ബംഗളൂരു: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് തെന്നിന്ത്യന്‍ സിനിമാ താരം പ്രകാശ് രാജ്. താന്‍ കോണ്‍ഗ്രസിനേക്കാളും ജെ.ഡി.എസിനേക്കാളും ആശങ്കപ്പെടുന്നത് ബി.ജെ.പിയെയാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ജെ.ഡി.എസും ചുമയും പനിയുമാണെങ്കില്‍ ബി.ജെ.പി കാന്‍സറാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനേയും ജെ.ഡി.എസിനേയും ഉചിതമായ സമയത്ത് ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒരു പാര്‍ട്ടിയേയും പിന്തുണക്കുന്നില്ല. എന്നാല്‍ വര്‍ഗീയതയിലൂടെ ഭരിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടികള്‍ക്ക് താന്‍ എതിരാണ്. നിലവില്‍ ഭരണകക്ഷിയുടെ ദേശീയ നേതാക്കള്‍ ഏകാധിപത്യ സ്വഭാവത്തില്‍ പ്രതിപക്ഷത്തെ പോലും തള്ളിയാണ് സംസാരിക്കുന്നത്. ജനങ്ങളെ സഹായിക്കാനാണ് ഇവരെ ഭരണത്തിലേറ്റിയതെന്ന് മറക്കരുതെന്നും പ്രകാശ് രാജ് പറഞ്ഞു. താന്‍ ഒരു പാര്‍ട്ടിക്കും വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെടുന്നില്ല. എന്നാല്‍ ആകെ പറയുന്നത് ബി.ജെ.പിക്ക് വോട്ടു നല്‍കരുതെന്നാണ്. ബി.ജെ.പിക്കെതിരെ പ്രവര്‍ത്തിക്കേണ്ട സമയമാണിത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളും അദ്ദേഹം തള്ളി.