2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വിശാലസഖ്യത്തിലൂടെ പരാജയപ്പെടുത്താനാകുമെന്ന് വിലയിരുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. മഹാസഖ്യത്തിന് കോണ്‍ഗ്രസ് തന്നെ നതൃത്വം നല്‍കും. അതിനു മുമ്പ് ബൂത്തുതലം മുതല്‍ സംഘടന ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും പ്രവര്‍ത്തകസമിതി വിലയിരുത്തി. 12 സംസ്ഥാനങ്ങളില്‍നിന്ന് പാര്‍ട്ടിക്ക് 150 സീറ്റ് നേടാനാകുമെന്നാണ് വിലയിരുത്തല്‍. ബാക്കി സീറ്റുകളില്‍ സഖ്യങ്ങളിലൂടെ മേല്‍ക്കൈ നേടാമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സോണിയയും രാഹുല്‍ ഗാന്ധിയും മന്‍മോഹന്‍ സിങ്ങും അടക്കമുള്ള നേതാക്കള്‍ നടത്തിയത്.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ്സിന്റെ സംഘടനാ, സാമ്പത്തിക കരുത്തിനെ നേരിടാന്‍ ഫലപ്രദമായ രാഷ്ട്രീയ സഖ്യങ്ങള്‍ ആവശ്യമാണെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാചാടോപം അദ്ദേഹത്തിന്റെ നിരാശയുടെ പ്രതിഫലനമാണ്. നിരാശയും ഭയവും നിറയ്ക്കുന്ന ഭരണത്തിന്‍കീഴിലാണ് ഇന്ത്യയിലെ പാവപ്പെട്ടവര്‍. രാജ്യത്തിന്റെ ജനാധിപത്യത്തെ അടിയറ വയ്ക്കുന്ന അപകടകരമായ ഭരണത്തില്‍നിന്ന് നമ്മുടെ ജനങ്ങളെ രക്ഷിക്കണം. മോദി സര്‍ക്കാരിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞെന്നും സോണിയ പറഞ്ഞു.

ബിജെപിയുടെ നേതൃത്വത്തില്‍ ഭരണഘടനാസ്ഥാപനങ്ങളും ദലിതരും പിന്നാക്കവിഭാഗങ്ങളും ആക്രമിക്കപ്പെടുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ശബ്ദമായി മാറാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ട്. കോണ്‍ഗ്രസ് ഇപ്പോള്‍ അനുഭവസമ്പത്തിന്റെയും ഊര്‍ജത്തിന്റെയും സങ്കലനമാണ്. അത് ഭൂതകാലത്തെ വര്‍ത്തമാന, ഭാവി കാലങ്ങളുമായി ബന്ധിപ്പിക്കുന്ന പാലമാണ്. താഴേത്തട്ടിലുള്ള സംഘടനാ സംവിധാനം ശക്തമാക്കണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണരണമെന്നും പീഡിതര്‍ക്കു വേണ്ടി പൊരുതണമെന്നും രാഹുല്‍ പറഞ്ഞു.