X

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഇന്ന് അധികാരത്തില്‍; പ്രതിപക്ഷ നേതാക്കള്‍ അണിനിരക്കും

 

ബിജെപിയില്‍ നിന്നു പിടിച്ചെടുത്ത മൂന്നു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്. രാജസ്ഥാന്‍ മന്ത്രിസഭയാണ് ആദ്യം അധികാരത്തിലേറുക. രാവിലെ പത്തിന് ചരിത്രപ്രസിദ്ധമായ ആല്‍ബര്‍ട്ട് ഹാളിലാണു ചടങ്ങ്. മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റും അധികാരത്തിലേറും. ചടങ്ങില്‍ പങ്കെടുക്കാന്‍ 2000 വിഐപികളെത്തും. മൊത്തം 11,000 പേരെയാണു പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കളുടെയും സാന്നിധ്യം കൊണ്ട് ചടങ്ങ് ശ്രദ്ധേയമാകുമെന്നാണു പ്രതീക്ഷ.

തുടര്‍ന്ന്, ഉച്ചയ്ക്കു 1.30ന് ഭോപാലില്‍ ജംബോരി മൈതാനത്താണു കമല്‍നാഥിന്റെ സത്യപ്രതിജ്ഞ. 15 വര്‍ഷത്തെ ബിജെപിയുടെ തേരോട്ടം അവസാനിപ്പിച്ചാണ് എഴുപത്തിരണ്ടുകാരനായ കമല്‍നാഥ് മധ്യപ്രദേശില്‍ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്നത്. ദീര്‍ഘകാലം പാര്‍ലമെന്റ് അംഗവും കേന്ദ്രമന്ത്രിയുമായിരുന്ന പരിചയവും മുഖ്യമന്ത്രി പദത്തില്‍ കമല്‍നാഥിന് മുതല്‍ക്കൂട്ടാണ്. ഭോപ്പാലിലെ ജാമ്പുരി മൈതാനത്ത് ഉച്ചയ്ക്ക് ഒന്നേകാലിനാനു സത്യപ്രതിജ്ഞ.

ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗേല്‍ വൈകിട്ട് 5 നു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നിലവില്‍ ഛത്തിസ്ഗഢ് പിസിസി അധ്യക്ഷനായ ബാഗേല്‍ സംസ്ഥാനത്തെ പ്രമുഖ ഒബിസി നേതാവാണ്. മധ്യപ്രദേശില്‍ ദിഗ്‌വിജയ് സിങ് സര്‍ക്കാരിലും വിഭജനത്തിനു ശേഷം ഛത്തീസ്ഗഡില്‍ ആദ്യമായി അധികാരത്തില്‍ എത്തിയ അജിത് ജോഗി സര്‍ക്കാരിലും മന്ത്രിയായിരുന്നു. റായ്പ്പൂരിലെ സയന്‍സ് കോളജ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്. മായാവതി, അഖിലേഷ് യാദവ്, മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു തുടങ്ങി പ്രതിപക്ഷ കക്ഷി നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങുകളില്‍ പങ്കെടുക്കും

chandrika: