X

‘തുടര്‍ച്ചയായി അമ്പത് വര്‍ഷം രാജ്യം ഭരിക്കും’; അമിത് ഷാക്ക് ചുട്ട മറുപടിയുമായി കോണ്‍ഗ്രസ്, കെജ്‌രിവാള്‍, അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: 2019-ല്‍ അധികാരത്തില്‍ എത്തുമെന്നും തുടര്‍ച്ചയായി 50 വര്‍ഷം കൂടി ബി.ജെ.പി ഇന്ത്യ ഭരിക്കുമെന്നും പറഞ്ഞ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് ചുട്ട മറുപടിയുമായി കോണ്‍ഗ്രസ്സും കെജ്‌രിവാളും അഖിലേഷ് യാദവും രംഗത്ത്. അടുത്ത അമ്പത് വര്‍ഷം ബി.ജെ.പി ഭരിക്കുമെന്നത് അവരുടെ പകല്‍ക്കിനാവാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

അത് അവരുടെ പകല്‍ക്കിനാവാണ്. 2019-ല്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്നതും അടുത്ത അമ്പത് വര്‍ഷം കൂടി രാജ്യം ബി.ജെ.പി ഭരിക്കുമെന്നതും അവരുടെ പകല്‍ക്കിനാവുകള്‍ മാത്രമാണ്. അമ്പത് വര്‍ഷം ഇന്ത്യ ഭരിക്കാന്‍ ഇന്ത്യ ഉത്തരകൊറിയ അല്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു.

ജനാധിപത്യത്തെ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന ചിലര്‍ അവര്‍ രാജ്യത്തിന്റെ ഭരണഘടനയെ തങ്ങളുടെ കാല്‍ക്കീഴില്‍ വെക്കാനും അതിന്റെ മൂല്യങ്ങള്‍ തകര്‍ക്കാനും ശ്രമിക്കും. അത്തരം അഹങ്കാരികള്‍ക്കും ഭരണാധികാരികള്‍ക്കും മാത്രമേ 50 വര്‍ഷത്തെ ഭരണം നടത്താന്‍ കഴിയൂ. മാധ്യമപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമൊപ്പം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജനങ്ങളും ഉള്ളതിനാല്‍ ഇന്ത്യക്ക് ഉത്തരകൊറിയയെപ്പോലെ ആവാന്‍ കഴിയില്ല. അധികാരത്തില്‍ നിന്ന് നിങ്ങളെ കൊണ്ടുവരാന്‍ സമയം എടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

2019-ല്‍ അധികാരത്തിലെത്തിയതിനു ശേഷം പിന്നീടൊരിക്കലും സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയാത്തവിധം ഭരണഘടന ഭേദഗതി ചെയ്യാനായിരിക്കും ബി.ജെ.പി ശ്രമമെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളും പറഞ്ഞു.

അമ്പത് വര്‍ഷം പോയിട്ട് അമ്പത് ആഴ്ച്ചകള്‍ കൊണ്ട് ബി.ജെ.പിക്ക് ജനം മറുപടി നല്‍കുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. അധികാരത്തിലെത്തി ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടത്താനും ജനങ്ങളുടെ വോട്ടവകാശം എടുത്തുകളായാനുമായിരിക്കും ബി.ജെ.പി ശ്രമിക്കുക. ബി.ജെ.പിക്കാരുടെ ധാര്‍ഷഠ്യമനോഭാവമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഇത് ബി.ജെ.പിയുടെ സ്വപ്‌നമാണെന്നും അവരുടെ മുഴുവന്‍ ആത്മവിശ്വാസവും ഇലക്ട്രോണിക് വോട്ടിങ് മെഷീനിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി ദേശിയ നിര്‍വാഹക സമിതി യോഗത്തിലായിരുന്നു അമിത് ഷായുടെ പ്രസ്താവന. പ്രതിപക്ഷം അര്‍ബന്‍ നക്‌സലുകള്‍ക്ക് സഹായം നല്‍കുകയാണ്. പ്രധാനമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തുന്നവരെ സഹായിക്കുകയാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. യോഗത്തില്‍ പ്രതിപക്ഷ കക്ഷികള്‍ക്കെതിരെ മോദിയും വിമര്‍ശനം ഉന്നയിച്ചിരുന്നു.

chandrika: