ തിയറ്റര്‍ അടക്കം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയുമായിരുന്നു.

എന്നാല്‍ വലിയൊരു അപകടത്തിനു പിന്നാലെ ഒരു വിധത്തിലുള്ള ജാഗ്രതയുമില്ലാതെയാണ് ഇവിടേക്ക് രോഗികളെ മാറ്റാനും ഓപറേഷന്‍ തിയേറ്ററുള്‍പ്പെടെ സജ്ജീകരിക്കാനും അധികൃതര്‍ തയാറായതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പതിവു പോലെ മുഖ്യമന്ത്രിയുടെ നടുക്കവും ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനവും പത്രസമ്മേളനവും അന്വേഷണ പ്രഖ്യാപനവുമുള്‍പ്പെടെയുള്ള കലാപരിപാടികളെല്ലാം അരങ്ങേറിയിട്ടുണ്ടെങ്കിലും ഇതെല്ലാം എത്രമാത്രം പ്രഹസനമാണെന്നതാണ് അടിക്കടിയുണ്ടാകുന്ന ഈ ദുരന്തങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യ രംഗത്തെക്കുറിച്ചുള്ള ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ അവകാശവാദങ്ങളിലെ കാപട്യത്തിനുള്ള ഒന്നാമത്തെ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ദിവസങ്ങളുടെ ഇടവേളകളിലുണ്ടായ ഈ മുന്നറിയിപ്പുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരു ക്കാനെങ്കിലും സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്.

Continue Reading

Article

അക്ഷര വിപ്ലവത്തിന്റെ ദീപശിഖ

EDITORIAL

Published

on

നിന്റെ കാലിലൊന്ന് നഷട്മാകുമ്പോള്‍ നീ ഒരു കാലില്‍ നില്‍ക്കണം, കാലുകള്‍ രണ്ടും നഷ്ടമാകുമ്പോള്‍ കൈകളാകണം കരുത്ത്, കൈകളും വിധി കൊണ്ടു പോകുമ്പോള്‍ നീ നിന്റെ ബുദ്ധിയുടെ കരുത്തില്‍ മുന്നേറണം’. വിധിയോട് പൊരുതി ഒരു നാടിന്റെ മാത്രമല്ല, ഒരു ജനതയുടെ തന്നെ വെളിച്ചമായി മാറിയ കെ.വി റാബിയയുടെ വാക്കുകളാണിത്. ആയുസ് മുഴുവന്‍ ചക്രക്കസേരയിലിരുന്ന്, ജീവിതം പോരാട്ടമാക്കിമാറ്റിയ കെ.വി റാബിയയെന്ന പത്മ പുരസ്‌കാര ജേതാവിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അന്ത്യംകൂടിയാണെന്ന് നിസംശയം പറയാന്‍ കഴിയും. തളര്‍ന്നുപോവാന്‍ കാരണങ്ങള്‍ അനവധിയുണ്ടായിട്ടും തനിക്ക് ചെയ്തുതീര്‍ക്കാനെന്തക്കെയുണ്ടെന്ന് മാത്രം ചിന്തിച്ച അവര്‍ പുതുതലമുറക്ക് സമ്മാനിക്കുന്നത് ഏറ്റവും വലിയ കൗതുകവും പ്രചോദനവുമാണ്. പത്മത്തിളക്കത്തില്‍, തന്റെ കലാലയമായ തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജ് ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ തിങ്ങിക്കൂടിയ ആബാല വൃദ്ധത്തെനോക്കി അവര്‍ പറഞ്ഞു, ‘നിങ്ങള്‍ക്കുള്ളത് ഞങ്ങള്‍ക്കില്ല, എന്നാല്‍ ഞങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്കുമില്ല’. അംഗീകാരങ്ങളുടെ അഹന്തയായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ പിന്‍ബലമായിരുന്നു അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. അവശതയും അനാഥത്വവും പേറുന്നവര്‍ക്ക് ആരോഗ്യമുള്ളവര്‍ പിന്തുണ നല്‍കണമെന്നും ശാരീരിക വൈകല്യങ്ങള്‍ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമാവരുതെന്നും അവര്‍ അതിയായി ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്തു.

തകര്‍ന്നുപോവാനും തളര്‍ന്നിരിക്കാനും കാരണങ്ങളെമ്പാടുമുണ്ടായിരുന്നു റാബിയക്ക്. ചെറുപ്പത്തിലേ പിടിപെട്ട പോളിയോ, പാതി തളര്‍ന്ന ശരീരം, കാന്‍സര്‍, വീല്‍ചെയര്‍ ജീവിതം അങ്ങനെ പരീക്ഷണങ്ങളുടെ പട്ടിക നീണ്ടു നിവര്‍ന്നു കിടക്കുന്നു. എന്നാല്‍ എല്ലാ പരിമിതികളെയും പ്രതിരോധിക്കാന്‍ അവര്‍ കൂടെ കൂട്ടിയത് ഒരിക്കലും നശിക്കാത്ത അക്ഷരങ്ങളെയായിരുന്നു. ആ കരുത്തില്‍ സ്വന്തം ഗ്രാമമായ വെള്ളിലക്കാടില്‍ നിന്നാരംഭിച്ച വൈജ്ഞാനിക, സാമൂഹിക വിപ്ലവം കേരളവും ഇന്ത്യയും കടന്ന് ലോകത്തോളം ഉയര്‍ന്നുപൊങ്ങുകയായിരുന്നു. പ്രയാസങ്ങളും പരിമിതികളും ഒന്നിന്റെയും ഒടുക്കമല്ലെന്നു മാത്രമല്ല, പലതിന്റെയും തുടക്കം കൂടിയാണെന്ന് അവര്‍ ജീവിതംകൊണ്ട് തെളിയിച്ചു. വേദനകളേയും കൂടെ കൂട്ടിയായിരുന്നു കുഞ്ഞുറാബിയയുടെ ഭൂമുഖത്തേക്കുള്ള കടന്നു വരവു തന്നെ. മുട്ടിലിഴയുമ്പോഴും പിച്ചവെക്കുമ്പോഴും വിടാതെ പിന്തുടര്‍ന്ന വേദനകള്‍ സ്‌കൂള്‍ പ്രായത്തിലും റാബിയയെ വിട്ടുപോകാന്‍ തയാറായില്ല. എന്നാല്‍ അതിന്റെ പേരില്‍ സങ്കടപ്പെട്ട് വീട്ടിലിരിക്കാന്‍ ആ മിടുക്കിക്കുട്ടി തയാറല്ലായിരുന്നു. വേദനകള്‍ കടിച്ചമര്‍ത്തി അക്ഷരങ്ങളെ കൂട്ടുപിടിച്ച് കൂട്ടുകാരികളെ താങ്ങാക്കി അവള്‍ സ്‌കൂളിലേക്ക് നടന്നു നീങ്ങി. പത്താം ക്ലാസിലെത്തിയപ്പോഴേക്കും വിധി പോളിയോയുടെ രൂപത്തിലായിരുന്നു റാബിയയെ പരീക്ഷിച്ചത്. സ്വപ്നങ്ങള്‍ മടക്കിവെച്ച് കിടക്കപ്പായയില്‍ അഭയം തേടിപ്പോകേണ്ടിവരുന്ന അസന്നിഗ്ധ ഘട്ടത്തിലും ആ കൗമാരക്കാരി തോറ്റുകൊടുക്കാന്‍ തയാറായില്ല. കു ടുംബത്തിന്റെ കൂടി പൂര്‍ണ പിന്തുണയില്‍ വേദനകള്‍ കടിച്ചമര്‍ത്തി അവള്‍ സ്‌കൂള്‍ കാലത്തെ മാത്രമല്ല, കോളജ് കാലത്തെയും അതിജയിച്ചു. പരന്ന വായനയുടെ പിന്‍ബലത്തില്‍ ലോകത്തെ അടുത്തറിയുകയും സ്വയം വേദനകള്‍ മാറ്റിവെച്ച്, സങ്കടപ്പെടുന്നവരുടെയും ഒറ്റപ്പെട്ടുപോയ വരുടെയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇക്കഴിഞ്ഞ ദിവസം വരയുള്ള ജീവിതമാകട്ടെ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.

സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം അനുഭവിച്ചറിഞ്ഞ അക്ഷരങ്ങളുടെ വെളിച്ചം മറ്റുള്ളവരിലേക്കു കൂടി പകര്‍ന്നു നല്‍കിയായിരുന്നു തന്റെ ജീവിത ദൗത്യത്തിന്റെ തുടക്കം. സ്വന്തം വീടിനോട് ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ വെള്ളിലക്കാട് ട്യൂഷന്‍ സെന്റര്‍ പില്‍ക്കാലത്ത് അക്ഷര വിപ്ലവത്തിന്റെ മാത്രമല്ല, കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ കൂടി അടയാളപ്പെടുത്തലായി മാറി. 1990 ല്‍ തുടക്കം കുറിച്ച സാക്ഷരതാ പ്രവര്‍ത്തനത്തില്‍ എട്ടു വയസ് മുതല്‍ 80 വയസുവരെയുള്ളവര്‍ പങ്കാളികളായി. അസാധ്യവും അല്‍ഭുതകരവുമായ ഈ ഉദ്യമം ഉദ്യോഗസ്ഥ വൃന്ദത്തെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ പ്രസ്ഥാനത്തിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്തെത്തുകയുണ്ടായി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ എന്ന പദ്ധതിയുടെ ഭാഗമായി ട്യൂഷന്‍ സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയം തൊഴില്‍ സംരഭങ്ങള്‍, ബോധവല്‍ക്കരണ ശാക്തീകരണ പരിപാടികള്‍ തുടങ്ങിയ പദ്ധതികള്‍ക്കും അവര്‍ തുടക്കം കുറിച്ചു.

അക്ഷര വെളിച്ചം മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ വെളിച്ചവും വഴികാട്ടിയുമായി മാറാനും അവര്‍ക്ക് സാധിച്ചു. സൗകര്യപ്രദമായ റോഡ്, വൈദ്യുതി കണക്ഷന്‍, ടെലിഫോണ്‍ കണക്ഷന്‍, കുടിവെള്ളം എന്നിവയെല്ലാം റാബിയയിലൂടെയാണ് വെള്ളിലക്കാടിലും പരിസര പ്രദേശ ങ്ങളിലും എത്തിച്ചേര്‍ന്നത്. കടന്നുപോയ പരീക്ഷണങ്ങളെയെല്ലാം അതിജയിച്ച അവര്‍ തന്നെപ്പോലെയുള്ളവരെ കൈപ്പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളിലും മുഴുകുകയുണ്ടായി. ‘ചലനം’ എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണത്തിലൂടെ ശാരീരിക വെല്ലുവളി നേരിടുന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നവരെയെല്ലാം ചേര്‍ത്തുനിര്‍ത്തി. സ്ത്രീധനം തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരായ പോരാട്ടവും ഇതിലൂടെ അവര്‍ നിര്‍വഹിച്ചു. കഠിനാധ്വാനത്തിനുള്ള അംഗീകാരമായി നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, യു.എന്‍ നാഷണല്‍ അവാര്‍ഡ്, ഏറ്റവും ഒടുവില്‍ രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ പത്മശ്രീ എന്നിവയെല്ലാം അവരെ തേടിയെത്തി. പ്രതിസന്ധികളെ പ്രസന്നതയോടെ നേരിട്ട ഈ ധീരവനിത തന്റെ കാലക്കാര്‍ക്കു മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്‍ക്കും വലിയ പ്രചോദനം ബാക്കിവെച്ചാണ് ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നത്.

Continue Reading

Trending