X
    Categories: CultureNewsViews

ആഭ്യന്തര വകുപ്പ് നോക്കുകുത്തിയാവുന്നു: തലസ്ഥാനത്ത് 40 ദിവസത്തിനിടെ നടന്നത് ആറ് കൊലപാതകങ്ങള്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും കൊലപാതകം. കടയ്ക്കാവൂരിന് സമീപം വക്കത്ത് യുവാവിനെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി. വക്കം റൈറ്റര്‍വിള സ്വദേശി കംസന്‍ എന്ന ബിനുവാണ് കൊല്ലപ്പെട്ടത്. പ്രതി സന്തോഷിനെ പൊലീസ് പിടികൂടി. നാല്‍പത് ദിവസത്തിനിടെ തലസ്ഥാനത്ത് നടക്കുന്ന ആറാമത്തെ കൊലപതകമാണിത്.
വക്കത്ത് കണ്ണമംഗലം ക്ഷേത്രോത്സവത്തിനിടെ ഉത്സവപ്പറമ്പില്‍വെച്ച് ബിനുവും സന്തോഷും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. ശനിയാഴ്ച രാത്രി ആയിരുന്നു കൊലപാതകം. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ പ്രതി സന്തോഷ് ബിനുവിനെ കല്ലിനിടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
മരിച്ച ബിനു 2008ല്‍ പ്രതി സന്തോഷിനെ വെട്ടി പരിക്കേല്‍പ്പിച്ചതിന്റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ആ കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച് ബിനു പുറത്തിറങ്ങിയശേഷം ആദ്യമായി കണ്ടുമുട്ടിയപ്പോഴാണ് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായത്. പ്രതിയും കൊല്ലപ്പെട്ട ബിനുവും നിരവധി കേസുകളില്‍ പ്രതികളാണ്. ലഹരിമരുന്ന് കടത്ത് ഉള്‍പ്പടെയുള്ള കേസുകളില്‍ ബിനു മാസങ്ങളോളം ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. സന്തോഷിനെ ഇന്നലെ പുലര്‍ച്ചെ തന്നെ പൊലീസ് പിടികൂടി.
പൊലീസ് കര്‍ശന നടപടിയുമായി മുന്നോട്ടു പോകുന്നതായി അവകാശപ്പെടുമ്പോഴും തലസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ നിയന്ത്രിക്കാനാവുന്നില്ല. കഴിഞ്ഞ 40 ദിവസത്തിനിടെ ആറാമത്തെ കൊലപാതകമാണ് ഇവിടെ നടക്കുന്നത്. കുറ്റകൃത്യങ്ങള്‍ തടയാന്‍ കരുതല്‍ തടങ്കല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നത് പരിശോധിക്കുമെന്ന് തിരുവനന്തപുരം റൂറല്‍ എസ്.പി അറിയിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: