X
    Categories: CultureMoreNewsViews

ബി.ജെ.പിക്കെതിരെ രാഹുലിന്റെ പടയൊരുക്കം; കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ പത്ത് സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് സഖ്യചര്‍ച്ചകള്‍ സജീവമാക്കുന്നു. സഖ്യങ്ങള്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസിന്റെ ഉന്നതതല യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. 10 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രാദേശിക പാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍, അശോക് ഗെഹലോട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.

ബീഹാര്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, അസം, പശ്ചി ബംഗാള്‍, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഓരോ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ക്ക് 30 മിനിറ്റാണ് കാര്യങ്ങള്‍ വിശദീകരിക്കാന്‍ സമയം നല്‍കിയിരിക്കുന്നത്. പ്രാദേശിക പാര്‍ട്ടികളോട് സഖ്യത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാനും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

മായാവതി, മമത ബാനര്‍ജി തുടങ്ങിയ നേതാക്കള്‍ സമാന്തരമായി സഖ്യ ചര്‍ച്ചകള്‍ നടത്തുന്നത് മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് നീക്കം. കഴിഞ്ഞ ചൊവ്വാഴ്ച ഛത്തീസ്ഗഡില്‍ മായാവതി സ്വന്തം സഖ്യം പ്രഖ്യാപിച്ചിരുന്നു. അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസുമായാണ് മായാവതിയുടെ ബി.എസ്.പി സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്നത്. മധ്യപ്രദേശിലും മായാവതി പ്രതിപക്ഷ സഖ്യത്തോട് താല്‍പര്യം പ്രകടിപ്പിക്കാതെ സ്വന്തം നിലക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: