X
    Categories: CultureMoreViews

ആധുനിക തമിഴ്‌നാടിന്റെ ശില്‍പി: പ്രൊഫ. ഖാദര്‍ മൊയ്തീന്‍

ചെന്നൈ: ദ്രാവിഡ ജനതയില്‍ അഭിമാന ബോധവും ആത്മധൈര്യവും പകരുകയും അവരെ അധികാര ശ്രേണിയിലെത്തിക്കുകയും ചെയ്ത വീരനായകനാണ് വിടപറഞ്ഞ കലൈഞ്ജര്‍ കരുണാനിധി എന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് അധ്യക്ഷന്‍ പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. തമിഴ് ജനതയുടെ വളര്‍ച്ചയും പുരോഗതിയുമായിരുന്നു കലൈഞ്ജറുടെ സ്വപ്‌നം. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് സ്ഥാപക പ്രസിഡണ്ട് ഖാഇദെമില്ലത്തിനെ അദ്ദേഹം ആചാര്യനായി കണ്ടു.

എല്ലാ വിവേചനങ്ങളില്‍ നിന്നും ന്യൂനപക്ഷങ്ങളെയും പിന്നാക്ക വിഭാഗങ്ങളെയും മോചിപ്പിച്ചു. മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി നിന്നു.അണ്ണാ ദുരൈ, ഖാഇദെമില്ലത്ത്, കാമരാജ് എന്നിവരുടെ പട്ടികയില്‍ പെട്ട അവസാന നേതാവാണ് കലൈഞ്ജര്‍. തമിഴകത്തിന്റെ കരുത്തും പ്രാണനുമായിരുന്നു അദ്ദേഹം. സര്‍വ്വ മേഖലയിലും വികാസം പ്രാപിച്ച് സ്വയം പര്യാപ്തമായ ആധുനിക തമിഴ്‌നാടിന്റെ ശില്‍പിയാണ് കലൈഞ്ജര്‍ എന്ന് ഖാദര്‍ മൊയ്തീന്‍ ചൂണ്ടിക്കാട്ടി.

മതേതര രാഷ്ട്രീയത്തിന്റെ മഹാ പോരാളി: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: മതേതര രാഷ്ട്രീയത്തിന്റെ കറകളഞ്ഞ മഹാപോരാളിയായിരുന്നു കലൈഞ്ജര്‍ എം കരുണാനിധിയെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അനുസ്മരിച്ചു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് സ്ഥാപക നേതാവ് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്‌ലാമായില്‍ സാഹിബിനെ രാഷ്ട്രീയ ഗുരുക്കളിലൊരാളായി കണ്ടിരുന്ന അദ്ദേഹം പാര്‍ട്ടിയുമായി അവസാന നിമിഷം വരെ ഹൃദയ ബന്ധം കാത്തു.
ഖാഇദേമില്ലത്തിന്റെ വിയോഗ ദിനം ആസ്പത്രിയില്‍ മയ്യിത്ത് സന്ദര്‍ശിച്ച കരുണാനിധി പൊട്ടിക്കരഞ്ഞത് മായാത്ത ചിത്രമാണ്. തമിഴ്‌നാട്ടിലെ മുസ്‌ലിംലീഗ് സമുന്നത നേതാക്കളുമായി മാത്രമല്ല, ജി.എം ബനാത്തുവാല സാഹിബുമായും സി.എച്ച് മുഹമ്മദ് കോയ സാഹിബുമായും ഇ അഹമ്മദ് സാഹിബുമായെല്ലാം വല്ലാത്ത അടുപ്പവും സ്‌നേഹവുമായിരുന്നു അദ്ദേഹത്തിന്. ശാരീരിക അവശതകള്‍ മാറ്റിവെച്ച് മുസ്‌ലിംലീഗ് സമ്മേളനങ്ങളിലെത്തി പിന്തുണയും ഐക്യദാര്‍ഢ്യവും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം ചെന്നൈയിലെത്തി കരുണാനിധിയെ കണ്ട് കുടുംബാംഗങ്ങളോട് സംസാരിച്ചപ്പോള്‍ ആരോഗ്യം മെച്ചപ്പെടുന്നതായി സൂചനയുണ്ടായിരുന്നു. എന്നാല്‍, ചരിത്രത്തിലെ വലിയ മാതൃകയായി അദ്ദേഹം പോയിരിക്കുന്നു. ദേശീയ രാഷ്ട്രീയം വളരെ നിര്‍ണായകമായ ഒരു വഴിത്തിരിവില്‍ എത്തിനില്‍ക്കുന്ന ഘട്ടത്തിലാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പെ ഇത്തരം പ്രതിസന്ധി മുന്നില്‍ കണ്ട് പ്രതിരോധം തീര്‍ത്ത കരുണാനിധിയെ പോലൊരാള്‍ വിടവാങ്ങിയത്.
വൈവിധ്യങ്ങളുടെ മഹാഭൂമിയായ ഇന്ത്യയെ ഏക സംസ്‌കാരത്തിലേക്കും ഭാഷയിലേക്കും തളച്ചിടാനുള്ള ശ്രമങ്ങളെ ചെറുക്കുമ്പോള്‍ എന്നും വലിയ ഊര്‍ജ്ജമായി കരുണാനിധി നമുക്ക് വഴികാട്ടും. അദ്ദേഹത്തിന്റെ വിയോഗം ഡി.എം.കെക്കും തമിഴ് ജനതക്കും ഉണ്ടാക്കിയ നഷ്ടം പോലെയാണ് മുസ്‌ലിംലീഗിനുമുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ദ്രാവിഡനാടിന്റെ ജ്യോതി: ഇ.ടി
കോഴിക്കോട്: ദേശീയ രാഷ്ട്രീയത്തിന് ദ്രാവിഡ നാട് സംഭാവന ചെയ്ത അതുല്ല്യ പ്രതിഭയായിരുന്നു എം കരുണാനിധിയെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അനുസ്മരിച്ചു. ദ്രാവിഡനാട് മതേതര ചേരിക്ക് ദിശകാണിക്കാന്‍ നല്‍കിയ ജ്യോതിയായിരുന്നു അദ്ദേഹം. ഒരിക്കല്‍ പോലും തന്റെ ജനതയുടെ സംസ്‌കാരവും ഭാഷയും മേന്മയും അടിയറവെക്കാന്‍ അദ്ദേഹം തയ്യാറായില്ല.
മുസ്‌ലിംലീഗിനെ തന്റെ ഗുരുവായി കണ്ട ഖാഇദെമില്ലത്തിന്റെ പാര്‍ട്ടിയാണെന്ന് അഭിമാനത്തോടെ ആവര്‍ത്തിച്ചു. ചെറിയൊരു ഇടവേളയില്‍ ഡി.എം.കെ ബി.ജെ.പിയുമായി മുന്നണി രൂപീകരിച്ച് അദ്ദേഹം തന്നെ തളളിപറഞ്ഞ ചെറിയൊരു ഇടവേളയൊഴികെ മുസ്‌ലിംലീഗുമായി ഹൃദയ ബന്ധം കാത്തു. മുസ്‌ലിംലീഗ് സുവര്‍ണ്ണ ജൂബിലി സമ്മേളനത്തില്‍ കരുണാനിധി നടത്തിയ പ്രസംഗം ആവേശത്തോടെ ഓര്‍ക്കുന്ന ഒന്നാണ്. കലയും സാഹിത്യവും കാരുണ്യവും മുഖമുദ്രയാക്കിയ മതേതര ഇന്ത്യയുടെ മാതൃകാ രാഷ്ട്രീയ നേതാവാണ് വിടവാങ്ങിയതെന്നും ഇ.ടി അനുസ്മരിച്ചു.

കലാകാരനായ രാഷ്ട്രീയക്കാരന്‍: വഹാബ്
കോഴിക്കോട്: എഴുത്തിനെയും ചിന്തയെയും കലയെയും രാഷ്ട്രീയ ഊര്‍ജ്ജമാക്കിയ ഉള്‍കരുത്തിന്റെ പര്യായമായിരുന്നു മുത്തുവേല്‍ കരുണാനിധിയെന്ന് മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി അനുസ്മരിച്ചു.
ദ്രാവിഡ ജനതയുടെ സ്വത്വ സംരക്ഷണത്തിന് വാക്കുകളെ ആയുധമാക്കി അദ്ദേഹം. ഒരു കറുത്ത കണ്ണടക്ക് പിറകിലെ കണ്ണുകളിലൂടെ വൈവിധ്യങ്ങളെ കണ്ട് ആസ്വദിക്കുകയും ആ സൗന്ദര്യം നിലനിര്‍ത്താന്‍ പോരാടുകയും ചെയ്തു. ഭക്ഷണവും ഭാഷയും വസ്ത്രവും എല്ലാം ഒന്നാക്കാന്‍ ശ്രമിക്കുന്ന പുതിയ കാലത്ത് കരുണാനിധിയുടെ ഓര്‍മ്മകള്‍ വലിയ ആത്മധൈര്യം പകരുമെന്നും വഹാബ് അനുസ്മരിച്ചു.

മുസ്‌ലിംലീഗിന്റെ ആത്മസുഹൃത്ത്: കെ.പി.എ മജീദ്
കോഴിക്കോട്: ദ്രാവിഡ നാട്ടിന്റെ സുകൃതമായിരുന്നു എം കരുണാനിധിയെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മുസ്‌ലിംലീഗിന്റെ ആത്മസുഹൃത്തും തമിഴ്‌നാട്ടിലെ മുന്നണി നേതാവുമായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ പ്രസംഗ ശൈലി മുതല്‍ പ്രായോഗിക ഭരണ നടപടികള്‍ വരെ ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം നേടുന്നതിന് കാരണണായി. ശക്തമായ സംഘടനയും പിന്‍കാമികളും രേഖപ്പെടുത്തി വിടവാങ്ങിയ അദ്ദേഹം മതേതര പോരാട്ടത്തിന്റെ നിലക്കാത്ത ആവേഷമാകും. അണ്ണാദുരൈയില്‍ നിന്ന് അതേ സ്വഭാവ മഹിമയുള്ള ഒരാളില്‍ അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചയെത്തിയപ്പോള്‍ മുസ്‌ലിംലീഗിലേക്കും അതിന്റെ സ്‌നേഹം ഒഴുകിയതായും കെ.പി.എ മജീദ് പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: