X
    Categories: CultureMoreNewsViews

രാംലീല മൈതാനിയില്‍ പരസ്യ സംവാദത്തിന് തയ്യാറുണ്ടോ? അമിത് ഷായെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മോദി സര്‍ക്കാരിനെയും ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെയും താരതമ്യപ്പെടുത്തിയുള്ള അമിത് ഷായുടെ അധിക്ഷേപത്തിന് മറുപടിയായാണ് പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കെജ്‌രിവാള്‍ രംഗത്തെത്തിയത്. രാംലീല മൈതാനിയില്‍ ബി.ജെ.പി റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ വിമര്‍ശം. മൂന്നര വര്‍ഷത്തെ ഭരണത്തില്‍ ആം ആദ്മി പാര്‍ട്ടി ന്യൂഡല്‍ഹിയില്‍ വികസനത്തെ തടയുകയാണെന്ന് അമിത്ഷാ ആരോപിച്ചു. കെജ്‌രിവാളിന്റെ ഒരേയൊരു മന്ത്രം കള്ളം പറയുക എന്നതാണെന്നും, തുടര്‍ച്ചയായി മനപ്പൂര്‍വം ഇത് തന്നെ ആവര്‍ത്തിക്കുകയാണെന്നും അമിത് ഷാ പറഞ്ഞിരുന്നു.

തുടര്‍ന്നാണ് അമിത് ഷാക്ക് മറുപടിയുമായി കെജ്‌രിവാള്‍ രംഗത്തെത്തിയത്. ‘കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ മോദിജി ചെയ്തതിനേക്കാള്‍ പത്ത് മടങ്ങ് കൂടുതല്‍ കാര്യങ്ങല്‍ ഞങ്ങളുടെ ഗവണ്‍മെന്റ് ചെയ്തിട്ടുണ്ട്. മോദിയുടെ ജനവിരുദ്ധവും തെറ്റായ പ്രവര്‍ത്തനങ്ങളും നോക്കൂ. എന്നാല്‍ ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തനത്തിലും ഞങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല- കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ മോദി ഭരണകൂടം ഡല്‍ഹിക്ക് വേണ്ടി 13.8 കോടി രൂപ ചെലവഴിച്ചതായി ബി.ജെ.പി അധ്യക്ഷന്‍ അവകാശപ്പെടുകയുണ്ടായി. എന്നാല്‍ നഗരത്തിലെ ശുചിത്വ നിലവാരവും നിയമപരമായ സ്ഥിതിഗതികളും മോശമാവുകയാണ് ചെയ്തത്. ബി.ജെ.പി. നിയന്ത്രിത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലാണ് ഡല്‍ഹിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍. പോലീസ് ഉദ്യോഗസ്ഥരും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലാണ്.

‘ഡല്‍ഹിയിലെ ജനങ്ങള്‍ നിങ്ങള്‍ക്ക് രണ്ട് ചുമതലകളാണ് നല്‍കിയിട്ടുള്ളത്, പൊലീസ് വകുപ്പും ശുചീകരണവും. എന്നാല്‍ അവ രണ്ടും നിങ്ങള്‍ അത്യധികം മോശമാക്കി. ഡല്‍ഹിയെ വൃത്തിയാക്കി നിലനിര്‍ത്താനോ അല്ലെങ്കില്‍ പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ ശരിയായ രീതിയില്‍ നടപ്പാക്കാനോ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. അതേസമയം ഡല്‍ഹിയിലെ ജനങ്ങളുടെ വൈദ്യുതി, വെള്ളം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുടെ ഉത്തരവാദിത്വം ഞങ്ങള്‍ ഏറ്റെടുത്തിരുന്നു. ഈ മേഖലകളിലെ പ്രകടനത്തെ ലോകം പുകഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു.. വരൂ, ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മുന്നില്‍ രാംലീല മൈതാനത്ത് ഒരു പൊതു സംവാദം നടത്താം- കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: