X

റഫാല്‍ അഴിമതി: അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വിജിലന്‍സ് കമ്മീഷന്‍ കണ്ടു

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലെ അഴിമതിയില്‍ കേന്ദ്രസര്‍ക്കാറിനെതിരായ നീക്കം കോണ്‍ഗ്രസ് ശക്തമാക്കുന്നു. ഇടപാടില്‍ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധിസംഘം കേന്ദ്ര വിജിലന്‍സ് കമ്മീഷ(സി.വി.സി)നെ സമീപിച്ചു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ സംഘമാണ് വിജിലന്‍സ് കമ്മീഷണര്‍ കെ.വി ചൗധരിക്ക് നിവേദനം കൈമാറിയത്.

റഫാല്‍ കരാര്‍ പ്രതിരോധ മേഖലയില്‍ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് ആരോപിക്കുന്ന നിവേദനത്തില്‍ കരാറിനെക്കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും പ്രതിരോധ മന്ത്രാലയം പ്രതികരിക്കാന്‍ വിസമ്മതിക്കുന്നത് അഴിമതിയുണ്ടെന്നതിന്റെ തെളിവാണെന്ന് ചൂണ്ടിക്കാണിക്കുന്നു. കരാറില്‍ അഴിമതിയുടെ ദുര്‍ഗന്ധമുണ്ടെന്നും കമ്മീഷന്റെ ഉചിതമായ ഇടപെടല്‍ വേണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

റഫാല്‍ കരാര്‍ ഓഡിറ്റ് വിധേയമാക്കണമെന്ന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ രാജീവ് മഹര്‍ഷിയെ കോണ്‍ഗ്രസ് പാര്‍ട്ടിസമീപിച്ചതിനു പിന്നാലെയാണ് സി.വി.സിയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്.

റഫാല്‍ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട്ട് അവ്യക്തതകള്‍ നീക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാറും പെടാപാട് പെടുന്നതിനിടെ ഫ്രഞ്ച് മുന്‍ പസിഡണ്ട് ഫ്രാന്‍സ്വ ഒലാന്ദ് നടത്തിയ വെളിപ്പെടുത്തല്‍ ബി.ജെ.പി സര്‍ക്കാറിന്റെ മേല്‍ ഇടിത്തീയായി വര്‍ഷിച്ചിരിക്കുകയാണ്. തന്റെ നിലപാടില്‍ നിന്ന് ഒലാന്ദ് പിന്നീട് പിറകോട്ട് പോയെങ്കിലും ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിന് അടിവരയിടുന്നതാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സിനെ റഫാല്‍ ഇടപാടില്‍ ബിസിനസ് പങ്കാളിയാക്കിയത് ഇന്ത്യാ ഗവണ്മെന്റിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും നിര്‍ദേശം സ്വീകരിക്കുകയല്ലാതെ മറ്റു പോംവഴികളൊന്നും ഫ്രഞ്ച് സര്‍ക്കാറിന്റെ മുന്നിലുണ്ടായിരുന്നില്ലെന്നുമാണ്, കരാര്‍ ഒപ്പിടുമ്പോള്‍ ഫ്രഞ്ച് പ്രസിഡണ്ടായിരുന്ന ഒലാന്ദ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇടപാടില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധി സംഘം ഭരണഘടനാ സ്ഥാപനമായ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറലിനെ കണ്ട ഉടനെയുണ്ടായ പുതിയ വെളിപ്പെടുത്തല്‍ പ്രതിപക്ഷത്തിന്റെ നീക്കങ്ങള്‍ക്ക് ശക്തി പകരുമെന്ന കാര്യം ഉറപ്പാണ്.

chandrika: