X
    Categories: CultureNewsViews

‘ഇനി നീതി ലഭിക്കും’; കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ക്യാമ്പയിന്‍ ടാഗ്‌ലൈനും തീം സോങും പുറത്തിറക്കി കോണ്‍ഗ്രസ്. ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ്മയാണ് അബ് ഹോഗാ ന്യായ്(ഇനി നീതി ലഭിക്കും) എന്ന ക്യാമ്പയിന്‍ മുദ്രാവാക്യം പ്രകാശനം ചെയ്തത്. പാവങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്നതിനായി പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത ന്യൂനതം ആയ് യോജന(ന്യായ്) പദ്ധതിക്ക് രാജ്യവ്യാപകമായി ലഭിച്ച പിന്തുണയാണ് ഇതിന്റെ ചുവടു പിടിച്ചു തന്നെ ക്യാമ്പയിന്‍ ടാഗ്‌ലൈന്‍ പുറത്തിറക്കാന്‍ പ്രേരിപ്പിച്ചതെന്ന് ആനന്ദ് ശര്‍മ്മ പറഞ്ഞു.
കഴിഞ്ഞ നാലു വര്‍ഷത്തെ മോദി ഭരണത്തിലെ അന്യായത്തിന് നീതി തേടുകയാണ് രാജ്യത്തെ ജനങ്ങള്‍. നല്ല ദിനങ്ങള്‍(അഛേദിന്‍) വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവര്‍ അന്യായം മാത്രമാണ് രാജ്യത്തെ ജനങ്ങളോട് പ്രവര്‍ത്തിച്ചതെന്നും കോണ്‍ഗ്രസ് പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാനായ ആനന്ദ് ശര്‍മ്മ പറഞ്ഞു. കോണ്‍്ഗ്രസിന്റെ തെരഞ്ഞെടുപ്പ് തീം സോങും ചടങ്ങില്‍ പുറത്തിറക്കി. ജാവേദ് അക്തറിന്റെ വരികള്‍ക്ക് ചലച്ചിത്ര സംവിധായകന്‍ നിഖില്‍ അദ്വാനിയാണ് തീം സോങ് ഒരുക്കിയത്. വിദ്യാര്‍ത്ഥികളും യുവാക്കളും കര്‍ഷകരും ആദിവാസികളും സംരംഭകരും തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ ഒരു മിനുട്ട് വീഡിയോ ഫ്രൈമില്‍ എത്തിക്കുന്ന തീം സോങില്‍ നോട്ടു നിരോധനവും കാര്‍ഷിക മേഖലയിലെ തകര്‍ച്ചയും ജി.എസ്.ടിയുടെ പ്രത്യാഘാതവും അഴിമതിയും തുടങ്ങി ബി.ജെ.പി ഭരണത്തിന്റെ കെടുതികള്‍വരച്ചുകാട്ടുന്നുണ്ട്. അഡൈ്വര്‍ടൈസിങ് ഏജന്‍സിയായ പെര്‍സെപ്റ്റ് ആണ് കോണ്‍ഗ്രസിനു വേണ്ടി ടാഗ്‌ലൈന്‍ ഒരുക്കിയത്. പ്രകടന പത്രികയിലെ കോണ്‍ഗ്രസിന്റെ പ്രധാന പ്രഖ്യാപനങ്ങളായ പാവങ്ങള്‍ക്ക് 72,000 രൂപ മിനിമം വരുമാനം, തൊഴിലുറപ്പ് ദിനങ്ങള്‍ 150 ആയി ഉയര്‍ത്തും, ജി.എസ്.ടി ലളിതവല്‍ക്കരിക്കും തുടങ്ങിയ സന്ദേശങ്ങളും ടാഗ് ലൈനില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: